‘പിതാവിന്‍റെ ഓട്ടോ ഡ്രൈവർ ജോലി അപമാനമല്ല, അതാണ് എന്‍റെ കരുത്ത്...’; ട്രോളന്മാർക്ക് കിടിലൻ മറുപടി നൽകി ക്രിക്കറ്റർ സിറാജ്

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് തയാറെടുക്കുകയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ്. ശുഭ്മൻ ഗിൽ സ്ഥിരം നായകനായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്.

ജൂൺ 20ന് ആരംഭിക്കുന്ന പരമ്പരയിൽ, ഇന്ത്യൻ ടീമിലെ പ്രധാന പേസർമാരിൽ ഒരാളാണ് സിറാജ്. കഴിഞ്ഞദിവസം താരം ഒരു കുടുംബ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതോടൊപ്പം വൈകാരിക കുറിപ്പും പങ്കുവെച്ചു. വർഷങ്ങൾക്കു മുമ്പുള്ളതാണ് ചിത്രം. മാതാവിനും സഹോദരനും മരിച്ചുപോയ പിതാവിനുമൊപ്പം സിറാജ് നിൽക്കുന്ന ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 15 ലക്ഷത്തിലധികം പേരാണ് പോസ്റ്റിന് ലൈക്ക് ചെയ്തത്.

‘ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചതിൽ ഏറെ നന്ദിയുള്ളവനാണ്. ഒരു ഓട്ടോ ഡ്രൈവറുടെ മകൻ ഇന്ത്യൻ ടീമിനായി കളിക്കുമെന്ന് ആരെങ്കിലും ചിന്തിക്കുമോ? ഓരോ കുട്ടിയും അടുത്തുവന്ന് ഇന്ത്യക്കായി അവനും ഒരിക്കൽ കളിക്കുമെന്ന് പറയുമ്പോഴെല്ലാം ഞാൻ അഭിമാനത്തോടെ പുഞ്ചിരിക്കും. പക്ഷേ, അതിനെ അപമാനമായി കാണുന്നവരുമുണ്ട്. ഫോമിലല്ലാത്ത സമയങ്ങളിൽ, നിങ്ങളുടെ പിതാവിനെ പോലെ പോയി ഓട്ടോറിക്ഷ ഓടിക്കു എന്നാണ് അവർ പറയുക’ -സിറാജ് കുറിച്ചു.

‘എന്നാൽ, എന്‍റെ പിതാവിന്‍റെ ജോലി എനിക്കൊരു അപമാനമല്ല, അതാണ് എന്‍റെ കരുത്ത്. കഠിനാധ്വാനം എന്താണെന്ന് അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത് -ആരൊക്കെ എന്ത് പറഞ്ഞാലും തല താഴ്ത്തി പിടിച്ചു മുന്നോട്ട് പോകുക. ഏറെ നേരത്തെ പരിശീലനത്തിന് ശേഷമുള്ള വീട്ടിലേക്കുള്ള നടത്തമാണ് വിശപ്പ് എന്താണെന്ന് എന്നെ പഠിപ്പിച്ചത്. ആളുകൾ എന്നെ അവഗണിക്കുമ്പോഴെല്ലാം, ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്തു. വർഷങ്ങളുടെ പരിശ്രമം കൊണ്ടാണ് ഇന്ത്യൻ ടീമിലെത്തിയത്. എന്നിട്ടും എന്റെ യാത്രയെ ഒരു സ്റ്റീരിയോടൈപ്പാക്കി മാറ്റാൻ ഓൺലൈനിൽ കുറച്ച് വാക്കുകൾ മാത്രം മതി’ -സിറാജ് തുടർന്നു.

‘കരുത്തുറ്റ വാക്കുകളോടെയാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്. ഓട്ടോ ഡ്രൈവറുടെ മകനോ, ഒരു സോഫ്റ്റ്‌വെയർ എൻജിനീയറോ എന്നതല്ല പ്രശ്നം, വിജയത്തിന് പേരുകൾ ഒരു തടസ്സമല്ല, കഠിനാധ്വാനം മാത്രമേയുള്ളൂ എന്നതിന്റെ തെളിവാണ് എന്റെ ജഴ്‌സി’ -സിറാജ് കൂട്ടിച്ചേർത്തു. ഹൈദരാബാദിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് സിറാജിന്‍റെ ജനനം. കഠിനാധ്വാനം കൊണ്ടു മാത്രമാണ് താരം ഇന്ത്യൻ ടീമിലെത്തിയത്. പിതാവ് ഓട്ടോ ഡ്രൈവറായിരുന്നു. ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്‍റെ താരമാണ്.

Tags:    
News Summary - ‘My dad’s work is not an insult’: Siraj shuts trolls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.