ലാഹോർ: ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിലെ രണ്ട് മത്സരങ്ങൾ പൂർണമായും ഒരെണ്ണം ഭാഗികമായും തടസപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കളികാണാനെത്തിയ ക്രിക്കറ്റ് ആരാധകർ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ തങ്ങളുടെ നിരാശ അറിയിച്ചിരുന്നു. എന്നാലിപ്പോൾ ആരാധകർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി).
റാവൽപിണ്ടിയിൽ പൂർണമായും മുടങ്ങിയ കളികൾ കാണാനെത്തിയവർക്ക് പ്രവേശന ടിക്കറ്റിന്‍റെ തുക പൂർണമായും മടക്കി നൽകുമെന്നാണ് പി.സി.ബിയുടെ പ്രഖ്യാപനം. ഫെബ്രുവരി 25ന് നിശ്ചയിച്ചിരുന്ന ആസ്ട്രേലിയ -ദക്ഷിണാഫ്രിക്ക മത്സരവും 27ന് നടക്കേണ്ടിയിരുന്ന ബംഗ്ലാദേശ് -മത്സരവുമാണ് ഒറ്റപ്പന്തുപോലും എറിയാതെ ഉപേക്ഷിച്ചത്. അഫ്ഗാനിസ്താൻ -ദക്ഷിണാഫ്രിക്ക മത്സരം ഭാഗിമായി മാത്രമേ നടന്നുള്ളൂ. ഫലമില്ലാതെ മത്സരം അവസാനിപ്പിക്കേണ്ടിവന്നു.
ടോസിന് മുമ്പ് മത്സരം ഉപേക്ഷിച്ചാൽ ടിക്കറ്റിന്‍റെ പണം പൂർണമായി മടക്കിനൽകുമെന്നാണ് പി.സി.ബിയുടെ റീഫണ്ട് പോളിസി. എന്നാൽ ബോക്സുകളിലും പി.സി.ബി ഗാലറിയിലും വി.ഐ.പി ടിക്കറ്റ് എടുത്ത് കയറിയവർക്ക് റീഫണ്ട് ലഭിക്കില്ല. റീഫണ്ട് വേണ്ടവർക്ക് മാർച്ച് 10 മുതൽ 14 വരെ ടി.സി.എസ് ഔട്ട്‍ലെറ്റുകളിലെത്തി ഇതിനായി ക്ലെയിം ചെയ്യാം. ഒറിജനൽ ടിക്കറ്റുകളുമായി അത് എടുത്തവർ തന്നെ എത്തണമെന്നും പി.സി.ബി നിർദേശിച്ചു.
അതേസമയം ബംഗ്ലാദേശിനെതിരായ മത്സരവും ഉപേക്ഷിച്ചതോടെ ചാമ്പ്യൻസ് ട്രോഫിയിൽ ഒറ്റ മത്സരവും ജയിക്കാതെയാണ് ആതിഥേയരായ പാകിസ്താൻ പുറത്തായത്. നിലവിലെ ചാമ്പ്യന്മാരായ പാകിസ്താൻ, മോശം പ്രകടനവുമായി പുറത്തായത് വലിയ ആരാധക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പാക് ക്രിക്കറ്റ് മാനേജ്മെന്‍റിനെതിരെ മുൻ താരങ്ങളടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.