'ഹിന്ദുക്കൾക്കൊപ്പം ഇരിക്കാനോ ഭക്ഷണം കഴിക്കാനോ വിസമ്മതിക്കുന്ന ഒരാൾ ചായക്ക് ക്ഷണിച്ചതാണ് തമാശ'; അഫ്രീദിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ സഹതാരം

ന്യൂഡൽഹി: പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുൻ സഹതാരം ഡാനിഷ് കനേരിയ.  ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ പരിഹസിച്ചുള്ള ഷാഹിദ് അഫ്രീദിയുടെ എക്സ് പോസ്റ്റിനാണ് കനേരിയ മറുപടി നൽകിയത്.

ഹിന്ദുക്കൾക്കൊപ്പം ഇരിക്കാനോ ഭക്ഷണം കഴിക്കാനോ വിസമ്മതിക്കുന്ന ഒരാൾ പെട്ടെന്ന് ഒരാളെ ചായക്ക് ക്ഷണിക്കുന്നതിലെ കാപട്യം മനസിലാകുന്നില്ലെന്നാണ് കനേരിയയുടെ പ്രതികരണം. 

കാർഗിൽ യുദ്ധ വിജയം ഓർമിപ്പിച്ച ധവാനെ പരിഹസിച്ച് 'ജയവും തോൽവിയും മറക്കൂ, ശിഖർ, ഒരു ചായ കുടിക്കാം' എന്ന അഫ്രീദിയുടെ പോസ്റ്റ് പങ്കുവെച്ചാണ് കനേരിയയുടെ പ്രതികരണം.

'ഹിന്ദുക്കൾക്കൊപ്പം ഇരിക്കാനോ ഭക്ഷണം കഴിക്കാനോ വിസമ്മതിക്കുന്ന ഒരാൾ പെട്ടെന്ന് ഒരാളെ ചായക്ക് ക്ഷണിക്കുന്നതാണ് തമാശ - ചായക്ക് ക്ഷണിക്കുന്നതിലെ കാപട്യം മനസിലാകുന്നേയില്ല.' എന്നായിരുന്നു കനേരിയ എക്സിൽ നൽകിയ മറുപടി.    

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പിടിപ്പുകേടാണെന്ന പരാമർശവുമായി അഫ്രീദി രംഗത്തെത്തിയിരുന്നു. സ്വന്തം ജനങ്ങളെ കൊന്നിട്ട്, പഴി പാകിസ്താനുമേൽ ചുമത്തുകയാണെന്ന് അഫ്രീദിയുടെ പരാമർശം വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അഫ്രീദിയുടെ ഈ പരാമർശത്തിലും രൂക്ഷ മറുപടിയാണ് കനേരിയ നൽകിയത്. എപ്പോഴും തീവ്രവാദ ആശയങ്ങൾക്കൊപ്പം നിൽക്കുന്നയാളാണ് അഫ്രീദി എന്നായിരുന്നു കനേരിയ പറഞ്ഞത്.

കാർഗിൽ യുദ്ധ വിജയം ഓർമിപ്പിച്ചാണ് അഫ്രീദിക്ക്  ശിഖർ ധവാൻ മറുപടി നൽകിയത്. 

‘ഞങ്ങൾ നിങ്ങളെ കാർഗിലിൽ തോൽപ്പിച്ചിട്ടുണ്ട്. ഇപ്പോൾത്തന്നെ നിങ്ങൾ തരംതാണ് നിലംതൊട്ട അവസ്ഥയിലാണ്. ഇനിയും നിങ്ങൾ എത്രത്തോളം തരംതാഴും? ഇത്തരം അനാവശ്യ പരാമർശങ്ങൾ നടത്തുന്നതിനു പകരം, നിങ്ങളുടെ മനസ്സും ചിന്തയും സ്വന്തം രാജ്യത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കൂ അഫ്രീദി. ഞങ്ങൾ ഇന്ത്യക്കാർക്ക് ഞങ്ങളുടെ സൈന്യത്തെക്കുറിച്ച് അഭിമാനം മാത്രമേയുള്ളൂ. ഭാരത് മാതാ കീ ജയ്. ജയ് ഹിന്ദ്’ – എന്നായിരുന്നു ശിഖർ ധവാൻ എക്സിൽ കുറിച്ചത്. ഇതിന് മറുപടിയുമായാണ് അഫ്രീദിയുടെ പുതിയ പോസ്റ്റ്.

Tags:    
News Summary - pakistan cricketer danish kaneria X post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.