രഞ്ജി ട്രോഫി: സൂര്യകുമാറും ശിവം ദുബെയും മുംബൈ സ്ക്വാഡിൽ, ഹരിയാനക്കെതിരെ ക്വാർട്ടർ കളിച്ചേക്കും

മുംബൈ: ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഓൾറൗണ്ടർ ശിവം ദുബെയും രഞ്ജി ട്രോഫി മത്സരത്തിന് ഇറങ്ങിയേക്കും. ഹരിയാനെക്കെതിരെ നടക്കുന്ന ക്വാർട്ടർ ഫൈനലിനുള്ള മുംബൈ സ്ക്വാഡിൽ ഇരുവരെയും ഉൾപ്പെടുത്തി. നിലവിലെ ചാമ്പ്യന്മാരായ മുംബൈ, ശനിയാഴ്ച ലാഹ്ലിയിലാണ് ക്വാർട്ടർ പോരാട്ടത്തിനിറങ്ങുന്നത്. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായാണ് മുംബൈ ക്വാർട്ടറിന് യോഗ്യത നേടിയത്. അവസാന ലീഗ് മത്സരത്തിൽ മേഘാലയക്കെതിരെ ബോണസ് പോയന്റ് നേടിയാണ് ടീം മുന്നേറിയത്.

അതേസമയം ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയിൽ സൂര്യകുമാർ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യ 4-1ന് സ്വന്തമാക്കിയ പരമ്പരയിൽ 0, 14, 12, 0, 2 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സംഭാവന. മുംബൈക്കായി ഒരു രഞ്ജി ട്രോഫി മത്സരം മാത്രമാണ് സൂര്യ കളിച്ചിട്ടുള്ളത്. എന്നാൽ പരിമിത ഓവർ മത്സരങ്ങളായ സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ എന്നിവയിൽ മുംബൈക്ക് കിരീടം നേടിക്കൊടുക്കാൻ സൂര്യകുമാറിന്റെ പ്രകടനം നിർണായകമായിരുന്നു.

അതേസമയം രഞ്ജിയിൽ ഇത്തവണ ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ ദുബെ ഇറങ്ങിയിരുന്നു. ഇതിൽ മുംബൈ തോൽവി വഴങ്ങി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ നിതീഷ് കുമാർ റെഡ്ഡി പരിക്കേറ്റ് പിന്മാറിയതോടെ ദുബെക്ക് പുണെയിൽ നടന്ന മത്സരത്തിന്റെ ഭാഗമാകാൻ വിളിയെത്തി. ഇതിൽ അർധ സെഞ്ച്വറി നേടാനും താരത്തിനായി. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുള്ള സ്ക്വാഡിൽ സൂര്യയും ദുബെയും ഇടംനേടിയിട്ടില്ല. ഇതോടെയാണ് ഇരുവരെയും രഞ്ജി കളിക്കാൻ ടീമിലെത്തിച്ചത്.

News Summary - Ranji Trophy: Suryakumar Yadav & Shivam Dube Included In Mumbai's Squad For Quarterfinal Against Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.