ഒരു കാലത്ത് വിദർഭ ക്രിക്കറ്റ് ടീമിന്‍റെ പ്രധാന താരമായിരുന്നു ആദിത്യ സർവാതെ. വിദർഭ മൂന്ന് തവണ ഫൈനലിൽ എത്തിയപ്പോൾ ടീമിന്‍റെ ഉപനായകനായി അദ്ദേഹം ശക്തമായ പ്രകടനം തന്നെ പുറത്തെടുത്തിരുന്നു. 10 വർഷത്തോളം വിദർഭക്ക് വേണ്ടി കളിച്ച സർവാതെ 250 മത്സരങ്ങളിൽ കളത്തിൽ ഇറങ്ങിയിട്ടുണ്ട്. രണ്ട് രഞ്ജി കിരീടങ്ങളും അദ്ദേഹം വിദർഭക്കൊപ്പം സ്വന്തമാക്കി.
എന്നാൽ ഈ സീസണിൽ താരത്തിന് വിദർഭ വിടേണ്ടി വന്നു. കാരണം അവർ അവന്‍റെ ആത്മാർഥതയെ ചോദ്യം ചെയ്തു, അവനെ ഒന്നും അല്ലാതെയാക്കി. 'അവരെന്‍റെ പ്രതിബദ്ധതയെ ചോദ്യം ചെയ്തു. എന്റെ ആത്മാർഥതയെ സംശയിച്ചു. ഒരു പതിറ്റാണ്ടോളം ആ ടീമിനെ സേവിച്ചയാളെന്ന നിലയിൽ ഞാൻ തീർച്ചയായും ബഹുമാനം അർഹിച്ചിരുന്നു.'- ഏതാനും മാസം മുൻപു വിദർഭ ടീം വിട്ടു കേരള ടീമിലേക്കെത്തുന്ന സമയത്ത് ആതിഥ്യ സർവാതെ വൈകാരികമായി പ്രതികരിച്ചത് ഇങ്ങനെയാണ്.
വിദർഭക്ക് വേണ്ടി ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ താരമായിരുന്നിട്ടും കഴിഞ്ഞ സീസണിൽ അദ്ദേഹം ടീം വിട്ടത് ഇത്തരത്തിലായിരുന്നു. കഴിഞ്ഞ സീസണിലെ ഫൈനലിൽ പരിക്ക് മൂലം മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തതിനാൽ 'അദ്ദേഹം എന്തിനാണു കളിക്കുന്നത്' എന്ന് ടീം ഒഫീഷ്യൽസിലൊരാൾ പരസ്യമായി പ്രതികരിച്ചതും സർവതെയെ വേദനിപ്പിച്ചു. വിമർശനങ്ങളെയെല്ലാം സ്വീകരിച്ച് അദ്ദേഹം നല്ലൊരു വിടവാങ്ങൽ പോലും ലഭിക്കാതെ വിദർഭ വിട്ട് കേരളത്തിൽ എത്തി. മികച്ച പ്രകടനവുമായി കേരളത്തിന് വേണ്ടി ഈ സീസണിൽ 35 കാരൻ മിന്നി. 30 വിക്കറ്റുകൾ സ്വന്തമാക്കിയ താരം വിദർഭയെ ഹോം ഗ്രൗണ്ടിൽ നേരിടുമ്പോൾ ചില വ്യക്തിപരമായ കണക്കുകൾ കൂടി തീർക്കാനുണ്ടാകും.
അതേസമയം ഫൈനലിൽ ടോസ് ലഭിച്ച കേരളം വിദർഭയെ ബാറ്റിങ്ങിനയച്ചു. 24 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിദർഭ വിക്കറ്റും നേടാൻ കേരളത്തിന് സാധിച്ചു. എം.ഡി. നിതീഷ് രണ്ടും, ഏഥൻ ആപ്പിൾ ടോം ഒരു വിക്കറ്റുമാണ് നേടിയത്. പാർത് റെഖാതെ, ദ്രുവ് ഷോറെയ്, ദർഷൻ നൽകാണ്ടെ എന്നിവരാണ് പുറത്തായ വിദർഭ ബാറ്റർമാർ. മികച്ച ഫോമിലുള്ള കരുൺ നായരും, ഡാനിൽ മലെവറുമാണ് ക്രീസിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.