എം.എസ്. ധോണി

‘അങ്ങനെയെങ്കിൽ പലരും 22-ാം വയസ്സിൽ കളി നിർത്തേണ്ടിവരും’; ഇനിയും സമയമുണ്ടെന്ന് ധോണി

അഹ്മദാബാദ്: ഐ.പി.എൽ ചരിത്രത്തിൽ തങ്ങളുടെ മോശം പ്രകടനവുമായാണ് ഇത്തവണ ചെന്നൈ സൂപ്പർ കിങ്സ് സീസൺ അവസാനിപ്പിക്കുന്നത്. ടൂർണമെന്‍റിന്‍റെ പാതിവഴിയിൽ പരിക്കേറ്റ ഋതുരാജ് ഗെയ്ക്വാദിൽനിന്ന് വെറ്ററൻ താരം എം.എസ്. ധോണി ക്യാപ്റ്റൻസി ഏറ്റെടുത്തെങ്കിലും തുടർപരാജയങ്ങൾ വഴങ്ങുകയായിരുന്നു. അവസാന മത്സരത്തിൽ ജയം പിടിച്ച ആശ്വാസത്തോടെയാണ് സി.എസ്.കെ സീസണോട് വിട പറയുന്നത്. 43കാരനായ ധോണി വിരമിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെ ഇക്കാര്യത്തിൽ പ്രതികരണവുമായി കഴിഞ്ഞ ദിവസം താരംതന്നെ രംഗത്തുവന്നതാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

വിരമിക്കുന്നതിനെ കുറിച്ച് തിടുക്കപ്പെട്ട് തീരുമാനമെടുക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് മത്സരശേഷം ധോണി വ്യക്തമാക്കി. ഫിറ്റ്നസ് നിലനിർത്തുകയെന്നതാണ് പ്രധാനം. പ്രകടനത്തെ മാത്രം അടിസ്ഥാനപ്പെടുത്തി വിരമിക്കാൻ തീരുമാനിച്ചാൽ, ചില ക്രിക്കറ്റ് താരങ്ങൾ 22-ാം വയസ്സിൽ കളി നിർത്തേണ്ടിവരുമെന്നും ധോണി പറഞ്ഞു. സീസണിൽ ചെന്നൈക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നും അടുത്ത സീസണിൽ ഋതുരാജ് തന്നെ ക്യാപ്റ്റനായി തിരിച്ചെത്തുമെന്നും ധോണി പറയുന്നു.

“ഇത്തവണ ഞങ്ങൾക്ക് നല്ല സീസണായിരുന്നില്ല. പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇന്നത്തെ വിജയം മികച്ചതാണ്. പല ഘടകങ്ങളും ആശ്രയിച്ചാണ് മത്സരഫലം ഉണ്ടാകുന്നത്. ടോസിലെ തീരുമാനങ്ങൾ പലപ്പോഴും നിർണായകമാണ്. ചെന്നൈയിൽ കളിച്ച നാല് മത്സരങ്ങളിൽ ആദ്യം ബാറ്റു ചെയ്യേണ്ടിയിരുന്നുവെന്ന് തോന്നുന്നു. ബാറ്റിങ് ഡിപാർട്ട്മെന്‍റ് കൂടുതൽ മെച്ചപ്പെടണം. അടുത്ത സീസണിലും ഋതുരാജ് തന്നെ ടീമിനെ നയിക്കും.

വിരമിക്കലിനെ കുറിച്ച് തീരുമാനിക്കാൻ എനിക്ക് ഇനിയും നാലോ അഞ്ചോ മാസങ്ങളുണ്ട്. തിരക്കിട്ടൊരു പ്രഖ്യാപനം ആവശ്യമില്ല. ശരീരം ഫിറ്റായി സൂക്ഷിക്കണം, ഏറ്റവും മികച്ച രീതിയിൽ. പ്രകടനത്തെ മാത്രം അടിസ്ഥാനപ്പെടുത്തി വിരമിക്കാൻ തീരുമാനിച്ചാൽ, ചില ക്രിക്കറ്റ് താരങ്ങൾ 22-ാം വയസ്സിൽ കളി നിർത്തേണ്ടിവരും. റാഞ്ചിയിലേക്ക് മടങ്ങിപ്പോയി ബൈക്ക് റൈഡിങ് ആസ്വദിക്കാമെന്നാണ് ഇപ്പോൾ കരുതുന്നത്. ഞാൻ നിർത്തിയെന്നോ തിരികെ വരുമെന്നോ ഇപ്പോൾ പറയുന്നില്ല. ഒരുപാട് സമയമുണ്ട്. നന്നായി ചിന്തിച്ച് ഉചിതമായ തീരുമാനമെടുക്കും” -ധോണി പറഞ്ഞു.

നേരത്തെ, ധോണിയെ അടുത്ത സീസണിലും ഇറക്കാനാകുമെന്ന പ്രതീക്ഷ ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്‍റ് പങ്കുവെച്ചിരുന്നു. മുതിർന്ന താരമായ ധോണിയുടെ സാന്നിധ്യം ടീമിന് കൃത്യമായ തീരുമാനങ്ങളെടുക്കാൻ സഹായകമാകുമെന്നാണ് മാനേജ്മെന്‍റിന്‍റെ കണക്കുകൂട്ടൽ. അതേസമയം ഞായറാഴ്ച ഗുജറാത്ത് ടൈറ്റൻസിനെ 83 റൺസിനാണ് ചെന്നൈ തോൽപ്പിച്ചത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ചെ​ന്നൈ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റി​ന് 230 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്തപ്പോൾ ഗു​ജ​റാ​ത്തിന്‍റെ മറുപടി 18.3 ഓ​വ​റി​ൽ 147 റ​ൺ​സി​ലൊ​തു​ങ്ങി. 14 ക​ളി​ക​ളി​ൽ നാ​ല് ജ​യ​വും പ​ത്ത് തോ​ൽ​വി​യു​മാ​യാ​ണ് മു​ൻ ജേ​താ​ക്ക​ളാ​യ ചെ​ന്നൈ​യു​ടെ മ​ട​ക്കം.

Tags:    
News Summary - MS Dhoni Takes Dig At Critics In Big IPL Retirement Update: "Retire At 22..."

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.