'എവിടെനിന്നാണ് ഇതൊക്കെ വരുന്നത്? ഞാനും സഞ്ജുവും ഒറ്റക്കെട്ട്'; ടീമിൽ ഭിന്നതയെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് ദ്രാവിഡ്

ഐ.പി.എല്ലിൽ തുടർതോൽവികളേറ്റുവാങ്ങിയതിന്‍റെ ക്ഷീണത്തിലാണ് രാജസ്ഥാൻ റോയൽസ്. ഏറ്റവുമൊടുവിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ അനായാസം ജയിക്കാവുന്ന മത്സരവും രാജസ്ഥാൻ തോറ്റു. സീസണിൽ രാജസ്ഥാന്‍റെ തുടർച്ചയായ മൂന്നാം തോൽവിയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ടീമിൽ ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

ക്യാപ്റ്റൻ സഞ്ജു സാംസണും കോച്ച് രാഹുൽ ദ്രാവിഡും തമ്മിൽ ഭിന്നതയുണ്ടെന്നാണ് വാർത്തകൾ വന്നത്. ഡൽഹിക്കെതിരായ മത്സരത്തിനിടെ ഡഗ്ഔട്ടിൽ നടന്ന രാജസ്ഥാൻ ടീം മീറ്റിങ്ങിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു. ദ്രാവിഡും സഞ്ജുവും ഇപ്പോൾ അത്ര രസത്തിലല്ലെന്ന് വ്യക്തമാക്കുന്നതാണ് വിഡിയോയെന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടിയത്. സൂപ്പര്‍ ഓവറിലേക്ക് മത്സരം നീങ്ങിയതോടെ ഡഗൗട്ടില്‍ രാജസ്ഥാന്‍ ടീമംഗങ്ങളുമായും സപ്പോര്‍ട്ടിങ് സ്റ്റാഫുമായും ദ്രാവിഡ് സംസാരിക്കുന്നതാണ് വിഡിയോ. മീറ്റിങ് നടക്കുമ്പോള്‍ അതിൽ പങ്കെടുക്കാതെ മാറി നിൽക്കുകയാണ് സഞ്ജു. മത്സരശേഷം രാഹുലിനോട് സംസാരിക്കാൻ സഞ്ജു തയാറായില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

 

എന്നാൽ, ടീമിൽ അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നും വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞിരിക്കുകയാണ് കോച്ച് രാഹുൽ ദ്രാവിഡ്. സഞ്ജു സാംസണുമായി ഭിന്നതയുണ്ടെന്ന വാർത്തകൾ പൂർണമായും തള്ളിയിരിക്കുകയാണ് അദ്ദേഹം. സഞ്ജുവുമായി ഒരു ഭിന്നതയുമില്ല. ടീമുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ സഞ്ജുവും പങ്കാളിയാണ്. എവിടെ നിന്നാണ് ഇത്തരം വാർത്തകള്‍ വരുന്നതെന്ന് എനിക്കറിയില്ല. ഞാനും സഞ്ജുവും ഒരുമിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. സഞ്ജു ടീമിന്‍റെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ട് തന്നെ ടീമിന്‍റെ എല്ലാ തീരുമാനങ്ങളിലും സഞ്ജുവും പങ്കാളിയാണ്. കളിയില്‍ ജയവും തോൽവിയും ഉണ്ടാകാം. തോല്‍ക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. അതിന് മികച്ച പ്രകടനങ്ങളിലൂടെയാണ് ഞങ്ങള്‍ മറുപടി നല്‍കുക. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. രാജസ്ഥാൻ റോയൽസ് ഒറ്റക്കെട്ടാണ്. ടീമിന്‍റെ ആവേശത്തില്‍ ഒരു കുറവും വന്നിട്ടില്ല -രാഹുൽ ദ്രാവി‍ഡ് പറഞ്ഞു.

അതേസമയം, ഡൽഹിക്കെതിരായ സൂപ്പർ ഓവർ തോൽവിക്ക് ശേഷം രാജസ്ഥാൻ ആരാധകരും കലിപ്പിലാണ്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നു സഞ്ജുവിനെ രാജസ്ഥാന്‍ മാറ്റിയേക്കുമെന്നുവരെ ചർച്ചകൾ നടക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് പോകുന്നത് പരിഗണിക്കണമെന്ന് സഞ്ജുവിനെ ഉപദേശിക്കുന്നവരുമുണ്ട്. മത്സരത്തിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ആറാം ഓവറിനിടെ പരിക്കേറ്റ് സ‍ഞ്ജു റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുന്നത്. താരത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നും അടുത്ത മത്സരത്തിൽ കളിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

ഏഴ് മത്സരങ്ങളിൽ അഞ്ചും തോറ്റ രാജസ്ഥാൻ പോയിന്‍റ് പട്ടികയിൽ എട്ടാംസ്ഥാനത്താണ്. അടുത്ത മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനാകൂ. പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള റിഷഭ് പന്തിന്‍റെ ലക്നൗ സൂപ്പര്‍ ജയന്‍റ്സുമായി ഇന്ന് രാജസ്ഥാൻ ഏറ്റുമുട്ടും. ജയ്പൂരിലെ സവായ്മാന്‍സിങ് സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം.

Tags:    
News Summary - Rahul Dravid Breaks Silence On Reports Of Sanju Samson-Rajasthan Royals Rift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.