‘ബുംറയെ നായകനാക്കരുത്...’; ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനെ നിർദേശിച്ച് രവി ശാസ്ത്രി

മുംബൈ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ നായകൻ ആരാകുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. രോഹിത് ശർമ ടെസ്റ്റിൽനിന്നു അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബി.സി.സി.ഐ പുതിയ ക്യാപ്റ്റനായുള്ള ചർച്ചകൾ തുടങ്ങിയത്.

ഇംഗ്ലണ്ടിനെതിരെ ജൂണിൽ ടെസ്റ്റ് പരമ്പര നടക്കുന്നതിനാൽ നായകനെ ഉടൻ കണ്ടെത്തണം. 2025-2027 ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. പരമ്പരക്കുള്ള ടീമിനെയും പുതിയ നായകനെയും ഒരുമിച്ചായിരിക്കും പ്രഖ്യാപിക്കുക. യുവതാരം ശുഭ്മൻ ഗിൽ, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, പേസർ ജസ്പ്രീത് ബുംറ എന്നിവരിലൊരാൾ രോഹിത്തിന്റെ പിൻഗാമിയാകുമെന്നാണ് സൂചന. ഇതിനിടെയാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനെ കുറിച്ചുള്ള കാഴ്ചപ്പാട് മുൻ പരിശീലകൻ രവി ശാസ്ത്രി പങ്കുവെച്ചത്. രോഹിത്തിനു പിൻഗാമിയായി വരുന്നയാൾ അനുഭവപരിചയത്തിലുപരി യുവതാരമായിരിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം.

ബുംറയെ നായക പദവിയിലേക്ക് പരിഗണിക്കരുതെന്നും ഗില്ലിനോ, ഋഷഭ് പന്തിനോ നായക സ്ഥാനം നൽകണമെന്നും ശാസ്ത്രി വാദിക്കുന്നു. രോഹിത് ശർമക്കു കീഴിലുള്ള ടീമിൽ ഉപനായകനായിരുന്നു ബുംറ. ബോർഡർ ഗവാസ്കർ ട്രോഫിയിൽ രോഹിത്തിന്‍റെ അഭാവത്തിൽ ഇന്ത്യ ജയിച്ച പെർത്ത് ടെസ്റ്റിൽ ഉൾപ്പെടെ രണ്ടു ടെസ്റ്റുകളിൽ ടീമിനെ നയിച്ചതും ബുംറയായിരുന്നു. ‘നോക്കൂ, ആസ്ട്രേലിയൻ പരമ്പരക്കുശേഷം ബുംറയായിരുന്നു ഏറ്റവും നല്ല ഓപ്ഷൻ. പക്ഷേ താരത്തെ ക്യാപ്റ്റനാക്കരുത്, ഒരു ബൗളറെ നമുക്ക് നഷ്ടമാകും’ -ശാസ്ത്ര അഭിമുഖത്തിൽ പറഞ്ഞു. താരത്തിന്‍റെ പുറംവേദന ചൂണ്ടിക്കാട്ടിയായിരുന്നു ശാസ്ത്രിയുടെ പരാമർശം.

സിഡ്നി ടെസ്റ്റിനു പിന്നാലെ പുറംവേദനയെ തുടർന്ന് മൂന്നുമാസം ബുംറക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നു. 31കാരനായ ഇന്ത്യയുടെ പേസ് കുന്തമുന ബുംറക്ക് നായകന്‍റെ സമ്മർദം ഏൽപ്പിക്കരുതെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു. ഗിൽ, പന്ത് എന്നിവരെ പോലുള്ള യുവതാരങ്ങളെയാണ് ടെസ്റ്റ് നായക പദവയിലേക്ക് പരിഗണിക്കേണ്ടത്. ഐ.പി.എല്ലിൽ ഇരുവരും അതത് ടീമിന്‍റെ നായകരാണ്. അതുകൊണ്ടു തന്നെ ടീമിനെ നയിച്ച അനുഭവപരിചയവും ടെസ്റ്റിൽ ഇനിയും ഏറെക്കാലം കരിയർ ബാക്കിയുള്ളതും അനുകൂല ഘടകങ്ങളാണെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ലയൺസിനെതിരെ മേയ് 30നും ജൂൺ ആറിനും തുടങ്ങുന്ന രണ്ട് ചതുർദിന മത്സരങ്ങളാണ് ടീം കളിക്കുക. അഭിമന്യു ഈശ്വരനാണ് നായകൻ. രോഹിത് ശർമക്ക് പകരം ഇന്ത്യൻ ക്യാപ്റ്റനാവുമെന്ന് കരുതുന്ന ശുഭ്മൻ ഗില്ലും സായി സുദർശനും രണ്ടാം മത്സരത്തിൽ ഇറങ്ങും. ജൂൺ 20നാണ് ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് തുടങ്ങുക.

ഇന്ത്യ എ സ്ക്വാഡ്: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കരുൺ നായർ, ധ്രുവ് ജുറൽ, നിതീഷ് കുമാർ റെഡ്ഡി, ശാർദുൽ താക്കൂർ, ഇഷാൻ കിഷൻ, മാനവ് സുത്താർ, തനുഷ് കൊട്ടിയൻ, മുകേഷ് കുമാർ, ആകാശ് ദീപ്, ഹർഷിത് റാണ, അൻഷുൽ കംബോജ്, ഖലീൽ അഹ്മദ്, ഋതുരാജ് ഗെയ്ക്‌വാദ്, സർഫറാസ് ഖാൻ, തുഷാർ ദേശ്പാണ്ഡെ, ഹർഷ് ദുബെ, ശുഭ്മൻ ഗിൽ, സാ‍യ് സുദർശൻ.

Tags:    
News Summary - Ravi Shastri names his choice for India's next Test skipper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.