എൻ.എസ്.കെ ട്രോഫി: കെ.സി.എ ഇലവനും തൃശൂരിനും ജയം

തിരുവനന്തപുരം: കെ.സി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എൻ.എസ്.കെ ട്രോഫിക്കായുള്ള സംസ്ഥാന ട്വന്‍റി20 ചാമ്പ്യൻഷിപ്പിൽ കെ.സി.എ കമ്പൈൻഡ് ഇലവനും തൃശൂരിനും ജയം. തുമ്പ സെന്‍റ് സേവ്യേഴ്സ് കെ.സി.എ സ്റ്റേഡിയത്തിൽ ആരംഭിച്ച ടൂർണമെന്‍റിന്‍റെ ആദ്യ മത്സരത്തിൽ കെ.സി.എ ഇലവൻ കണ്ണൂരിനെയും രണ്ടാം മത്സരത്തിൽ തൃശൂർ കൊല്ലത്തെയുമാണ് പരാജയപ്പെടുത്തിയത്.

ടോസ് നേടിയ കെ.സി.എ ടീം കണ്ണൂരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കണ്ണൂർ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. 56 റൺസ് നേടിയ കേരള രഞ്ജിതാരം സൽമാൻ നിസാറിന്‍റെയും 45 റൺസ് നേടിയ എം.എൻ. നീരജിന്‍റെയും ബാറ്റിങ് മികവിലാണ് കണ്ണൂർ ഈ സ്കോർ നേടിയത്. കെ.സി.എക്കുവേണ്ടി വിനോദ്കുമാർ, വിശ്വേശ്വർ, അഭിജിത് പ്രവീൺ എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കെ.സി.എ ടീം 18 പന്തിൽ പുറത്താകാതെ 40 റൺസ് നേടി കളിയിലെ കേമനായ വിനോദ്കുമാറിന്‍റെയും 35 റൺസ് നേടിയ ഗോവിന്ദ പൈയുടേയും ബാറ്റിങ് മികവിൽ ഒരു പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

രണ്ടാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കൊല്ലം 20 ഓവറിൽ 182 റൺസ് അടിച്ചുകൂട്ടി. 76 റൺസ് നേടിയ രാഹുൽ ദേവിന്‍റെയും 40 റൺസ് നേടിയ പി.എസ്. സച്ചിന്‍റെയും ബാറ്റിങ് മികവിലായിരുന്നു ഈ നേട്ടം. തൃശൂരിനുവേണ്ടി എൻ. ഷറഫുദ്ദീൻ മൂന്നും കിരൺസാഗർ രണ്ടും വിക്കറ്റുകൾ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ 18.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. ടി.ജെ. ആദിദേവ് 59 ഉം ജോഫിൻജോസ്, വത്സൽ ഗോവിന്ദ് എന്നിവർ 31 റൺസ് വീതവും നേടി.

Tags:    
News Summary - NSK Trophy: KCA XI and Thrissur win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 01:58 GMT