നാഗ്പൂർ:രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ വിദർഭ പിടിമുറുക്കുന്നു. ആദ്യത്ത് മൂന്ന് വിക്കറ്റുകൾ എളുപ്പം കൊയ്ത കേരളത്തിന് നാലാം വിക്കറ്റ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. 24ന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട വിദർഭ ചായക്ക് പിരിയുമ്പോൾ 170 റൺസ് നേടിയിട്ടുണ്ട്. സെഞ്ച്വറിയുമായി ഡാനിഷ് മലെവറും 47 റൺസുമായി കരുൺ നായരുമാണ് ക്രീസിലുള്ളത്.
24റൺസിന് മൂന്നെണ്ണം നഷ്ടമായപ്പോൾ ക്രീസിൽ ഒന്നിച്ച കരുണും മലെവറും 146 റൺസിന്‍റെ കൂട്ടുക്കെട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. 171 പന്ത് കളിച്ച 12 ഫോറും രണ്ട് സിക്സറുമടിച്ച് 104 റൺസാണ് മലെവർ നേടിയതെങ്കിൽ 121 പന്തിൽ നിന്നും മൂന്ന് ഫോറും ഒരു സിക്സറുമടിച്ചാണ് കരുൺ നായർ 47 റൺസ് സ്വന്തമാക്കിയത്.
ഓപ്പണർമാരായ പാർഥ് രേഖാഡെ (0), ധ്രുവ് ഷോറെ (35 പന്തിൽ 16), സ്ഥാനക്കയറ്റം കിട്ടി വൺഡൗണായി എത്തിയ ദർശൻ നൽകാണ്ഡെ (21 പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ ബാറ്റർമാർ. രേഖാഡെ, നൽകാണ്ഡെ എന്നിവരെ എം.ഡി. നിധീഷും ധ്രുവ് ഷോറെയെ യുവ പേസർ ഏദൻ ആപ്പിളുമാണ് പുറത്താക്കിയത്. പേസ് ബൗളർമാർക്ക് സഹായം നൽകുന്നതിലാൻ തന്നെ ഒരു എക്സ്ട്രാ പേസറെ ഉൾപ്പെടുത്തിയാണ് കേരളം കളത്തിലിറങ്ങിയത്. എന്നാൽ ആദ്യ സെഷന് ശേഷം പിച്ച് ബാറ്റിങ്ങിന് അനുകൂലമാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
കരുൺ നായർ-ഡാനിഷ് മലെവർ കൂട്ടുക്കെട്ട് അക്ഷാർത്ഥത്തിൽ കേരളത്തെ വെള്ളം കുടിപ്പിക്കുകയാണ്. കേരളത്തിന്‍റെ സ്റ്റാർ സ്പിന്നർമാരായ ജലജ് സക്സേന ആതിഥ്യ സർവാതെ എന്നിവർ ഒമ്പത് ഓവർ വീതം എറിഞ്ഞെങ്കിലും ഒരു വിക്കറ്റ് പോലും നേടാൻ സാധിച്ചില്ല. പതിയെ സ്പിന്നിനെ തുണക്കുന്ന പിച്ചിൽ ആദ്യ രണ്ട് ദിനം പരമാവധി റൺസ് നേടാനായിരിക്കും വിദർഭ ശ്രമിക്കുക. കേരളത്തിന് മത്സരത്തിലേക്ക് തിരിച്ചുവരണമെങ്കിൽ തുടർച്ചയായി രണ്ട് വിക്കറ്റ് അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.