രവീന്ദ്ര ജദേജ

ടീം മാറുമെന്ന റിപ്പോർട്ടുകൾക്കിടെ ജദേജയുടെ ഇന്‍സ്റ്റ അക്കൗണ്ട് അപ്രത്യക്ഷം; താരത്തെ വിട്ടുകളയരുതെന്ന് റെയ്ന

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിൽനിന്ന് താരകൈമാറ്റതതിലൂടെ രാജസ്ഥാൻ റോയൽസിലെത്തുമെന്ന റിപ്പോർട്ടുകൾക്കിടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തത് ഓൾറൗണ്ടർ രവീന്ദ്ര ജദേജ. സഞ്ജു സാംസണെ വിട്ടുകിട്ടാനായി ചെന്നൈ ജദേജയെ വിട്ടുനൽകുമെന്ന വാർത്തകൾക്കിടെയാണ് അക്കൗണ്ട് അപ്രത്യക്ഷമായത്. ട്രേഡ് ഡീൽ സംബന്ധിച്ച് ഫ്രാഞ്ചൈസികളോ താരങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നവംബര്‍ 15നാണ് നിലനിര്‍ത്തുന്നതും ഒഴിവാക്കുന്നതുമായ താരങ്ങളുടെ ലിസ്റ്റ് ഐ.പി.എൽ ഗവേണിങ് ബോഡിക്ക് നൽകാനുള്ള അവസാന ദിവസം.

ഡീലുമായി ബന്ധപ്പെട്ട് ഇരു ടീമുകളും താരങ്ങളും ധാരണയിലെത്തിയെന്ന് ഇ.എസ്.പി.എൻ ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. സഞ്ജുവിനെ വിട്ടുനൽകാന്‍ ജദേജക്കൊപ്പം മറ്റൊരു താരത്തെ കൂടി വേണമെന്ന് ചെന്നൈ ഫ്രാഞ്ചൈസിയോട് രാജസ്ഥാൻ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാം കറനെയോ മതീഷ പതിരണയെയോ വിട്ടുനൽകണമെന്നാണ് ആവശ്യം. ഇതിൽ ചർച്ച പുരോഗമിക്കുകയാണ്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിനാണ് ഇരു ​ഫ്രാഞ്ചൈസികളും ഒരുങ്ങുന്നത്.

അതേസമയം ചെന്നൈ നിലനിർത്തുന്ന താരങ്ങളുടെ കൂട്ടത്തിൽ ജദേജയും ഉണ്ടായിരിക്കണമെന്നാണ് മുൻ താരം സുരേഷ് റെയ്നയുടെ അഭിപ്രായം. എം.എസ്. ധോണി, ഋതുരാജ് ഗെയ്ക്വാദ്, നൂർ അഹ്മദ് എന്നിവർക്കൊപ്പം ജദേജയേയും അടുത്ത സീസണിലേക്ക് നിലനിർത്തണമെന്നാണ് റെയ്നയുടെ അഭിപ്രായം. ഓരോ സീസണിലും ജദേജയുടെ പ്രകടനം കൂടുതൽ മികച്ചതാകുന്നുവെന്നും റെയ്ന സ്റ്റാർ സ്പോർട്സിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

എന്നാൽ ട്രേഡ് ഡീലുമായി സംബന്ധിച്ച് ഇരു ടീമുകളും കളിക്കാരുമായി സംസാരിച്ച് ധാരണയിലെത്തിയെന്നാണ് വിവരം. ഇനി കളിക്കാരുടെ സമ്മതപത്രം ഐ.പി.എൽ ഗവേണിങ് കൗൺസിന് മുമ്പാകെ സമർപ്പിച്ച് അന്തിമ കരാറിന് വേണ്ടിയുള്ള ചർച്ചകൾ തുടരും. സഞ്ജു സാംസണും ​ജദേജയും ദീർഘകാലമായി തങ്ങളുടെ ഫ്രാഞ്ചൈസികളിൽ തുടരുകയാണ്. ഐ.പി.എൽ മെഗാലേലത്തിലും ഇരുവർക്കും ടീം മാറ്റമുണ്ടായിട്ടില്ല. രാജസ്ഥാൻ റോയൽസുമായി പതിറ്റാണ്ട് പിന്നിട്ട ബന്ധമാണ് സഞ്ജുവിനുള്ളത്. 2013 മുതൽ 11 സീസണുകളിലായി താരം രാജസ്ഥാനുവേണ്ടി കളിച്ചു.

2013ലാണ് സഞ്ജു സാംസൺ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ചത്. 2014 സീസണിന് മുന്നോടിയായി സഞ്ജുവിനെ രാജസ്ഥാൻ പ്രധാന താരമായി നിലനിർത്തുകയും ചെയ്തു. 2018ൽ ടീം സസ്​പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ടീമിൽ സഞ്ജു സാംസൺ ഉണ്ടായിരുന്നു. പിന്നീട് 2021ൽ സഞ്ജു ടീമിന്റെ ക്യാപ്റ്റനായി. സഞ്ജുവിന് കീഴിലാണ് രാജസ്ഥാൻ റോയൽസ് 2008ന് ശേഷം ആദ്യമായി ഫൈനൽ കളിച്ചത്. സഞ്ജു ക്യാപ്റ്റനായ 67 മത്സരങ്ങളിൽ 33 എണ്ണത്തിൽ വീതം രാജസ്ഥാൻ ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. 2025 സീസൺ കഴിഞ്ഞതിന് പിന്നാലെ തന്നെ ടീമിൽനിന്ന് പോകാനുളള സന്നദ്ധത സഞ്ജു സാംസൺ അറിയിച്ചിരുന്നു.

2012 മുതൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് രവീന്ദ്ര ​ജദേജ കളിക്കുന്നത്. ടീമിന് വിലക്ക് കിട്ടിയ 2016, 2017 സീസണുകളിൽ ​ജദേജ കളിച്ചിരുന്നില്ല. 2025ൽ ഋതുരാജ് ഗെയ്ക്‍വാദ്, എം.എസ്.ധോണി തുടങ്ങിയവർക്കൊപ്പം 18 കോടിക്കാണ് ജദേജയെ ചെന്നൈ നിലനിർത്തിയത്. ടീമിന്റെ അഞ്ച് കിരീടനേട്ടങ്ങളിൽ മൂന്നിലും ജദേജ പങ്കാളിയായി. 2023 ഐ.പി.എൽ ഫൈനലിൽ താരത്തിന്‍റെ മികച്ച പ്രകടനമാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. 2008ൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ചാണ് ജദേജ ഐ.പി.എൽ കരിയർ തുടങ്ങിയത്. 2010 വരെ ടീമിൽ തുടർന്നു. ഇതിനിടെ സസ്​പെൻഷൻ ലഭിച്ചതിനെ തുടർന്ന് ഒരു സീസൺ കളിക്കാനായില്ല. പിന്നീട് കൊച്ചി ടസ്കേഴ്സ് കേരളയിൽ കളിച്ചാണ് ചെന്നൈയിൽ എത്തിയത്.

Tags:    
News Summary - Ravindra Jadeja's Speculated Instagram Act Stumps All Amid CSK Exit Talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.