മുഹമ്മദ് സിറാജ്
ലണ്ടൻ: ആൻഡേഴ്സൺ-ടെണ്ടുൽക്കർ ടെസ്റ്റ് സീരിസിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന്റെ റാങ്കിങ്ങിൽ വൻ മുന്നേറ്റം. 12 റാങ്കുകൾ മുന്നേറി 15ാം സ്ഥാനത്താണ് ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ സിറാജിപ്പോൾ. കരിയറിൽ ഇതാദ്യമായാണ് സിറാജ് ഇത്രയും വലിയ മുന്നേറ്റം റാങ്കിങ്ങിൽ നടത്തുന്നത്.
ഇതിന് മുമ്പ് 2024 ജനുവരിയിൽ 16ാം സ്ഥാനത്തെത്തിയതായിരുന്നു സിറാജിന്റെ മികച്ച റാങ്കിങ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് റാങ്കിങ്ങിൽ സിറാജിന് മുന്നേറ്റമുണ്ടായത്. ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവുമടങ്ങിയ മത്സരമാണ് ഓവലിൽ ഇന്ത്യ ആറ് റൺസിന് സ്വന്തമാക്കിയത്. മുഹമ്മദ് സിറാജിന്റെ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്.
374 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന്‍റെ ഇന്നിങ്സ് 367ൽ അവസാനിച്ചു. നാലാം ദിവസം കൈവിട്ട കളിയാണ് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേർന്ന് ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ജയത്തോടെ പരമ്പര 2-2ന് സമനിലയിലായി. ആരാധകർ പോലും ജയം അസാധ്യമെന്ന് വിലയിരുത്തിയ മത്സരത്തിൽ അപ്രതീക്ഷിതമായാണ് ഇന്ത്യൻ പേസർമാർ മത്സരം വഴിതിരിച്ചത്. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയ സിറാജും നാല് വിക്കറ്റ് പിഴുത പ്രസിദ്ധ് കൃഷ്ണയും ചേർന്നാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.
ഓവലിലെ വിജയത്തിന് ശേഷം ലോഡ്സിലെ ഇന്ത്യയുടെ തോൽവി ഹൃദയഭേദകമായിരുന്നുവെന്നാണ് സിറാജ് പ്രതികരിച്ചത്. അന്ന് തനിക്കൊപ്പം അപരാജിതനായി ബാറ്റുചെയ്ത രവീന്ദ്ര ജദേജ ഇന്ന് ഊർജം നൽകുന്ന വാക്കുകളുമായി തനിക്കരികിലെത്തിയെന്നും സിറാജ് . കഴിഞ്ഞ ദിവസം ബ്രൂക്ക് വീണപ്പോൾ മുതൽ മത്സരം ഇന്ത്യയുടെ വഴിക്ക് വരുമെന്ന് മനസ് മന്ത്രിച്ചു. ബാറ്റർമാരിൽ സമ്മർദമേറ്റാനുള്ള തന്ത്രം മെനഞ്ഞു. കണക്കുകൂട്ടലുകൾ തെറ്റിയില്ലെന്നും സിറാജ് വ്യക്തമാക്കിയിരുന്നു.
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച് ജന്മനാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ വരവേറ്റ് ആരാധകർ. ഫീൽഡിങ് കോച്ച് ടി. ദിലീപിനൊപ്പം ലണ്ടനിൽനിന്ന് മുംബൈ വിമാനത്താവളത്തിലിറങ്ങിയ താരം ആർപ്പുവിളികൾക്കിടെ കാറിൽ ആഭ്യന്തര ടെർമിനലിലേക്ക് പോയി. അവിടെനിന്ന് യാത്ര തിരിച്ച് ഹൈദരാബാദ് വിമാനത്തിലിറങ്ങിയ സിറാജിനെ കാത്ത് നിരവധിപേരുണ്ടായിരുന്നു.
സിറാജിനോട് സംസാരിച്ചില്ലെന്നും അദ്ദേഹത്തിന് വൈകാതെ അനുമോദനമൊരുക്കുമെന്നും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി വാർത്ത ഏജൻസിയോട് പറഞ്ഞു.
താരം കുറച്ചുദിവസം ഹൈദരാബാദിലുണ്ടാവും. പരമ്പരയിൽ 23 വിക്കറ്റ് വീഴ്ത്തി ഒന്നാമനായിരുന്നു സിറാജ്. ഓവൽ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്‍റെ അവസാന ബാറ്ററെ മടക്കി അഞ്ച് വിക്കറ്റ് തികച്ച് ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയും ചെയ്തു. സിറാജായിരുന്നു പ്ലെയർ ഓഫ് ദ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.