മധ്യപ്രദേശിനെതിരെ വിക്കറ്റ് നേടിയ കേരള താരം എം.ഡി. നിധീഷിന്റെ ആഹ്ലാദം
തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ. മധ്യപ്രദേശ് ആദ്യ ഇന്നിങ്സിൽ 160 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 54 റൺസെന്ന നിലയിലാണ്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം.ഡിയുടെ പ്രകടനമാണ് ആദ്യ ദിവസം കേരളത്തിന് കരുത്തായത്. രജത് പട്ടീദാറും വെങ്കടേഷ് അയ്യരുമടങ്ങിയ കരുത്തുറ്റ മധ്യപ്രദേശ് ബാറ്റിങ് നിര കേരള ബൗളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. മുൻ നിര ബാറ്റർമാരെ പുറത്താക്കി തുടക്കത്തിൽ തന്നെ നിധീഷ് കേരളത്തിന് മുൻതൂക്കം സമ്മാനിച്ചു. ഓപണർ ഹർഷ് ഗാവ്‍ലിയെയും രജത് പട്ടീദാറിനെയും ഒരേ ഓവറിൽ പുറത്താക്കിയാണ് നിധീഷ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. രജത് പട്ടീദാർ പൂജ്യത്തിന് പുറത്തായപ്പോൾ ഹർഷ് ഗാവ്‍ലി ഏഴും ഹിമൻശു മന്ത്രി 15ഉം റൺസെടുത്തു.
ക്യാപ്റ്റന്റെ ഇന്നിങ്സുമായി ഒരറ്റത്ത് ഉറച്ചുനിന്ന ശുഭം ശർമയാണ് വലിയ തകർച്ചയിൽനിന്ന് മധ്യപ്രദേശിനെ കരകയറ്റിയത്. 54 റൺസെടുത്ത ശുഭം ശർമയാണ് ടോപ് സ്കോറർ. വെങ്കടേഷ് അയ്യർ 42 റൺസെടുത്തു.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷിന് പുറമെ ബേസിൽ എൻ.പിയും ആദിത്യ സർവതെയും രണ്ട് വിക്കറ്റ് വീതവും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്.
കരുതലോടെ ബാറ്റുവീശിയ ഇരുവരും ചേർന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ ആദ്യ ദിവസം അവസാനിപ്പിച്ചു. കളി നിർത്തുമ്പോൾ അക്ഷയ് 22ഉം രോഹൻ 25ഉം റൺസ് നേടി ക്രീസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.