ദുബൈ: ഐ.സി.സി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ബുധനാഴ്ച ആരംഭിക്കാനിരിക്കെ, ഇന്ത്യൻ ബൗളിങ് പരിശീലകനും മുൻ ദക്ഷിണാഫ്രിക്കൻ താരവുമായ മോണി മോർക്കൽ നാട്ടിലേക്ക് മടങ്ങി. ദുബൈയിൽ ടൂർണമെന്‍റ് ഒരുക്കങ്ങൾക്കിടെയാണ് മോർക്കൽ വ്യക്തിപരമായ കാരണങ്ങളാൽ അടിയന്തരമായി നാട്ടിലേക്ക് മടങ്ങിയത്. പിതാവിന്‍റെ മരണത്തെ തുടർന്നാണ് നാട്ടിലേക്ക് പോയതെന്നാണ് വിവരം.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇന്ത്യൻ ടീം അംഗങ്ങളും പരിശീലക സംഘവും ദുബൈയിൽ എത്തിയത്. ഐ.സി.സി അക്കാദമി ഗ്രൗണ്ടിൽ ഇതിനിടെ ടീം പലതവണ പരിശീലനം നടത്തി. മോർക്കൽ എന്ന് ടീമിനൊപ്പം ചേരുമെന്നതിൽ ഇതുവരെ വ്യക്തതയില്ല. അദ്ദേഹത്തിന്‍റെ അഭാവം ഇന്ത്യൻ ബൗളിങ്ങിന്‍റെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. പരിക്കേറ്റ പേസ് കുന്തമുന ജസ്പ്രീത് ബുംറ ഇല്ലാതെയാണ് ടീം കളിക്കാനിറങ്ങുന്നത്. ഇടവേളക്കുശേഷം ടീമിൽ തിരിച്ചെത്തിയ മുഹമ്മദ് ഷമിയാണ് പേസ് നിരയെ നയിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കളിച്ചെങ്കിലും താരത്തിന് പഴയ ഫോം വീണ്ടെടുക്കാനായിട്ടില്ല. ഏകദിനത്തിൽ അനുഭവപരിചയമില്ലാത്ത അർഷ്ദീപ് സിങ്ങും ഹർഷിത് റാണയുമാണ് ടീമിലെ മറ്റു പേസർമാർ. ദുബൈയിലെ പിച്ച് സ്പിന്നിനെ തുണക്കുന്നതാണ്. രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരുടെ സാന്നിധ്യമാണ് ടീമിന്‍റെ കരുത്ത്. കഴിഞ്ഞ രണ്ടു ദിവസം പരിശീലനം നടത്തിയ ഇന്ത്യൻ ടീമിന് ചൊവ്വാഴ്ച വിശ്രമമാണ്. ബുധനാഴ്ചയാണ് ഇനി ടീമിന് പരിശീലനമുള്ളത്. 20ന് ദുബൈയില്‍ ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ ആദ്യമത്സരം.
ബുധനാഴ്ച ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ പാകിസ്താൻ ന്യൂസിലാന്‍ഡിനെ നേരിടും. ഈ രണ്ടു ടീമുകൾക്കും പുറമെ, ഇന്ത്യയും ബംഗ്ലാദേശും ഗ്രൂപ്പ് എയിലാണ്. 23നാണ് ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം. എട്ടു ടീമുകൾ രണ്ടു ഗ്രൂപ്പുകളിലായാണ് ടൂർണമെന്‍റിൽ മത്സരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങളെ തുടർന്നാണ് ഇന്ത്യയുടെ ആവശ്യപ്രകാരം മത്സരങ്ങൾ ദുബൈയിലേക്ക് മാറ്റിയത്.
രണ്ടു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സെമിയിലെത്തും. ഇന്ത്യ സെമിയിലും ഫൈനലിലുമെത്തിയാല്‍ മത്സരം ദുബൈയിലാകും നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.