ഐ.പി.എല്ലിൽ പഞ്ചാബ് ജെഴ്സിയിൽ ആസ്ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെ പ്രകടനം മോശമാകുന്നത് പ്രീതി സിന്റയെ വിവാഹം കഴിക്കാനാകാതെ പോയതുകൊണ്ടാണോയെന്ന ആരാധകന്റെ ചോദ്യത്തിന് അതേനാണയത്തിൽ മറുപടി നൽകി നടി.
സമൂഹമാധ്യമ അക്കൗണ്ടിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് ഒരു ആരാധകൻ പ്രീതി സിൻ്റയ്ക്കു മുന്നിൽ പ്രകോപനപരമായ ചോദ്യം ഉന്നയിച്ചത്.
ഇത്തരം ചോദ്യങ്ങൾ പുരുഷൻമാരായ ടീം ഉടമകളോട് ചോദിക്കുമോ എന്നും, ഇതൊരു തമാശ അല്ലെന്നും അവർ ഓർമിപ്പിച്ചു. സ്ത്രീകൾക്ക് കോർപറേറ്റ് സംവിധാനങ്ങളിൽ ജീവിക്കാൻ എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ഇത് തെളിയിക്കുന്നു.
'ഈ ചോദ്യം പുരുഷ ടീം ഉടമകളോട് ചോദിക്കുമോ, അതോ സ്ത്രീകളോട് മാത്രമാണോ ഈ വിവേചനം? ക്രിക്കറ്റിലേക്ക് കടക്കുന്നതുവരെ സ്ത്രീകൾക്ക് കോർപ്പറേറ്റ് സംവിധാനങ്ങളിൽ അതിജീവിക്കാൻ ഇത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയില്ലായിരുന്നു. നിങ്ങൾ ഈ ചോദ്യം തമാശയായി ചോദിച്ചിരിക്കാമെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ നിങ്ങളുടെ ചോദ്യം നോക്കി നിങ്ങൾ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം നിങ്ങൾ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് നിങ്ങൾക്ക് ശരിക്കും മനസ്സിലായെങ്കിൽ, അത് പ്രശ്നമാണ്! കഴിഞ്ഞ 18 വർഷമായി വളരെയധികം കഠിനാധ്വാനം ചെയ്താണ് ഞാൻ എന്റെ നേട്ടങ്ങൾ നേടിയതെന്ന് ഞാൻ കരുതുന്നു, അതിനാൽ ദയവായി എനിക്ക് അർഹമായ ബഹുമാനം നൽകുകയും ലിംഗ പക്ഷപാതം നിർത്തുകയും ചെയ്യുക. നന്ദി,' പ്രീതി സിന്‍റ എക്സിൽ കുറിച്ചു.
ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിന്‍റെ ഉടമയാണ് പ്രീതി സിന്‍റ. ആദ്യ സീസൺ മുതൽ പഞ്ചാബിന്‍റെ മത്സരങ്ങളിൽ പ്രീതി സിന്‍റ കാണികളുടെ ഇടയിൽ നിറസാന്നിധ്യമായിരുന്നു. ഒരു കിരീടം പോലും പഞ്ചാബ് നേടിയിട്ടില്ലെങ്കിലും പഞ്ചാബിന് വേണ്ടി എന്നും ആർപ്പ് വിളിക്കാൻ അവരെത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.