‘കോഹ്ലിയും രോഹിത്തും കരയുകയായിരുന്നു...’; ഹൃദയഭേദകമായ രംഗം വെളിപ്പെടുത്തി ആർ. അശ്വിൻ

മുംബൈ: ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയയോട് തോറ്റതിനു പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമക്കും സൂപ്പർ ബാറ്റർ വിരാട് കോഹ്ലിക്കും കണ്ണുനീർ നിയന്ത്രിക്കാനായില്ലെന്ന് ടീം അംഗമായിരുന്ന സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. അഹ്മദാബാദിലെ തിങ്ങിനിറഞ്ഞ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആരാധകരെ നിരാശരാക്കി ആറു വിക്കറ്റിനാണ് ഇന്ത്യ ഓസീസിനു മുന്നിൽ കീഴടങ്ങിയത്.

ലീഗ് റൗണ്ടിൽ ഒമ്പതിൽ ഒമ്പത് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയ ടീം, ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് കലാശപ്പോരിലെത്തുന്നത്. തകർപ്പൻ ഫോമിലുള്ള രോഹിത്തും സംഘവും ഇത്തവണ കിരീടം ഉയർത്തുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു ആരാധകരും ക്രിക്കറ്റ് ലോകവും. എന്നാൽ, മൂന്നാം ലോക കിരീടമെന്ന ഇന്ത്യയുടെ സ്വപ്നം പാറ്റ് കമ്മിൻസും കൂട്ടരും തല്ലികെടുത്തുന്നതാണ് കണ്ടത്.

ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുന്നതിനിടെയാണ് ടീം അംഗങ്ങളിൽ തോൽവി ഏൽപിച്ച ആഘാതം അശ്വിൻ വെളിപ്പെടുത്തിയത്. ‘അതെ, ഞങ്ങളെ ഒരുപാട് വേദനിപ്പിച്ചു. രോഹിത്തും കോഹ്ലിയും കരയുകയായിരുന്നു. അതു കണ്ടുനിന്ന ഞങ്ങൾക്ക് വല്ലാത്ത വിഷമം തോന്നി. ഒട്ടും പ്രതീക്ഷിച്ചില്ല. അനുഭവപരിചയമുള്ള ടീമായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവർക്കും അറിയാമായിരുന്നു. പിന്നെ, അത് പ്രഫഷണൽ ആയിരുന്നു. എല്ലാവർക്കും അവരുടെ റോളുകളും സന്നാഹങ്ങളും അറിയാമായിരുന്നു’ -അശ്വിൻ അഭിപ്രായപ്പെട്ടു.

നായകനെന്ന നിലയിലുള്ള രോഹിത്തിന്‍റെ പ്രകടനത്തെയും പ്രവർത്തനങ്ങളെയും ഓഫ് സ്പിന്നർ വാനോളം പ്രശംസിച്ചു. ഉറക്കം പോലും കളഞ്ഞാണ് ടീം യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ എം.എസ്. ധോണി മികച്ച ക്യാപ്റ്റന്മാരിലൊരാളാണെന്നാണ് എല്ലാവരും പറയുന്നത്. രോഹിത് ശർമ ഒരു മികച്ച വ്യക്തിയാണ്. ടീമിലെ ഓരോ അംഗത്തെയും അദ്ദേഹം അടുത്തറിയുന്നു, ഓരോരുത്തരുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും എന്താണെന്ന് മനസ്സിലാക്കും. ഓരോ അംഗത്തെയും വ്യക്തിപരമായി അറിയാൻ പരിശ്രമിക്കുന്നു. ഉറക്കം പോലും ഉപേക്ഷിച്ചാണ് ടീം യോഗങ്ങളിൽ പങ്കെടുക്കുന്നതെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

ഡിസംബറിലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽനിന്ന് കോഹ്ലി വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രോഹിത്തിന്‍റെ കാര്യവും സംശയത്തിലാണ്.

Tags:    
News Summary - Ravichandran Ashwin Reveals Heartbreaking Scenes After Team India's CWC 2023 Final Loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.