ബംഗളൂരു: 18 വർഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ചൊവ്വാഴ്ച രാത്രിയാണ് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ഐ.പി.എല്ലിൽ തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കിയത്. തൊട്ടടുത്ത ദിവസം നടത്തിയ വിജയാഘോഷം ദുരന്തത്തിൽ കലാശിച്ചതോടെ കിരീടനേട്ടത്തിന്റെ സന്തോഷം ദുഃഖത്തിന് വഴിമാറി. ബുധനാഴ്ച വൈകിട്ട് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടങ്ങൾക്ക് മുന്നിലുണ്ടായ തിക്കിലും തിരക്കിലും 11 പേർക്കാണ് ജീവൻ നഷ്ടമായത്. ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വിജയാഘോഷം ഞായറാഴ്ച മതിയെന്ന് പൊലീസ് നിർദേശിച്ചിരുന്നതായുള്ള വിവരം പുറത്തുവരുന്നുണ്ട്.
ആർ.സി.ബി വിക്ടറി പരേഡ് നടത്തുവെന്ന വിവരം പുറത്തറിഞ്ഞതിനു പിന്നാലെ ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപത്തേക്ക് ബുധനാഴ്ച രാവിലെ മുതൽ ജനം ഒഴുകിയെത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാകുമെന്ന് മനസിലാക്കി വിധാൻസൗധയിൽനിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള ഓപൺ ബസ് പരേഡ് റദ്ദാക്കിയിരുന്നു. ആരാധകരുടെ വൈകാരിക പ്രകടനം ശക്തമായിരിക്കുമെന്നതിനാൽ ബുധനാഴ്ച ആഘോഷം വേണ്ടെന്ന് സർക്കാറിനെയും ആർ.സി.ബി മാനേജ്മെന്റിനെയും പൊലീസ് ധരിപ്പിച്ചു. എന്നാൽ വിദേശ താരങ്ങൾക്ക് ഉടൻതന്നെ മടങ്ങേണ്ടതിനാൽ വിജയാഘോഷം നീട്ടിവെക്കാനാകില്ലെന്ന വാദമുയർത്തിയാണ് ഫ്രാഞ്ചൈസി ബുധനാഴ്ച വൈകിട്ടത്തെ പരിപാടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
“ബുധനാഴ്ച വിജയാഘോഷം നടത്തുന്നതിൽനിന്ന് പിന്തിരിയണമെന്ന് സർക്കാറിനോടും ആർ.സി.ബി മാനേജ്മെന്റിനോടും ചൊവ്വാഴ്ച രാത്രി മുതൽ ആവശ്യപ്പെട്ടിരുന്നു. ആരാധകരുടെ വൈകാരിക പ്രകടനങ്ങൾ അടങ്ങിയ ശേഷം ഞായറാഴ്ച പരിപാടി നടത്തിയാൽ മതിയെന്ന് ഞങ്ങൾ പറഞ്ഞു. ചൊവ്വാഴ്ച രാത്രി മുതൽ പുലർച്ചെ 5.30 വരെ നഗരത്തിൽ ആർ.സി.ബി ആരാധകരുടെ ആഘോഷമായിരുന്നു. കമീഷണർ ഉൾപ്പെടെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും രാത്രിമുഴുവൻ ഡ്യൂട്ടിയിലായിരുന്നു. പരിപാടി മാറ്റണമെന്ന് ഞങ്ങൾ നിർദേശിച്ചു. എന്നാൽ വിദേശതാരങ്ങൾക്ക് ഇന്നോ നാളയോ തന്നെ മടങ്ങണമെന്നും പരിപാടി ഞായറാഴ്ചത്തേക്ക് മാറ്റാനാകില്ലെന്നുമായിരുന്നു ആർ.സി.ബിയുടെ വാദം. സർക്കാർ അതിനെ എതിർത്താൽ അത് മറ്റൊരു വിവാദമാകും എന്നതിനാൽ പരിപാടി ബുധനാഴ്ച തന്നെയാക്കി” -പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നേരത്തെ ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐ.പി.എല്ലിന്റെ സമയക്രമം പുനഃക്രമീകരിക്കുകയും ഒരാഴ്ചയിലേറെ നീളുകയും ചെയ്തിരുന്നു. വിദേശതാരങ്ങൾക്ക് മറ്റ് പരമ്പരകളുള്ളതിനാൽ മടങ്ങേണ്ടത് അനിവാര്യമായിരുന്നു. ഇതോടെ ഇവരെ ഉൾപ്പെടുത്തണമെങ്കിൽ ഉടൻതന്നെ വിജയാഘോഷം സംഘടിപ്പിക്കണമെന്ന നിലപാടാണ് ഫ്രാഞ്ചൈസി സ്വീകരിച്ചത്. കർണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിൽ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു. ഇതിനിടെ സൗജന്യ പാസ്സിനായി ആളുകൾ തിരക്കുകൂട്ടിയതാണ് അപകടത്തിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.