കളിച്ച പത്താം മത്സരത്തിലും രാജസ്ഥാൻ തോറ്റു; അതൃപ്തി പരസ്യമാക്കി ദ്രാവിഡ്

ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിന്റെ തുടർ തോൽവികളിൽ ക്ഷുഭിതനായി പരിശീലകൻ രാഹുൽ ദ്രാവിഡ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ കൂടി തോറ്റതോടെയാണ് ദ്രാവിഡ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ടീം തോറ്റതിന് ബാറ്റർമാരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ദ്രാവിഡ് പറഞ്ഞു.

കളി തോറ്റതിന് ബാറ്റർമാർക്കൊപ്പം ബൗളർമാർക്കും ഉത്തരവാദിത്തമുണ്ട്. 220 റൺസ് നേടാൻ കഴിയുന്ന വിക്കറ്റല്ല അത്. 195 മുതൽ 200 വരെ മാത്രമാണ് അവിടെ പരമാവധി നേടാൻ കഴിയുക. ഞങ്ങൾ 20 റൺസ് അധികം വിട്ടുനൽകി.ബൗളിങ്ങിൽ രാജസ്ഥാന്റെ പ്രകടനം മികച്ചതല്ല. എപ്പോഴും 200 മുതൽ 220 റൺസ് വരെ ഞങ്ങൾക്ക് ചേസ് ചെയ്യേണ്ടി വരുന്നു. പല മത്സരങ്ങളിലും ഞങ്ങൾക്ക് തുടക്കത്തിൽ മേധാവിത്തമുണ്ടാവാറുണ്ട്. എന്നാൽ ലോവർ മിഡിൽ ഓർഡറിന്റെ മോശം ഫോം ഇത് ഇല്ലാതാക്കുകയാണെന്നും ദ്രാവിഡ് പറഞ്ഞു.

എല്ലാ മത്സരങ്ങളിലും ബൗളർമാർ 15 മുതൽ 20 റൺസ് വരെ അധികമായി നൽകുന്നു. ബൗളിങ്ങിൽ ചില പ്രശ്നങ്ങൾ രാജസ്ഥാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിനിടക്ക് ഒന്നോ രണ്ടോ മികച്ച ഹിറ്റുകൾ വേണ്ട സമയത്ത് അത് നൽകാൻ രാജസ്ഥാൻ ബാറ്റർമാർക്ക് കഴിയുന്നില്ലെന്നും ദ്രാവിഡ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സ്വപ്ന തുല്യമായ തുടക്കമാണു രാജസ്ഥാൻ റോയല്‍സിനു ലഭിച്ചത്. അർഷ്ദീപ് സിങ്ങിന്റെ ആദ്യ ഓവറിൽ ജയ്സ്വാൾ അടിച്ചുകൂട്ടിയത് നാലു ഫോറുകളും ഒരു സിക്സും. 2.5 ഓവറിൽ 50 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. പവർപ്ലേ അവസാനിച്ചപ്പോൾ ടീം സ്കോർ ഒരു വിക്കറ്റ് നഷ്ടത്തിൽ 89 റൺസ്. സ്കോർ 109 ൽ നിൽക്കെ ജയ്സ്വാളിനെ ഹർപ്രീത് ബ്രാർ പുറത്താക്കിയതോടെയാണ് രാജസ്ഥാന്‍ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞത്. വൺഡൗണായിറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണും (16 പന്തിൽ 20), റിയാൻ പരാഗിനും (11 പന്തിൽ 13) മികച്ച തുടക്കം ലഭിച്ചെങ്കിലും ഇരുവർക്കും വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ല.

Tags:    
News Summary - Rahul Dravid Loses Cool After RR's 10th Defeat Of IPL 2025 Season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.