ആർക്കും അംഗീകരിക്കാനാകില്ല, ശാന്തരാകുവിൻ; കോഹ്‍ലിയുടെ മുറിയിലെ ദൃശ്യങ്ങൾ പകർത്തിയതിൽ രാഹുൽ ദ്രാവിഡ്

പെർത്ത്: ട്വന്റി 20 ലോകകപ്പിനായി ആസ്ട്രേലിയയിലുള്ള ഇന്ത്യൻ‌ സൂപ്പർതാരം വിരാട് കോഹ്‍ലിയുടെ ഹോട്ടൽ മുറിയിൽ കയറി ദൃശ്യങ്ങൾ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്.

സംഭവം ദൗർഭാഗ്യകരമാണെന്നും സാഹചര്യം കൈകാര്യം ചെയ്ത രീതിയിൽ കോഹ്‌ലിയെ അഭിനന്ദിക്കുന്നതായും രാഹുൽ പറഞ്ഞു. 'സംഭവം നിരാശാജനകമാണ്. ഇത് ആർക്കും അംഗീകരിക്കാനാകില്ല, വിരാടിനെ തനിയെ വിടു. ഞങ്ങൾ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തി, അവർ നടപടിയെടുത്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കുമെന്നും പ്രതീക്ഷിക്കുന്നു. കാരണം, ആരാധകരുടെയും മാധ്യമപ്രവർത്തകരുടെയും കണ്ണിൽപെടാതെ താരങ്ങൾക്ക് ഇരിക്കാൻ കൂടുതൽ സുരക്ഷിതത്വം തോന്നുന്ന സ്ഥലമാണിത് (ഹോട്ടൽ). അതും നഷ്ടപ്പെട്ടിരിക്കുന്നു. അവൻ വിഷയം ശരിയായ രീതിയിൽ കൈകാര്യം ചെയ്തു. പരിശീലനത്തിനെത്തി. അവനിപ്പോൾ കുഴപ്പമില്ല' -മത്സരത്തിനു മുന്നോടിയായുള്ള വാർത്തസമ്മേളനത്തിൽ രാഹുൽ പ്രതികരിച്ചു.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഹോട്ടൽ അധികൃതർ, ജീവനക്കാരനെ ജോലിയിൽനിന്ന് പുറത്താക്കിയതായി അറിയിച്ചിരുന്നു. വിഷയത്തിൽ കോഹ്‍ലി സംയമനത്തോടെയാണ് പ്രതികരിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ കാണുമ്പോൾ ആരാധകർക്ക് വളരെ സന്തോഷവും ആവേശവും ഉണ്ടാകും. അത് ഞാൻ മനസ്സിലാക്കുന്നു. അതിൽ ആനന്ദവും തോന്നുന്നു. എന്നാൽ, ഇപ്പോൾ പ്രചരിച്ച വിഡിയോ എന്റെ സ്വകാര്യതയെ കുറിച്ച് വളരെ പരിഭ്രാന്തിയുണ്ടാക്കി. സ്വന്തം ഹോട്ടൽ മുറിയിൽ പോലും സ്വകാര്യതയില്ലെങ്കിൽ, പിന്നെ എവിടെയാണ് വ്യക്തിപരമായി ഒരു ഇടം എനിക്ക് ലഭിക്കുക? ഇത്തരം ഭ്രാന്തുകൾ എനിക്ക് സഹിക്കാൻ കഴിയില്ല. ദയവായി ആളുകളുടെ സ്വകാര്യത മാനിക്കുക. അവരെ വിനോദത്തിനായുള്ള കേവലം ഉൽപന്നമായി കാണാതിരിക്കണം എന്നുമായിരുന്നു താരത്തിന്‍റെ പ്രതികരണം.

Tags:    
News Summary - Rahul Dravid On Virat Kohli's Hotel Room Video Leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.