ഹാർദിക്കിനെ കൂവി വിളിക്കാതെ ആരാധകർ; മുംബൈക്ക് സീസണിലെ ആദ്യ ജയവും

മുംബൈ: മുംബൈ നായകൻ ഹാർദിക് പാണ്ഡ്യക്ക് ഒടുവിൽ ആശ്വാസം. വാംഖഡെ സ്റ്റേഡിയത്തിൽ ഡൽഹി കാപിറ്റൻസിനെതിരായ മത്സരത്തിൽ ആരാധകരുടെ കൂവി വിളി കേൾക്കേണ്ടി വന്നില്ല, ടീം സീസണിലെ ആദ്യ ജയവും കുറിച്ചു. ഡൽഹിയെ 29 റൺസിന് തോൽപിച്ച മുംബൈ പോയന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് കയറി.

ആരാധകരെല്ലാം ഒരേ സ്വരത്തിൽ മുംബൈ ടീമിനുവേണ്ടിയാണ് ഇന്ന് ആർത്തുവിളിച്ചത്. രോഹിത് ശർമയെ മാറ്റി ഹാർദിക്കിനെ ക്യാപ്റ്റനാക്കിയതോടെയാണ് ആരാധകർ വൻ പ്രതിഷേധവുമായി രംഗത്തുവന്നത്. സമൂഹ മാധ്യമങ്ങളിൽ ടീമിനെ പിന്തുണച്ച ആരാധകരിൽ നിരവധിപ്പേർ മുംബൈയെ കൈയൊഴിഞ്ഞു. പിന്നാലെ ആരാധകരോഷം സ്റ്റേഡിയത്തിലേക്കും എത്തി. ടീം കളിച്ച മൂന്നു മത്സരങ്ങളിലും ഹാർദിക്കിനെ കൂവി വിളിച്ചാണ് ആരാധകർ വരവേറ്റത്.

തുടർച്ചയായി മൂന്നു മത്സരങ്ങളും തോറ്റതോടെ ക്യാപ്റ്റൻസിയെ ചൊല്ലിയും ഹാർദിക് വിമർശനം നേരിട്ടിരുന്നു. ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിൽ പൂജ നടത്തിയാണ് താരം കളിക്കാനെത്തിയത്. പരമ്പരാഗത വേഷത്തിൽ ക്ഷേത്രത്തിലെത്തി പൂജ നടത്തി പ്രാർഥിക്കുന്ന ഹാർദിക്കിന്റെ വിഡിയോ വൈറലായിരുന്നു. ഗുജറാത്ത് ടീമിന്റെ ക്യാപ്റ്റനായിരിക്കെ രണ്ടു തവണയും ടീമിനെ ഫൈനലിൽ എത്തിക്കാനും ഒരുതവണ കിരീടം സ്വന്തമാക്കാനും ഹാർദിക്കിനു കഴിഞ്ഞിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സ്, സൺ റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളോടാണ് മുംബൈ തോൽവി വഴങ്ങിയത്. അതിനിടെ ഹാർദിക്കിനെ പിന്തുണച്ച് ഏതാനും താരങ്ങളും രംഗത്തെത്തി. മത്സരത്തിനിടെ ഹാർദികിന് അർഹമായ ബഹുമാനം നൽകുന്നില്ലെന്നും വിമർശനമുയർന്നു. ഹാർദിക്കിനെ കൂവി വിളിക്കുന്നത് നിർത്തണമെന്ന് മുംബൈ ആരാധകരോട് മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി അഭ്യർഥിച്ചിരുന്നു. വാംഖഡെയിൽ കളി കാണാനെത്തിയവരിൽ 18,000ത്തിലധികം കുട്ടികളുമുണ്ടായിരുന്നു. റിലയൻസ് ഫൗണ്ടേഷന്‍റെ നേതൃത്വത്തിലാണ് വിവിധ സന്നദ്ധ സംഘടനകളിൽനിന്നുള്ള കുട്ടികൾക്ക് പ്രവേശനം നൽകിയത്.

Tags:    
News Summary - No Booing For Hardik Pandya At Wankhede Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.