ജയ്പൂർ: പ്ലേ ഓഫിന് മുൻപുള്ള അവസാന മത്സരവും ജയിച്ച് പഞ്ചാബ് കിങ്സ് ടേബിൾ ടോപ്പിലെത്തി. മുംബൈക്കെതിരായ മത്സരത്തിൽ ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് നേടിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 9 പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
35 പന്തിൽ 62 റൺസെടുത്ത ഓപണർ പ്രിയാൻഷ് ആര്യയുടേയും 42 പന്തിൽ 73 റൺസെടുത്ത ജോഷ് ഇംഗ്ലീസിന്റെയും ഇന്നിങ്സാണ് പഞ്ചാബിന് അനായസ വിജയം സമ്മാനിച്ചത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 26 റൺസുമായി പുറത്താകാതെ നിന്നു. പ്രഭ്സിംറാൻ 13 റൺസെടുത്ത് പുറത്തായി. മുംൈബക്ക് വേണ്ടി മിച്ചൽ സാന്റർ രണ്ടും ജസ്പ്രീത് ബുംറ ഒരു വിക്കറ്റുമെടുത്തു.
നേരത്തെ, 39 പന്തിൽ 57 റൺസെടുത്ത സൂര്യകുമാർ യാദവിന്റെ മികവിലാണ് മുംബൈ പൊരുതാവുന്ന സ്കോറിലെത്തിയത്. താളം കണ്ടെത്താൻ പ്രയാസപ്പെട്ട ഓപണർമാരായ റിയാൻ റിക്കിൽട്ടനും (27) രോഹിത് ശർമയും (24) പുറത്തായതോടെ സൂര്യകുമാർ യാദവാണ് ബാറ്റിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഒരു റൺസെടുത്ത് തിലക് വർമയും 17 റൺസെടുത്ത് വിൽ ജാക്സും കാര്യമായ ചെറുത്ത് നിൽപിന് ശ്രമിക്കാതെ മടങ്ങി.
15 പന്തിൽ 26 റൺസെടുത്ത് നായകൻ ഹാർദിക് പാണ്ഡ്യയും 12 പന്തിൽ 20 റൺസെടുത്ത് നമൻ ധിറും സൂര്യ കുമാറിന് മികച്ച പിന്തുണ നൽകിയകോടെ ടീം സ്കോർ പൊരുതാവുന്ന നിലയിലെത്തി. ഇന്നിങ്സിലെ അവസാന പന്തിലാണ് 57 റൺസെടുത്ത സൂര്യകുമാർ മടങ്ങുന്നത്. അർഷദീപ് സിങ്, മാർകോ ജാൻസൻ, വിജയകുമാർ വൈശാഖ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ പഞ്ചാബ് 19 പോയിന്റുമായി ഒന്നാമതെത്തി. 18 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസാണ് രണ്ടാമത്. ഒരു മത്സരം കൂടി ബാക്കിയുള്ള ആർ.സി.ബി 17 പോയിന്റുമായി മൂന്നാമതുണ്ട്. 16 പോയിന്റുമായി മുംബൈ ഇന്ത്യൻസ് പട്ടികയിൽ നാലാം സ്ഥാനം ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.