വിക്കറ്റുനേട്ടം ആഘോഷിക്കുന്ന ഷഹീൻ അഫ്രീദി

ആദ്യം പിൻവാങ്ങൽ നാടകം, പിന്നെ യു.എ.ഇക്കെതിരെ വിജയം; ഏഷ്യാകപ്പിൽ വീണ്ടും ഇന്ത്യ -പാക് പോരാട്ടം

ദുബൈ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ അരങ്ങേറിയ മത്സരത്തിൽ യു.എ.ഇക്കെതിരെ 41 റൺസിന്‍റെ ജയവുമായി പാകിസ്താൻ ഏഷ്യാകപ്പ് സൂപ്പർ ഫോർ റൗണ്ടിലേക്ക് കടന്നു. ഇന്ത്യയുമായുള്ള മത്സരത്തിനിടെ ഉയർന്ന ഹസ്തദാന വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം നിരസിച്ച ഐ.സി.സി നടപടിയിൽ പ്രതിഷേധിച്ച് പാകിസ്താൻ ടൂർണമെന്‍റിൽനിന്ന് പിന്മാറുമെന്ന ഭീഷണി ഉയർത്തിയിരുന്നു. പാക് ടീം സ്റ്റേഡിയത്തിൽ എത്താൻ വൈകിയതോടെ ഒരു മണിക്കൂർ വൈകിയാണ് ബുധനാഴ്ച രാത്രി മത്സരം ആരംഭിച്ചത്. പാകിസ്താൻ കളി ജയിച്ചതോടെ വീണ്ടും ഇന്ത്യക്കെതിരെ മത്സരത്തിന് കളമൊരുങ്ങി. സൂപ്പർ ഫോർ റൗണ്ടിൽ ഞായറാഴ്ചയാണ് ഇന്ത്യ -പാക് പോരാട്ടം.

ഫഖർ സമാൻ (36 പന്തിൽ 50), ഷഹീൻ അഫ്രീദി (14 പന്തിൽ 29*) എന്നിവരുടെ ബാറ്റിങ് മികവിൽ 147 റൺസിന്‍റെ വിജയലക്ഷ്യമാണ് പാകിസ്താൻ യു.എ.ഇക്ക് മുന്നിലുയർത്തിയത്. യു.എ.ഇക്കു വേണ്ടി ജുനൈദ് സിദ്ദിഖ് 18 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ പിഴുതു. മറുപടി ബാറ്റിങ്ങിൽ യു.ഇ 105 റൺസിന് പുറത്തായി. 35 റൺസ് നേടിയ രാഹുൽ ചോപ്രയാണ് അവരുടെ ടോപ് സ്കോറർ. പാകിസ്താനു വേണ്ടി ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹ്മദ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ഓൾറൗണ്ട് മികവ് പുറത്തെടുത്ത ഷഹീൻ കളിയിലെ താരമായി. സ്കോർ: പാകിസ്താൻ -20 ഓവറിൽ ഒമ്പതിന് 146. യു.എ.ഇ -17.4 ഓവറിൽ 105ന് പുറത്ത്. 21ന് ദുബൈയിലാണ് ഇന്ത്യ -പാകിസ്താൻ മത്സരം.

ബുധനാഴ്ച വൈകീട്ട് നാടകീയമായാണ് മാച്ച് റഫറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡ് വീണ്ടും ഐ.സി.സിക്ക് കത്ത് നൽകിയത്. എന്നാൽ, മാറ്റില്ലെന്ന നിലപാടിൽ ഐ.സി.സി ഉറച്ചുനിന്നതോടെ ടൂർണമെന്‍റിൽനിന്ന് പാകിസ്താൻ പിന്മാറുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നു. 14ന് ഇന്ത്യയുമായുള്ള മത്സരത്തിനിടെ ടോസിനെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് നായകൻ സൽമാൻ അലി ആഘക്ക് കൈകൊടുത്തിരുന്നില്ല. ഇതിനായി ഇന്ത്യൻ ക്യാപ്റ്റനെ നിർബന്ധിക്കരുതെന്ന് മാച്ച് റഫറി സൽമാന് നിർദേശം നൽകിയിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മത്സരശേഷവും ഇന്ത്യൻ താരങ്ങൾ പാക് താരങ്ങളുമായി ഹസ്തദാനത്തിന് തയാറായില്ല. ഇതിനു പിന്നാലെയാണ് ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പൈക്രോഫ്റ്റിനെ മാറ്റണമെന്ന് പി.സി.ബി ആവശ്യപ്പെട്ടത്.

വിഷയത്തിൽ പൈക്രോഫ്റ്റ് ഏകപക്ഷീയമായി പെരുമാറിയെന്നും, ചട്ടപ്രകാരം മാച്ച് റഫറി എന്ന നിലയിൽ ഹസ്തദാനം നൽകേണ്ടതില്ലെന്ന് ക്യാപ്റ്റന്മാരോടു നിർദേശിക്കാൻ പൈക്രോഫ്റ്റിന് അധികാരമില്ലെന്നുമാണ് പി.സി.ബി ചൂണ്ടിക്കാണിക്കുന്നത്. സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്തതാണ് ഇന്ത്യൻ ടീമിന്‍റെ നടപടിയെന്ന രീതിയിൽ വ്യാപക വിമർശനവും ഉയർന്നു. എന്നാൽ ചില കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിന് പുറത്താണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രതികരിച്ചു. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം പാകിസ്താനുമായി ഇന്ത്യ പാലിക്കുന്ന അകലമാണ് ഒടുവിൽ ക്രിക്കറ്റ് വേദിയിലും പ്രതിഫലിക്കുന്നത്. ഗ്രൂപ്പില്ഡനിന്ന് ഇന്ത്യ നേരത്തെ സൂപ്പർ ഫോറിലെത്തിയിരുന്നു. വീണ്ടും ഇന്ത്യ -പാക് പോരാട്ടം വരാനിരിക്കെ പുതിയ വിവാദമുണ്ടാകുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകർ. 

Tags:    
News Summary - Pakistan vs UAE, Asia Cup 2025: After Pullout Drama, Pakistan Beat UAE By 41 Runs To Join India In Super Four

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.