ധോണിയോ ഹാർദിക്കോ അല്ല! ഐ.പി.എൽ 2024ലെ ഏറ്റവും വിലപിടിപ്പുള്ള നായകൻ ആരെന്നറിയണോ...

ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 2024 പതിപ്പ് പടിവാതിൽക്കൽ എത്തിയിരിക്കുന്നു. ടീമുകളെല്ലാം പുതിയ സീസണുള്ള തയാറെടുപ്പുകളിലാണ്. 10 ടീമുകളാണ് ഇത്തവണ ഐ.പി.എല്ലിൽ പങ്കെടുക്കുന്നത്.

ആകെ 74 മത്സരങ്ങൾ. ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള നായകൻ ചെന്നൈ സൂപ്പർ കിങ്സിന്‍റെ എം.എസ്. ധോണിയോ, മുംബൈ ഇന്ത്യൻസിന്‍റെ ഹാർദിക് പാണ്ഡ്യയോ ആണെന്ന് കരുതിയെങ്കിൽ തെറ്റി. അവർക്കും മീതെയാണ് ലഖ്നോ സൂപ്പർ ജയന്‍റ്സ് നായകൻ കെ.എൽ. രാഹുലുള്ളത്. 17 കോടി രൂപയാണ് താരത്തിന്‍റെ ശമ്പളം. 16 കോടിയുമായി ഡൽഹി കാപിറ്റൽസിന്‍റെ നായകൻ ഋഷഭ് പന്താണ് രണ്ടാമത്.

വാഹനാപകടത്തിൽ പരിക്കേറ്റ് ഏറെ നാളായി പുറത്തിരിക്കുന്ന താരം, ഐ.പി.എല്ലിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ സീസൺ താരത്തിന് പൂർണമായി നഷ്ടപ്പെട്ടിരുന്നു. പന്തിന് ഐ.പി.എൽ സീസണിലെ എല്ലാ മത്സരങ്ങളിലും കളിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെന്ന് ഡൽഹിയുടെ പരിശീലകനും മുൻ ആസ്ട്രേലിയൻ നായകനുമായ റിക്കി പോണ്ടിങ് പറഞ്ഞു.

പന്ത് നായക പദവി ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ ഡേവിഡ് വാർണർ തന്നെയാകും ഇത്തവണയും ടീമിനെ നയിക്കുക. സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമാണ് ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന നായകൻ. 2.6 കോടി രൂപ. സീസണു മുന്നോടിയായി ടീം പുതിയ നായകനെ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഗുജറാത്ത് ടൈറ്റൻസിൽനിന്ന് മുംബൈയിലെത്തിയ ഹാർദിക്ക് പാണ്ഡ്യക്ക് ടീം ക്യാപ്റ്റൻ സ്ഥാനവും നൽകിയിരുന്നു.

രോഹിത് ശർമയെ മാറ്റിയാണ് ഹാർദിക്കിനെ ക്യാപ്റ്റനാക്കിയത്. ഇത് ആരാധകരുടെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഹാർദിക്കിന് 15 കോടിയാണ് മുംബൈ നൽകുന്നത്. രാജസ്ഥാൻ റോയൽസ് -സഞ്ജു സാംസൺ (14 കോടി), ചെന്നൈ സൂപ്പർ കിങ്സ് -എം.എസ്. ധോണി (12 കോടി), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് -ശ്രേയസ്സ് അയ്യർ (12.5 കോടി), പഞ്ചാബ് കിങ്സ് -ശിഖർ ധവാൻ (8.25 കോടി), ഗുജറാത്ത് ടൈറ്റൻസ് -ശുഭ്മൻ ഗിൽ (എട്ടു കോടി), റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ -ഫാഫ് ഡുപ്ലെസിസ് (ഏഴ് കോടി) എന്നിങ്ങനെയാണ് ബാക്കി നായകന്മാരുടെ ശമ്പളം.

Tags:    
News Summary - most expensive captain of IPL 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.