ഒടുവിൽ പാകിസ്താൻ വഴങ്ങി; ടോസ് നേടിയ യു.എ.ഇ ബൗളിങ് തെരഞ്ഞെടുത്തു; തുടക്കത്തിൽ പതറി പാകിസ്താൻ

ദുബൈ: നാടകീയതക്കൊടുവിൽ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ പാകിസ്താനും യു.എ.ഇയും തമ്മിലുള്ള നിർണായക മത്സരത്തിന് തുടക്കമായി. ടോസ് നേടിയ യു.എ.ഇ പാകിസ്താനെ ബാറ്റിങ്ങിന് വിട്ടു.

മൂന്നു ഓവറിൽ 11 റൺസെടുക്കുന്നതിനിടെ പാകിസ്താന് രണ്ടു വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ ഫർഹാൻ (12 പന്തിൽ അഞ്ച്), സായിം അയൂബ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഫഖർ സമാനും നായകൻ സൽമാൻ ആഗയുമാണ് ക്രീസിൽ. ജുനൈദ് സിദ്ദീഖിനാണ് രണ്ടു വിക്കറ്റും. ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. ജയിക്കുന്ന ടീം സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും.

ഗ്രൂപ്പ് എയിൽനിന്ന് ഇന്ത്യ നേരത്തെ സൂപ്പർ ഫോറിലെത്തിയിരുന്നു. ഏറെ നാടകീയതകൾക്കൊടുവിലാണ് അനിശ്ചിതത്വം നീങ്ങിയത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) അനുനയ ശ്രമങ്ങളുടെ ഭാഗമായി പാകിസ്താൻ മത്സരത്തിന് തയാറാവുകയായിരുന്നു. രാത്രി എട്ടു മണിക്ക് നടക്കേണ്ട മത്സരം ഒരു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. ഹസ്തദാന വിവാദത്തിൽ മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം ഐ.സി.സി തള്ളിയതിൽ പ്രതിഷേധിച്ച് ടൂർണമെന്‍റ് ബഹിഷ്കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പാക് ടീം ഗ്രൗണ്ടിലേക്ക് പുറപ്പെടാതെ ഹോട്ടലിൽ തന്നെ തങ്ങി. പിന്നാലെയാണ് അനുനയ ശ്രമങ്ങളുമായി ഐ.സി.സി രംഗത്തെത്തിയത്. ഇന്ത്യയുമായുള്ള മത്സരത്തിനിടെയുണ്ടായ കൈകൊടുക്കൽ വിവാദത്തിനു പിന്നാലെയാണ് മാച്ച് റഫറിയെ മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടത്. ആവശ്യം ഐ.സി.സി തള്ളിയതോടെ എട്ട് ടീമുകൾ അണിനിരക്കുന്ന ടൂർണമെന്‍റിൽനിന്ന് പിന്മാറുമെന്ന ഭീഷണിയുമായി പാകിസ്താൻ രംഗത്തെത്തി. അനിശ്ചിതത്വങ്ങൾക്കിടെ ബുധനാഴ്ച രാവിലെയോടെ പാകിസ്താൻ കളിക്കുമെന്ന വിവരം പുറത്തുവന്നിരുന്നു. വൈകീട്ട് നാടകീയമായാണ് വീണ്ടും മാച്ച് റഫറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡ് വീണ്ടും ഐ.സി.സിക്ക് കത്ത് നൽകിയത്. എന്നാൽ, മാറ്റില്ലെന്ന നിലപാടിൽ ഐ.സി.സി ഉറച്ചുനിന്നതോടെ ടൂർണമെന്‍റിൽനിന്ന് പാകിസ്താൻ പിന്മാറുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നു.

ഞായറാഴ്ച ഇന്ത്യയുമായുള്ള മത്സരത്തിനിടെ ടോസിനെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് നായകൻ സൽമാൻ അലി ആഘക്ക് കൈകൊടുത്തിരുന്നില്ല. ഇതിനായി ഇന്ത്യൻ ക്യാപ്റ്റനെ നിർബന്ധിക്കരുതെന്ന് മാച്ച് റഫറി സൽമാന് നിർദേശം നൽകിയിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പൈക്രോഫ്റ്റിനെ മാറ്റണമെന്ന് പി.സി.ബി ആവശ്യപ്പെട്ടത്.

Tags:    
News Summary - Pakistan Forced To Climb Down From Asia Cup Pullout Threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.