‘കോഹ്ലി കുറച്ചു വർഷം കൂടി കളിക്കും, രോഹിത്തിന് വിരമിക്കാനുള്ള സമയമായി’; മെൽബണിലെ തോൽവിക്കു പിന്നാലെ തുറന്നടിച്ച് മുൻ പരിശീലകൻ

മെൽബൺ: ആസ്ട്രേലിയക്കെതിരായ ബ്രിസ്ബെയ്ൻ ടെസ്റ്റിനു പിന്നാലെ വെറ്ററൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരക്കു പിന്നാലെ ഓൾഡ് ഗ്യാങ്ങിലെ മറ്റു താരങ്ങളും വിരമിക്കുമെന്ന അഭ്യൂഹം ഇതോടെ ശക്തമായി. പരമ്പരയിൽ മോശം ഫോമിലുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരെ ചുറ്റിപ്പറ്റിയായിരുന്നു അഭ്യൂഹങ്ങൾ.

പ്രതിഭയുള്ള യുവതാരങ്ങൾ പുറത്ത് അവസരത്തിനായി കാത്തിരിക്കുന്ന പശ്ചാത്തലത്തിൽ, ഇന്ത്യൻ ക്രിക്കറ്റ് തലമുറ മാറ്റത്തിന് തയാറെടുക്കുന്നുവെന്ന തരത്തിൽ വരെ റിപ്പോർട്ടുകൾ വന്നു. മെൽബണിലും സീനിയർ താരങ്ങൾ നിരാശപ്പെടുത്തിയതോടെ ഇന്ത്യ അനിവാര്യമായ തോൽവി ഏറ്റുവാങ്ങി. ഒരു ദിവസം കൈയിലിരിക്കെ, 340 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 155 റൺസിന് ഓൾ ഔട്ടായി. 184 റൺസിന്‍റെ തോൽവി. ഇതോടെ പരമ്പരയിൽ 2-1ന് ഓസീസ് മുന്നിലെത്തി. 40 പന്തുകൾ നേരിട്ട രോഹിത് ഒമ്പത് റൺസെടുത്ത് പുറത്തായി. പരമ്പരയിൽ അഞ്ചു ഇന്നിങ്സുകളിലുമായി 31 റൺസ് മാത്രമാണ് രോഹിത്തിന്‍റെ സമ്പാദ്യം. 6.20 ആണ് ശരാശരി. ആസ്ട്രേലിയൻ മണ്ണിൽ താരത്തിന്‍റെ ഏറ്റവും മോശം പ്രകടനം. പെർത്തിൽ സെഞ്ച്വറി നേടിയത് മാറ്റിനിർത്തിയാൽ ഏഴ്, 11, മൂന്ന്, 36, അഞ്ച് എന്നിങ്ങനെയാണ് കോഹ്ലിയുടെ മറ്റു ഇന്നിങ്സുകളിലെ പ്രകടനം.

അതേസമയം, കോഹ്ലിക്ക് ടെസ്റ്റ് ക്രിക്കറ്റിൽ കുറച്ചുവർഷം കൂടി കളിക്കാനാകുമെന്നാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി അഭിപ്രായപ്പെട്ടത്. രോഹിത്തിന് വിരമിക്കാനുള്ള സമയമായെന്നും മുൻ ഇന്ത്യൻ താരം കൂടിയായ ശാസ്ത്രി തുറന്നുപറഞ്ഞു. ‘വിരാട് കോഹ്ലി കുറച്ചുകാലം കൂടി കളിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ പുറത്തായ രീതി മറന്നേക്കുക, അത് എന്തുമാകട്ടെ. മൂന്നു-നാലു വര്‍ഷം കൂടി വിരാട് കോഹ്ലിക്ക് കളിക്കളത്തില്‍ തുടരാന്‍ സാധിച്ചേക്കും. എന്നാല്‍, രോഹിത് ശര്‍മയുടെ കാര്യം അതല്ല. ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മയുടെ ഫുട് വര്‍ക്ക് ഫലപ്രദമായി അല്ല കണ്ടുവരുന്നത്. വിരമിക്കലിനുള്ള സമയം അടുത്തിരിക്കുന്നു. പന്ത് നേരിടുന്നതില്‍ രോഹിത് ശര്‍മ അല്‍പം താമസം നേരിടുന്നുണ്ട്. ഈ പരമ്പരക്കുശേഷം എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് രോഹിത് തന്നെയാണ്’ -രവി ശാസ്ത്രി പറഞ്ഞു.

രോഹിത് ശർമക്കു കീഴിൽ കഴിഞ്ഞ ആറു ടെസ്റ്റുകളിലും ഇന്ത്യക്ക് ജയിക്കാനായിട്ടില്ല. നാട്ടിൽ ന്യൂസിലൻഡിനോട് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് നേരിട്ടത്. മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര കീവീസ് തൂത്തുവാരി. സെപ്റ്റംബറിൽ ബ്ലംഗ്ലേദേശിനെതിരായ ടെസ്റ്റ് മുതൽ ഇതുവരെ 15 ഇന്നിങ്സുകളിൽനിന്നായി 164 റൺസാണ് 37കാരനായ രോഹിത്തിന് നേടാനായത്. 10.93 ആണ് ശരാശരി.

Tags:    
News Summary - Ravi Shastri's blunt verdict amid retirement rumours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.