രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയെ അഭിനന്ദിക്കുന്ന വിരാട് കോഹ്‌ലി
അഹ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് ബൗളർ അർഷദ് ഖാൻ ഫൈനലിലെ 18ാം ഓവറിൽ എറിഞ്ഞ അവസാന പന്ത് സിക്സറിന് പറത്തി വിരാട് കോഹ്‌ലി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തുടർച്ചയായ രണ്ടാം ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സമ്മാനിച്ചപ്പോൾ അത് ചരിത്രപുസ്തകത്തിൽ സുവർണാക്ഷരങ്ങളാൽ എഴുതപ്പെട്ട ഒരു ക്ലാസിക് അധ്യായമായി മാറി. പ്രായം അദ്ദേഹത്തിന്റെ ബാറ്റിന്റെ മൂർച്ച കൂട്ടിയിട്ടേയുള്ളൂ എന്ന് തെളിയിക്കുന്നതായിരുന്നു 37കാരന്റെ ഇന്നിങ്സ്. രാജസ്ഥാൻ റോയൽസിന്റെ നിരയിൽ നിന്ന് ഉദിച്ചുയർന്ന 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയാണ് ഈ സീസണിലെ മറ്റൊരു അത്ഭുതം. അസാധാരണ ബാറ്റിങ് കരുത്തോടെ 776 റൺസ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ്പടക്കം അഞ്ച് വൻ പുരസ്കാരങ്ങളും ആ കൗമാരക്കാരൻ സ്വന്തമാക്കിയപ്പോൾ അതൊരു പുതിയ യുഗത്തിന്റെ വിളംബരമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ കോഹ്‌ലി ഒഴിച്ചിടുന്ന സിംഹാസനത്തിലേക്ക് ആരെന്ന വ്യക്തമായ സൂചനയും വൈഭവ് നൽകിക്കഴിഞ്ഞു.
ഫൈനലിൽ ഗുജറാത്ത് കുറിച്ച 156 റൺസ് വിജയ ലക്ഷ്യത്തിലേക്ക് അനായാസം ആർ.സി.ബി എത്തിയത് കോഹ്‌ലിയിലേറിയായിരുന്നു. ഒമ്പത് ഫോറും മൂന്ന് സിക്സും നേടി 42 പന്തിൽ 75 റൺസുമായി പുറത്താവാതെനിന്നു ഓപണർ. സഹ ഓപണർ വെങ്കടേശ് അയ്യർ 16 പന്തിൽ 32ഉം നായകൻ രജത് പാടിദാർ 13 പന്തിൽ 15ഉം ടിം ഡേവിഡ് 17 പന്തിൽ 24ഉം റൺസ് ചേർത്തു. കോഹ്‌ലിയാണ് ഫൈനലിലെ താരം. 16 മത്സരങ്ങളിൽ ആകെ 675 റൺസാണ് കോഹ്‌ലിയുടെ ബാറ്റിൽനിന്ന് പിറന്നത്.
വിജയത്തിന്റെ മധുരത്തിനൊപ്പം തീരാനോവിന്റെ കറുത്ത നിഴലും ആർ.സി.ബിയുടെ നെഞ്ചിലുണ്ടായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരിസരത്ത് പൊലിഞ്ഞുപോയ 11 ജീവനുകളുടെ ഓർമകൾ കിരീടത്തിനുമേൽ പ്രാർഥനയായി പെയ്തിറങ്ങി. കിരീടനേട്ടം അവർക്കായി സമർപ്പിച്ചു പാടിദാർ. മത്സരശേഷമുള്ള വാർത്തസമ്മേളനത്തിൽ സംസാരിച്ച പാടിദാർ, അവരെ വെറുമൊരു ‘ആരാധകർ’ എന്ന് വിളിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ തങ്ങളുടെ ‘കുടുംബാംഗങ്ങൾ’ തന്നെയായിരുന്നു എന്നും കൂട്ടിച്ചേർത്തു. മരിച്ചവരോടുള്ള ആദരാർഥം ഇത്തവണ ആഘോഷങ്ങൾ ഇൻഡോർ ആക്കി ചുരുക്കിയിട്ടുണ്ട്.
16 മത്സരങ്ങളിൽ വൈഭവ് നേരിട്ടത് 327 പന്തുകളാണ്. 237.30 സ്ട്രൈക്ക് റേറ്റിൽ പിറന്നത് 776 റൺസും. ഒരു സെഞ്ച്വറിയും അഞ്ച് അർധ ശതകങ്ങളും നേടി. അഞ്ച് അർധശതകങ്ങളിൽ മൂന്നെണ്ണം 97, 96, 93 എന്നിങ്ങനെ സ്കോറുകളായിരുന്നു. നാല് സെഞ്ച്വറികളുമായി മറ്റൊരു ചരിത്രം കുറിക്കാനുള്ള അവസരമാണ് തലനാരിഴക്ക് നഷ്ടമായത്. മോസ്റ്റ് വാല്യുബിൾ പ്ലെയർ (സീസണിലെ മികച്ച താരം), എമർജിങ് പ്ലെയർ ഓഫ് ദ സീസൺ (വളർന്നുവരുന്ന താരം), സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസൺ, സൂപ്പർ സിക്സസ് ഓഫ് ദ സീസൺ (ഏറ്റവും കൂടുതൽ സിക്സറുകൾ -71) എന്നീ പുരസ്കാരങ്ങൾ സൂര്യവംശി നേടി. സിക്സർ എക്കാലത്തെയും റെക്കോഡാണ്.
മത്സരശേഷം സൂര്യവംശിയെ കോഹ്‌ലി ചേർത്തുപിടിച്ചത് ഈ ഐ.പി.എല്ലിലെ ഏറ്റവും മനോഹരമായ ദൃശ്യമായിരുന്നു. മുതിർന്ന ഗുരുവിനെ വണങ്ങുന്ന ശിഷ്യന്റെ ആദരവോടെ വൈഭവ് കൈകൂപ്പിയപ്പോൾ, സ്നേഹത്തോടെ അവനെ തോളിൽ കൈയിട്ട് അഭിനന്ദിച്ച കോഹ്‌ലി, യഥാർഥത്തിൽ ക്രിക്കറ്റിന്റെ ഭാവി ആ കൗമാരക്കാരന്റെ കൈകളിലേക്ക് ഏൽപിക്കുകയായിരുന്നു. കോഹ്‌ലി ഒപ്പിട്ടുനൽകിയ തൊപ്പിയുമുണ്ടായിരുന്നു വൈഭവിന്റെ പക്കൽ. ‘ഡിയർ വൈഭവ്, വെൽ ഡൺ’ എന്നാണ് വിരാട് അതിൽ കുറിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.