ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഫിനാൻസ് കമ്മിറ്റി ചെയർമാനായ എം. നജ്മുൽ ഇസ്‌ലാമിന്റെ വിവാദ പരാമർശങ്ങളെത്തുടർന്ന് താരങ്ങൾ നടത്തിയ ബഹിഷ്കരണത്തെത്തുടർന്ന് ബംഗ്ലാദേശ് പ്രീമിയർ ലീഗ് (ബി.പി.എൽ) മത്സരങ്ങൾ പുനഃക്രമീകരിച്ചു. മുതിർന്ന താരങ്ങൾ ഉൾപ്പെടെ നജ്മുൽ ഇസ്‌ലാമിന്റെ രാജി ആവശ്യപ്പെട്ട് മത്സരങ്ങൾ ബഹിഷ്കരിച്ചതോടെ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മത്സരങ്ങൾ റദ്ദാക്കിയിരുന്നു. പ്രതിഷേധം ശക്തമായതോടെ നജ്മുൽ ഇസ്‌ലാമിനെ ഫിനാൻസ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് ബി.സി.ബി നീക്കം ചെയ്തു. താരങ്ങളുടെ താൽപര്യങ്ങൾക്കും അന്തസ്സിനുമാണ് മുൻഗണനയെന്ന് ബോർഡ് പ്രസ്താവനയിൽ അറിയിച്ചു.
ജനുവരി 15ന് നടക്കേണ്ടിയിരുന്ന മത്സരങ്ങൾ ജനുവരി 16ലേക്ക് മാറ്റി. തുടർന്നുള്ള മത്സരങ്ങളും ഓരോ ദിവസം വീതം നീട്ടിയിട്ടുണ്ട്. ജനുവരി 19ന് നടക്കേണ്ടിയിരുന്ന എലിമിനേറ്റർ, ക്വാളിഫയർ മത്സരങ്ങൾ ജനുവരി 20ലേക്ക് മാറ്റി. ടി20 ലോകകപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ മുൻ ക്യാപ്റ്റൻ തമീം ഇക്ബാലിനെ ‘ഇന്ത്യൻ ഏജന്റ്’ എന്ന് വിളിച്ചതും, കളിക്കാർക്ക് ശമ്പളം നൽകേണ്ടതില്ലെന്ന തരത്തിൽ നജ്മുൽ ഇസ്‌ലാം നടത്തിയ പരിഹാസവുമാണ് പ്രതിഷേധത്തിന് കാരണമായത്. താരങ്ങളുടെ സംഘടനയായ സി.ഡബ്ല്യു.എ.ബി നജ്മുൽ ഇസ്‌ലാം മാപ്പ് പറയണമെന്നും സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ട് അന്ത്യശാസനം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ബോർഡ് കർശന നടപടിയെടുത്തത്.
ഇന്ത്യയിൽ ട്വന്റി20 ലോകകപ്പ് കളിക്കാനില്ലെന്ന് ബംഗ്ലാദേശ് തീരുമാനമെടുത്തതിന് പിന്നാലെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ടീം ലോകകപ്പ് കളിച്ചില്ലെങ്കിൽ താരങ്ങൾക്ക് പ്രതിഫലം നൽകില്ലെന്നായിരുന്നു ചെയർമാന്റെ പ്രതികരണം. ഒറ്റ ഐ.സി.സി കിരീടവും ടീം നേടിയില്ലെന്നതായിരുന്നു കാരണം പറഞ്ഞത്. ഇതിനെതിരെ താരങ്ങൾ ഒറ്റക്കെട്ടായതോടെ നജ്മുൽ ഇസ്ലാമിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി. പിന്നാലെ പുറത്താക്കുകയും ചെയ്തു. ഐ.പി.എൽ ലേലത്തിൽനിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുറഹ്മാനെ മാറ്റിനിർത്തിയതിനു പിറകെയാണ് ബംഗ്ലാദേശ് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റില്ലെന്ന് ഐ.സി.സി അറിയിച്ചതിനു പിന്നാലെ ചില താരങ്ങൾ ഇന്ത്യയിൽ മത്സരിക്കുന്നത് ആലോചിക്കണമെന്ന നിർദേശവും വെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.