ഇസ്ലാമാബാദ്: ചാമ്പ്യൻസ് ട്രോഫി കിരീടം ആര് നേടും? എട്ടു ടീമുകൾ രണ്ടു ഗ്രൂപ്പുകളിലായി പോരടിക്കുന്ന ടൂർണമെന്‍റിൽ ആര് കപ്പ് ഉയർത്തുമെന്ന ചോദ്യത്തിന് ഉത്തരം നൽകുക ഏറെ കഠിനമാണ്. ഏകദിന ലോകകപ്പ് ചാമ്പ്യന്മാരും ഐ.സി.സി ടൂർണമെന്‍റുകളിൽ മേധാവിത്വം കാട്ടുന്നവരുമായ ആസ്ട്രേലിയ ഇത്തവണ നാലു മുൻനിര താരങ്ങളില്ലാതെയാണ് കളിക്കാനെത്തുന്നത്.
ട്വന്‍റി20 ലോക ജേതാക്കളായ ഇന്ത്യൻ നിരയിലാണെങ്കിൽ പേസ് കുന്തമുന ജസ്പ്രീത് ബുംറയില്ല. ടൂർണമെന്‍റിന് വേദിയൊരുക്കുന്ന പാകിസ്താൻ ടീമിലും കാര്യങ്ങൾ അത്ര ശുഭകരമല്ല. കഴിഞ്ഞദിവസം സ്വന്തം നാട്ടിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ടീം തോറ്റു. ഇന്ത്യക്കെതിരായ ഏകദിന, ട്വന്‍റി20 പരമ്പരകൾ തോറ്റതിന്‍റെ ക്ഷീണത്തിലാണ് ഇംഗ്ലണ്ട്. അതുകൊണ്ടു തന്നെ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിസ്റ്റുകളെ പോലും പ്രവചിക്കുക അസാധ്യമാണ്. എന്നാൽ, മുൻ പാകിസ്താൻ താരവും പാക് ക്രിക്കറ്റ് ബോർഡ് സെലക്ടറുമായ കംറാൻ അക്മൽ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിൽ സെമി ഫൈനൽ കളിക്കുന്ന നാലു ടീമുകളെ പ്രവചിച്ചിരിക്കുകയാണ്. ആതിഥേയ രാജ്യമായ പാകിസ്താൻ അക്മലിന്‍റെ അവസാന നാലിൽ ഇല്ലെന്നതാണ് ഏറെ ശ്രദ്ധേയം.
ചാമ്പ്യൻസ് ട്രോഫിക്കുള്ള പാക് ടീമിൽ നിരവധി പഴുതുകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവയാണ് അക്മലിന്‍റെ സെമി സാധ്യത ടീമുകൾ. ‘പിഴവുകൾ നിറഞ്ഞതാണ് നമ്മുടെ ടീം. ബൗളിങ് നിര മികച്ചതല്ല. സ്പിന്നർമാരില്ല. ഓപ്പണർമാരുടെ കാര്യവും കഷ്ടമാണ്. നായകനും സെലക്ടർമാരും എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല. എന്നിട്ടും നമ്മുടെ ചെയർമാൻ അത് അംഗീകരിച്ചു. കാര്യങ്ങൾ കണ്ടറിയേണ്ടി വരും. മറ്റു ടീമുകളെല്ലാം ഏറെക്കുറെ സംതുലിതമാണ്’ -കംറാൻ അക്മൽ പറഞ്ഞു.
കൂടുതൽ മികച്ച ടീമിനെ തെരഞ്ഞെടുക്കാമായിരുന്നു. ഇന്ത്യ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകൾ സെമിയിലെത്തും. അഞ്ചു പ്രധാന താരങ്ങളുടെ പരിക്ക് ആസ്ട്രേലിയയുടെ സാധ്യതകൾ ഇല്ലാതാക്കിയെന്നും അദ്ദേഹം പ്രതികരിച്ചു. ഈമാസം 19നാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാകുന്നത്. 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഞായറാഴ്ചയാണ് ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം. ദുബൈയിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.