നരെയ്‌നും റസ്സലിനും ഇടമില്ല; ലോകക്കപ്പിനുള്ള വിൻഡീസ് ടീമായി

വെറ്ററൻ ആൾറൗണ്ടർമാരായ സുനിൽ നരെയ്‌നും ആന്ദ്രേ റസ്സലിനും ഇടമില്ലാതെ ട്വന്റി 20 ലോകകപ്പിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം സമീപകാലത്ത് ടീമിന് പുറത്തായ ഓപണർ എവിൻ ലൂയിസിനെയും രണ്ട് പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. നിക്കൊളാസ് പൂരൻ ആണ് ടീമിനെ നയിക്കുക. റൊവ്മാൻ പൊവലാണ് ഉപനായകൻ.

പരിചയ സമ്പത്തിനും യുവത്വത്തിനും തുല്യപ്രാധാന്യം നൽകിയാണ് ടീമൊരുക്കിയതെന്നും കരീബിയൻ പ്രീമിയർ ലീഗിലെ (സി.പി.എൽ) കളിക്കാരുടെ പ്രകടനങ്ങൾ പരിഗണിച്ചിട്ടുണ്ടെന്നും ചീഫ് സെലക്ടർ ഡെസ്മണ്ട് ഹെയ്ൻസ് പറഞ്ഞു. ടീമിൽ ഇടം നേടാത്തവർ കഠിനാധ്വാനം ചെയ്യണമെന്നും പരിക്ക് പോലുള്ള അടിയന്തര ഘട്ടങ്ങളിൽ പുറത്തുനിന്ന് കളിക്കാരെ എടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോമില്ലായ്മയാണ് ട്വന്റി 20 സ്‌പെഷലിസ്റ്റായ റസ്സലിന് ഇടം നൽകാത്തതിന് കാരണമായി സെലക്ടർമാർ പറയുന്നത്. കഴിഞ്ഞ വർഷത്തെ ട്വന്റി 20 ലോകകപ്പ് ടീമിലുണ്ടായിരുന്ന താരത്തിന് സി.പി.എല്ലിൽ മികവ് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. നാല് ഇന്നിങ്‌സിൽ നിന്ന് 17 റൺസ് മാത്രമാണ് 34കാരന്റെ സമ്പാദ്യം. 2019ന് ശേഷം വിൻഡീസ് ടീമിനു വേണ്ടി കളിക്കാത്ത നരെയ്ൻ താൽപര്യം പ്രകടിപ്പിക്കാത്തതിനാലാണ് ടീമിലെടുക്കാതിരുന്നതെന്ന് ചീഫ് സെലക്ടർ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ബൗളിങ് ആൾറൗണ്ടറായ ഫാബിയൻ അലനും ടീമിൽനിന്ന് വിട്ടുനിൽക്കുന്നുണ്ട്.

ട്വന്റി 20യിൽ വിൻഡീസിന് വേണ്ടി ഇതുവരെ കളിച്ചിട്ടില്ലാത്ത ആൾറൗണ്ടർ യാനിക് കറിയ, സ്പിന്നർ ഹെയ്ഡൻ വാൽഷ് എന്നിവർ ടീമിൽ ഇടംനേടി. ഈ സീസൺ സി.പി.എല്ലിൽ ഒരു ടീമിലും അവസരം ലഭിച്ചിട്ടില്ലാത്ത കറിയ ഇതുവരെ നാല് ട്വന്റി 20 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. കഴിഞ്ഞ മാസം നടന്ന വിൻഡീസ്-ന്യൂസിലാന്റ് ഏകദിന പരമ്പരയിൽ ടീമിലുണ്ടായിരുന്നു.

വെസ്റ്റിൻഡീസ് ടീം ഇങ്ങനെ:

നിക്കൊളാസ് പൂരൻ, ഷിംറോൺ ഹെറ്റ്‌മെയർ, എവിൻ ലൂയിസ്, റൊവ്മാൻ പൊവൽ, ജേസൻ ഹോൾഡർ, കെയ്ൽ മെയേഴ്‌സ്, യാനിക് കറിയ, അകീൽ ഹുസൈൻ, ഒബെദ് മക്കോയ്, ജോൺസൺ ചാൾസ്, അൻസാരി ജോസഫ്, റെയ്‌മോൻ റീഫർ, ഷെൽഡൻ കോൺഡ്രൽ, ബ്രാൻഡൻ കിങ്, ഒഡിയൻ സ്മിത്ത്.

Tags:    
News Summary - No space for Narine and Russell; West Indies squad for World Cup announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.