ചെന്നൈക്കെതിരെ അർധസെഞ്ച്വറി തികച്ച വൈഭവ് സൂര്യവംശിയുടെ ആഹ്ലാദം
ന്യൂഡൽഹി: വിജയലക്ഷ്യം പിന്തുടർന്ന ഒമ്പതിൽ എട്ടു കളികളും തോറ്റിട്ടും 18-ാമത് ഐ.പി.എൽ സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ചേസ് ചെയ്യാൻ തീരുമാനിച്ചത് വെറുതെയായില്ല. പോയന്റ് പട്ടികയിൽ അവസാന സ്ഥാനക്കാർ ഏറ്റുമുട്ടിയ കളിയിൽ ചെന്നൈ സൂപ്പർ കിങ്സിനെ രാജസ്ഥാൻ കീഴടക്കിയത് ആറു വിക്കറ്റിന്. രണ്ടാമതു ബാറ്റിങ്ങിനിറങ്ങി പല മത്സരങ്ങളിലും തലനാരിഴക്ക് അടിയറവു പറഞ്ഞ സഞ്ജു സാംസണും കൂട്ടരും ചെന്നൈയെ ആധികാരികമായി കീഴടക്കിയത് 17 പന്തുകൾ ബാക്കിയിരിക്കേ. ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റിന് 187 റൺസെടുത്തപ്പോൾ 17.1 ഓവറിൽ നാലു വിക്കറ്റിന് റോയൽസ് ലക്ഷ്യംകണ്ടു.
പതിനാലുകാരൻ വൈഭവ് സൂര്യവംശി ഒരിക്കൽകൂടി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് അർധശതകം പിന്നിട്ടത് റോയൽസിന് കരുത്തേകി. 33 പന്തിൽ നാലു വീതം ഫോറും സിക്സുമടിച്ചാണ് വൈഭവ് മിടുക്കുകാട്ടിയത്. ക്യാപ്റ്റൻ സഞ്ജു 31 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സുമടക്കം 41 റൺസെടുത്തു. 19 പന്തിൽ അഞ്ചു ഫോറും രണ്ടു സിക്സുമടക്കം 36 റൺസെടുത്ത യശസ്വി ജയ്സ്‍വാൾ ടീമിന് അതിവേഗ തുടക്കം നൽകി. വൈഭവുമൊത്ത് ഒന്നാം വിക്കറ്റിൽ 37 ചേർത്തപ്പോൾ അതിൽ 36ഉം ജയ്സ്‍വാളിന്റെ ബാറ്റിൽനിന്നായിരുന്നു. രണ്ടാം വിക്കറ്റിൽ വൈഭവ്-സഞ്ജു സഖ്യം 98 റൺസ് ചേർത്തു. റിയാൻ പരാഗ് മൂന്നു റൺസ് മാത്രമെടുത്ത് പുറത്തായശേഷം അവസാന ഘട്ടത്തിൽ 12 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സുമടക്കം പുറത്താകാതെ 31 റൺസെടുത്ത ധ്രുവ് ജുറേൽ അനായാസം ടീമിനെ വിജയ തീരത്തെത്തിച്ചു. ഷിംറോൺ ഹെറ്റ്മെയർ അഞ്ചു പന്തിൽ 12 റൺസുമായി പുറത്താകാതെനിന്നു. ചെന്നൈക്കുവേണ്ടി വെറ്ററൻ സ്പിന്നർ ആർ. അശ്വിൻ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തേ, ആദ്യം ബാറ്റ് ചെയ്ത സി.എസ്.കെ നിരയിൽ ഓപണർ ആയുഷ് മഹാത്രെ (43), ഡെവാൾഡ് ബ്രേവിസ് (42), ശിവം ദുബെ (39) എന്നിവരുടെതാണ് പ്രധാന സംഭാവനകൾ. രാജസ്ഥാന് വേണ്ടി യുദ്ധ് വീർ സിങ്ങും ആകാശ് മധ്വാളും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തകർച്ചയോടെയാണ് ചെന്നൈ തുടങ്ങിയത്. എട്ട് പന്തിൽ പത്ത് റൺസ് നേടിയ ഓപണർ ഡെവൺ കോൺവേയെ രണ്ടാം ഓവറിലെ നാലാം പന്തിൽ റയാൻ പരാഗിനെ കൈകളിലെത്തിച്ചു യുദ്ധ് വീർ. വൺ ഡൗണായെത്തിയ ഉർവിൽ പട്ടേലിനെ ആറാം പന്തിൽ ക്വേന മഫാകെ ക്യാച്ചെടുത്ത് പുറത്താക്കി.
രണ്ട് ഓവർ പൂർത്തിയാവുമ്പോൾ സ്കോർ രണ്ട് വിക്കറ്റിന് 12. മറുതലക്കൽ ഓപണർ മഹാത്രെ നടത്തിയ പോരാട്ടമാണ് ചെന്നൈക്ക് പ്രതീക്ഷ സമ്മാനിച്ചത്. 20 പന്തിൽ 43 റൺസടിച്ച മഹാത്രെയെ ആറാം ഓവറിൽ തുഷാർ ദേശ്പാണ്ഡെ മടക്കി. മഫാകക്ക് മറ്റൊരു ക്യാച്ച്. തൊട്ടടുത്ത ഓവറിൽ അശ്വിനെ (എട്ട് പന്തിൽ 13) വാനിന്ദു ഹസരംഗയുടെ പന്തിൽ ഹെറ്റ്മെയർ കൈയിലൊതുക്കി. പിന്നാലെ രവീന്ദ്ര ജദേജയെ (ഒന്ന്) യുദ്ധ് വീർ, ജുറെലിന്റെ കരങ്ങളിലെത്തിച്ചതോടെ സ്കോർ അഞ്ചിന് 78.
ബ്രേവിസും ദുബെയും ചേർന്ന ആറാം വിക്കറ്റ് സഖ്യം നടത്തിയ രക്ഷാപ്രവർത്തനമാണ് സി.എസ്.കെക്ക് തുണയായത്. 25 പന്തിൽ 42 റൺസ് നേടിയ ബ്രേവിസിനെ 14ാം ഓവറിൽ ആകാശ് മധ്വാൾ ബൗൾഡാക്കുമ്പോൾ സ്കോർ 137ലെത്തിയിരുന്നു. ക്യാപ്റ്റൻ എം.എസ് ധോണിയെ കൂട്ടുനിർത്തി ദുബെ സ്കോർ മുന്നോട്ട് നീക്കി. 32 പന്തിൽ 39 റൺസ് നേടിയ ദുബെ അവസാന ഓവറിൽ മധ്വാളിന് വിക്കറ്റും യശസ്വി ജയ്സ്വാളിന് ക്യാച്ചും സമ്മാനിച്ച് മടങ്ങി. 17 പന്തിൽ 16 റൺസുമായി ധോണി പിന്നാലെ. ദേശ്പാണ്ഡെക്കായിരുന്നു ക്യാച്ച്. അൻഷുൽ കംബോജും (അഞ്ച്) നൂർ അഹ്മദും (രണ്ട്) പുറത്താവാതെ നിന്നു. മധ്‍വാളാണ് െപ്ലയർ ഓഫ് ദ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.