ഷമി റീ ലോഡഡ്! ചരിത്രനേട്ടം സ്വന്തമാക്കി താരം; കടപുഴകിയത് ഒട്ടനവധി റെക്കോഡുകൾ...

ദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഇന്ത്യയുടെ പേസ് ആക്രമണത്തിന് മൂർച്ച കുറയുമോ എന്ന് ആശങ്കപ്പെട്ടവർക്ക് മറുപടിയുമായി മുഹമ്മദ് ഷമി. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ അഞ്ചു വിക്കറ്റുമായാണ് താരം വിമർശകരുടെ വായടപ്പിച്ചത്.

താരത്തിന്‍റെ തകർപ്പൻ ബൗളിങ്ങിൽ ഒട്ടനവധി റെക്കോഡുകളും കടപുഴകി. 10 ഓവറിൽ 53 റൺസ് വഴങ്ങിയാണ് താരം അഞ്ചു വിക്കറ്റ് സ്വന്തമാക്കിയത്. ഏകദിനത്തിൽ എറിഞ്ഞ പന്തുകളുടെ കണക്കിൽ അതിവേഗം 200 വിക്കറ്റുകൾ നേടുന്ന താരമായി ഷമി. 5126 പന്തുകളിലാണ് താരം ഈ നാഴികക്കല്ലിലെത്തിയത്. ആസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെയാണ് ഷമി മറികടന്നത്. 5240 പന്തുകളിലാണ് സ്റ്റാർക്കിന്‍റെ നേട്ടം.

മത്സരത്തിന്‍റെ 43ാം ഓവറിൽ ജേക്കർ അലിയെ പുറത്താക്കിയാണ് ഷമി അപൂർവ നേട്ടത്തിലെത്തിയത്. മത്സരങ്ങളുടെ കണക്കെടുത്താൽ ഏകദിനത്തിൽ അതിവേഗം 200 വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡും ഇനി ഷമിക്കു സ്വന്തം, 104ാം മത്സരത്തിലാണ് താരം ഈ നേട്ടത്തിലെത്തിയത്. 133 മത്സരങ്ങളിൽ 200 വിക്കറ്റ് പൂർത്തിയാക്കിയ മുൻ പേസർ അജിത് അഗാർക്കറെയാണ് താരം പിന്നിലാക്കിയത്.

ലോക ക്രിക്കറ്റിൽ മുൻ പാകിസ്താൻ സ്പിന്നർ സഖ്‌ലെയിൻ മുഷ്താഖിനൊപ്പം രണ്ടാമത്തെ താരവും. കൂടാതെ, ഐ.സി.സി ഏകദിന ടൂർണമെന്‍റിൽ 60 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമാകുകയും ചെയ്തു. മുൻ പേസർ സഹീർ ഖാനെയാണ് (59 വിക്കറ്റുകൾ) ഷമി മറികടന്നത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 49.4 ഓവറിൽ 228 റൺസിന് പുറത്തായി. തൗഹിദ് ഹൃദോയിയുടെ സെഞ്ച്വറിയാണ് അയൽക്കാരെ തകർച്ചയിൽനിന്ന് രക്ഷിച്ചത്. 118 പന്തിൽ 100 റൺസെടുത്താണ് താരം പുറത്തായത്. ഒരുഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 35 റൺസ് എന്ന മോശം അവസ്ഥയിലായിരുന്ന ബംഗ്ലാദേശ് 100 റൺസ് തികക്കുകമോ എന്നുവരെ ആശങ്കപ്പെട്ടിരുന്നു. ജേക്കർ അലി ബംഗ്ലദേശിനായി അർധ സെഞ്ച്വറി നേടി പുറത്തായി. 114 പന്തുകളിൽ 68 റൺസാണു താരം നേടിയത്. തൻസിദ് ഹസൻ (25 പന്തിൽ 25), റിഷാദ് ഹുസൈൻ (12 പന്തിൽ 18) എന്നിവരാണ് മറ്റു സ്കോറർമാർ. ഇന്ത്യക്കായി അക്സർ പട്ടേലും ഹർഷിത് റാണയും രണ്ടു വിക്കറ്റുകൾ വീതം നേടി.

കുറഞ്ഞ പന്തുകളിൽ 200 വിക്കറ്റ് നേട്ടം

1. മുഹമ്മദ് ഷമി (5126 പന്തുകൾ)

2. മിച്ചൽ സ്റ്റാർക് (5240 പന്തുകൾ)

3. സഖ്‌ലെയിൻ മുഷ്താഖ് (5451)

4. ബ്രെറ്റ് ലീ (5640)

5. ട്രെന്‍റ് ബോൾട്ട് (5783)

കുറഞ്ഞ മത്സരങ്ങളിൽ 200 വിക്കറ്റ്

1. മിച്ചൽ സ്റ്റാർക് (102 മത്സരങ്ങൾ)

2. മുഹമ്മദ് ഷമി/സഖ്‌ലെയിൻ മുഷ്താഖ് (104)

3. ട്രെന്‍റ് ബോൾട്ട് (107)

4. ബ്രെറ്റ് ലീ (112)

5. അലൻ ഡൊണാൾഡ് (117)

അതിവേഗം 200 വിക്കറ്റുകൾ നേടിയ ഇന്ത്യ താരങ്ങൾ

1. മുഹമ്മദ് ഷമി (104 മത്സരങ്ങൾ)

2. അജിത് അഗാർക്കർ (133)

3. സഹീർ ഖാൻ (144)

4. ജവഗൽ ശ്രീനാഥ് (147)

5. കപീൽ ദേവ് (166)

Tags:    
News Summary - Mohammed Shami Breaks Multiple Records As India Bowl Out Bangladesh For 228

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.