അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) 156 റൺസ് വിജയലക്ഷ്യം. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്.
മോശം തുടക്കമായിരുന്നു ഗുജറാത്തിന്റേത്. ടീം സ്കോർ 26-ൽ എത്തുമ്പോഴേക്കും ഓപ്പണർമാരായ സായ് സുദർശനെയും (12) ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയും (10) നഷ്ടമായി. തുടർന്നെത്തിയ നിശാന്ത് സിന്ധു (20), ജോസ് ബട്‌ലർ (19) എന്നിവർ ചേർന്ന് ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും, റാസിഖ് സലാം ദർ ഗുജറാത്തിനെ സമ്മർദ്ദത്തിലാക്കി.
വാഷിംഗ്ടൺ സുന്ദറിന്റെ പോരാട്ടമാണ് ഗുജറാത്തിനെ 150 കടത്തിയത്. 37 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്ന സുന്ദറാണ് ടീമിന്റെ ടോപ് സ്കോറർ. അർഷദ് ഖാൻ (15), രാഹുൽ തെവാട്ടിയ (7), ജേസൺ ഹോൾഡർ (7), റാഷിദ് ഖാൻ (7) എന്നിവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. കഗിസോ റബാദ (3) സുന്ദറിനൊപ്പം ക്രീസിലുണ്ടായിരുന്നു.
ആർ.സി.ബിക്ക് വേണ്ടി റാസിഖ് സലാം ദർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി ഗുജറാത്തിന്റെ റൺവേട്ടയെ വരിഞ്ഞുമുറുക്കി. കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ ആർസിബി നിലനിർത്തിയപ്പോൾ, ഗുജറാത്ത് ഒരു മാറ്റം വരുത്തി. സായ് കിഷോറിന് പകരം അർഷദ് ഖാനെ ടീമിൽ ഉൾപ്പെടുത്തി. ലീഗ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഓരോ ജയം വീതം പങ്കിട്ടിരുന്നു. ആദ്യ ക്വാളിഫയറിൽ രജത് പാടിദാറിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് ആർസിബി ഗുജറാത്തിനെ വീഴ്ത്തിയത്. സിറാജ്-റബാഡ സഖ്യത്തിന്റെ ഓപ്പണിങ് സ്പെൽ ഗുജറാത്തിന് നിർണ്ണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.