നിലവിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ട്വന്‍റി-20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ പ്ലെയർ ഓഫ് ദി സീരീസാകുമെന്ന് മുൻ ഇന്ത്യൻ താരം പാർഥീവ് പട്ടേൽ. സഞ്ജു സെഞ്ച്വറികൾ കൊണ്ടാണ് നിലവിൽ ഡീൽ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ മത്സരത്തിൽ 20 പന്തിൽ 26 റൺസാണ് സഞ്ജു നേടിയത്.
'സഞ്ജു സാംസൺ ഇപ്പോൾ സെഞ്ച്വറികൾ കൊണ്ടാണ് ഡീൽ ചെയ്യുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരം അവൻ കൊണ്ടുപോകുമെന്നാണ് എനിക്ക് തോന്നുന്നത്,' പാർത്ഥിവ് പട്ടേൽ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. പരമ്പരയിൽ ഇനിയും നാല് മത്സരങ്ങൾ ബാക്കിയുണ്ട്.
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന പരമ്പരയിൽ നാല് മത്സരത്തിൽ നിന്നും രണ്ട് സെഞ്ച്വറികളാണ് സഞ്ജു നേടിയത്. അതിന് മുമ്പ് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലും താരം സെഞ്ച്വറി തികച്ചിരുന്നു. സഞ്ജുവിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാപ്പെട്ട നാല് മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരെയുള്ളത്. ചാമ്പ്യൻസ് ട്രോഫി ടീമിലിടം ലഭിക്കാതിരുന്ന സഞ്ജുവിന് വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായും കളിക്കാൻ സാധിച്ചില്ല. ഇതിനിടെ അച്ചടക്കമില്ലായ്മ എന്ന വിവാദവും താരത്തെ തേടിയെത്തി.
ട്വന്‍റി-20 ക്രിക്കറ്റിൽ മികച്ച ട്രാക്ക് റെക്കോഡുള്ള സഞ്ജു സാംസണിന് ഫോം നിലനിർത്തിയാൽ മാത്രമേ ടീമിലെ സ്ഥാനം ഊട്ടിയുറപ്പിക്കാൻ സാധിക്കുകയുള്ളൂ. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടന്ന ആദ്യ മത്സരത്തിൽ 20 പന്തിൽ നിന്നുമാണ് സഞ്ജു 26 റൺസ് നേടിയത്. നാല് ഫോറും ഒറു സിക്സറുമുൾപ്പടെ ഇംഗ്ലീഷ് ബൗളർ ഗസ് അറ്റ്കിൻസണെതിരെ ഒരോവറിൽ 22 റൺസ് നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ജോഫ്രാ ആർച്ചർ, മാർക്ക് വുഡ് എന്നീ ബൗളർമാർക്കെതിരെ സഞ്ജു പരുങ്ങി. ഒടുവിൽ ആർച്ചറിന് തന്നെ വിക്കറ്റ് നൽകി മടങ്ങുകയും ചെയ്തു.
അതേസമയം ഏഴ് വിക്കറ്റിനായിരുന്ന ഇന്ത്യയുടം വിജയം. സഞ്ജുവിന്‍റെ ഓപ്പണിങ് പങ്കാളിയായ അഭിഷേക് ശർമ34 പന്തിൽ 79 റൺസ് നേടി. മൂന്ന് വിക്കറ്റ് നേടിയ വരുൺ ചക്രവർത്തിയാണ് ഇംഗ്ലണ്ടിനെ 132 റൺസിന് ഒതുക്കാൻ സഹായിച്ചത്. വരുൺ തന്നെയാണ് കളിയിലെ താരവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.