സർഫറാസ് ഖാൻ
ജയ്പൂർ: ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു ഇന്ത്യക്കാരന്‍റെ അതിവേഗ അർധ സെഞ്ച്വറി ഇനി മുംബൈ താരം സർഫറാസ് ഖാന് സ്വന്തം. വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ 15 പന്തിലാണ് താരം അർധ സെഞ്ച്വറി കുറിച്ചത്.
മഹാരാഷ്ട്ര താരം അഭിജിത് കലെ, ബറോഡ ഓൾ റൗണ്ടർ അതിത് സേത് എന്നിവരുടെ പേരിലുള്ള റെക്കോഡാണ് താരം തകർത്തെറിഞ്ഞത്. 1995ൽ ബറോഡക്കെതിരെ മഹാരാഷ്ട്രക്കായി അഭിജിത് 16 പന്തിലും 2021ൽ ഛത്തിസ്ഗഢിനെതിരെ അതിത് 16 പന്തിലും അർധ സെഞ്ച്വറി നേടിയിരുന്നു. വെടിക്കെട്ട് അർധ സെഞ്ച്വറി നേടിയിട്ടും മത്സരത്തിൽ ഒരു റണ്ണിന് മുംബൈ തോറ്റു. മത്സരത്തിൽ 20 പന്തിൽ അഞ്ചു സിക്സും ഏഴു ഫോറുമടക്കം 62 റൺസെടുത്താണ് സർഫറാസ് പുറത്തായത്. പഞ്ചാബ് ക്യാപ്റ്റനും ഇന്ത്യൻ ട്വന്‍റി20 വെടിക്കെട്ട് ബാറ്ററുമായ അഭിഷേക് ശർമയുടെ ഒരോവറിൽ 30 റൺസാണ് താരം അടിച്ചുകൂട്ടിയത്. മൂന്നു സിക്സും നാലു ഫോറും. ഇടങ്കൈയൻ സ്പിന്നർ ഹർപ്രീത് ബ്രാർ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ അഞ്ചു പന്തിൽ 19 റൺസെടുത്തു. റെക്കോഡ് അർധ സെഞ്ച്വറിക്കു പിന്നാലെ മായങ്ക് മാർകണ്ഡെയുടെ പന്തിൽ എൽ.ബി.ഡബ്ലുവിൽ കുരുങ്ങിയാണ് താരം പുറത്തായത്.
അന്താരാഷ്ട്ര ലിസ്റ്റ് എ ക്രിക്കറ്റിൽ നാലാമത്തെ അതിവേഗ അർധ സെഞ്ച്വറിയാണ് സർഫറാസിന്‍റേത്. 2005-06 ശ്രീലങ്കൻ ആഭ്യന്തര ക്രിക്കറ്റിൽ കൗശല്യ വീരരത്നെ 12 പന്തിൽ നേടിയ ഫിഫ്റ്റിയാണ് ഒന്നാമത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 45.1 ഓവറിൽ 216 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ മുംബൈക്കായി ഓപ്പണർമാരായ മുഷീർ ഖാനും ആങ്ക്രിഷ് രംഘുവംശിയും മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ 8.2 ഓവറിൽ 57 റൺസാണ് നേടിയത്. 22 പന്തിൽ 21 റൺസുമായി മുഷീർ മടങ്ങിയതിനു പിന്നാലെയാണ് സഹോദരൻ സർഫറാസ് ക്രീസിലെത്തുന്നത്. അഭിഷേകാണ് താരത്തിന്‍റെ ബാറ്റിന്‍റെ ചൂട് ആദ്യമറിഞ്ഞത്. ആ ഓവറിലാണ് 30 റൺസ് താരം അടിച്ചുകൂട്ടിയത്.
ആങ്ക്രിഷ് രഘുവംശി 32 പന്തിൽ 23 റൺസും ക്യാപ്റ്റൻ ശ്രേയസ് അയ്യർ 34 പന്തിൽ 45 റൺസെടുത്തും പുറത്തായി. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവ് (12 പന്തിൽ 15), ശിവം ദുബെ (ആറു പന്തിൽ 12) ഉൾപ്പെടെയുള്ളവർക്കൊന്നും തിളങ്ങാനായില്ല. ഒരുഘട്ടത്തിൽ 18 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെന്ന നിലയിലായിരുന്നു. ഇവിടുന്നാണ് ടീം തകർന്നടിഞ്ഞത്. നാലു വിക്കറ്റ് കൈയിലിരിക്കെ ലക്ഷ്യത്തിലേക്ക് 16 റൺസ് മാത്രം മതിയായിരുന്നു. ഒടുവിൽ 26.2 ഓവറിൽ 215 റൺസിന് ടീമിന്‍റെ ഇന്നിങ്സ് അവസാനിച്ചു. ഒരു റൺ തോൽവി.
വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയുടെ റൺവേട്ടക്കാരിൽ ഒന്നാമനാണ് സർഫറാസ്. ആറു ഇന്നിങ്സുകളിൽനിന്നായി 303 റൺസാണ് താരം അടിച്ചുകൂട്ടിയത്. സ്ട്രൈക്ക് റേറ്റ് 190.56. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിൽ ബാറ്റുവീശുമ്പോഴും ഇന്ത്യൻ ടീമിൽനിന്ന് താരത്തെ തുടർച്ചയായി മാറ്റിനിർത്തുന്നതിൽ മുൻ താരങ്ങൾ ഉൾപ്പെടെ വിമർശനവുമായി രംഗത്തുവന്നിരുന്നു. 2024 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെയാണ് താരം അവസാനമായി ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരം കളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.