ആദ്യ ഓവറിൽ എറിഞ്ഞത് 11 പന്തുകൾ! ഷമിക്ക് നാണക്കേടിന്‍റെ റെക്കോഡ്; മറികടന്നത് ബുംറയെ...

ദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യക്കായി ബൗളിങ് ഓപ്പൺ ചെയ്ത വെറ്ററൻ താരം മുഹമ്മദ് ഷമി ആദ്യ ഓവറിൽ എറിഞ്ഞത് അഞ്ചു വൈഡുകൾ. ചാമ്പ്യൻസ് ട്രോഫിയിൽ ഒരു ഇന്നിങ്സിലെ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ വൈഡുകൾ എറിയുന്ന രണ്ടാമത്തെ താരമായി ഇതോടെ ഷമി. ആദ്യ ഇന്ത്യൻ ബൗളറും.

2004ൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ഓവറിൽ ഏഴു വൈഡുകൾ എറിഞ്ഞ സിംബാബ്‌വെ താരം ടിനാഷെ പന്യാംഗാരയാണ് ഒന്നാമത്. ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും ദൈർഘ്യമേറിയ ഓവർ എറിഞ്ഞ ഇന്ത്യൻ താരം ഇതുവരെ പേസ് കുന്തമുന ജസ്പ്രീത് ബുംറയായിരുന്നു. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താനെതിരെ ഒമ്പതു പന്തുകളാണ് താരം എറിഞ്ഞത്. ഓവലിൽ നടന്ന മത്സരത്തിൽ 180 റൺസിന്‍റെ വമ്പൻ ജയവുമായി പാകിസ്താൻ കിരീടവും നേടി.

അഞ്ച് വൈഡുകൾ എറിഞ്ഞെങ്കിലും ഷമി ആ ഓവറിൽ ആറു റൺസ് മാത്രമാണ് വഴങ്ങിയത്. അതായത് ശരിയായി എറിഞ്ഞ ആറു പന്തുകളിൽ ഒരു റൺ മാത്രമാണ് വിട്ടുകൊടുത്തത്. ബാക്കി അ‍ഞ്ച് റൺസും വൈഡുകളിലൂടെയുള്ള എക്സ്ട്രായായിരുന്നു. കൂടാതെ, ഏകദിനത്തിൽ ഒരു ഓവറിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ ബൗൾ ചെയ്യുന്ന താരമെന്ന നാണക്കേട് ഷമിയുടെ കൂടി പേരിലായി. സഹീർ ഖാൻ, ഇർഫാൻ പത്താൻ എന്നിവർ പങ്കുവെച്ചിരുന്ന റെക്കോഡാണ് ഷമിയുടെ കൂടി പേരിലായത്. 2003ൽ ആസ്ട്രേലിയക്കെതിരെ വാംഖഡെയിലാണ് സഹീർ ഖാൻ ഒരു ഓവറിൽ 11 പന്തെറിഞ്ഞത്. 2006ൽ കിങ്സ്റ്റണിൽ വെസ്റ്റിൻഡീസിനെതിരെ ഇർഫാൻ പത്താനും ഒരു ഓവറിൽ 11 പന്തെറിഞ്ഞു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാനായി ഇന്നിങ്സ് ഓപ്പൺ ചെയ്തത് ഇമാം ഉൾ ഹഖ്, ബാബർ അസം സഖ്യമാണ്. ഇമാമുല്‍ ഹഖിനെതിരായ ആദ്യ ബാളില്‍ റണ്ണൊന്നും പിറന്നില്ല. രണ്ടാമതെറിഞ്ഞ പന്ത് ലെഗ് സൈഡ് വഴി വൈഡായി. കീപ്പര്‍ കെ.എല്‍. രാഹുല്‍ പണിപ്പെട്ടാണ് പന്ത് കൈയിലൊതുക്കിയത്. അടുത്ത പന്തിലും റണ്‍ പിറന്നില്ല. പിന്നാലെ തുടര്‍ച്ചയായി രണ്ട് വൈഡ്. പിന്നീട് മൂന്ന് പന്തുകള്‍ നേരെയെറിഞ്ഞു. ആറാമത്തെ പന്തിനായുള്ള ശ്രമത്തിനിടെ രണ്ട് വൈഡുകള്‍കൂടി. ആകെ അഞ്ച് വൈഡുകൾ.

പവർപ്ലേ പൂർത്തിയാകുന്നതിനു മുമ്പ് പരിക്കിന്റെ ലക്ഷണങ്ങളുമായി ഷമി കളംവിട്ടത് ആശങ്കക്കിടയാക്കി. വൈദ്യസഹായം തേടിയ ശേഷം താരം വൈകാതെ ഗ്രൗണ്ടിൽ തിരിച്ചെത്തി. മത്സരത്തിൽ എട്ടു ഓവറിൽ 43 റൺസ് വിട്ടുകൊടുത്തെങ്കിലും ഷമിക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റ് നേടി. അർധ സെഞ്ച്വറി നേടിയ സൗദ് ഷക്കീലാണ് ടീമിന്‍റെ ടോപ് സ്കോറർ. 76 പന്തിൽ അഞ്ചു ഫോറടക്കം 62 റൺസെടുത്തു. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച ഷക്കീൽ, അക്സർ പട്ടേലിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. നായകൻ മുഹമ്മദ്‌ റിസ്‌വാൻ 77 പന്തിൽ 46 റൺസെടുത്ത് അക്സർ പട്ടേലിന്‍റെ പന്തിൽ ബൗൾഡായി.

ഇരുവരും മൂന്നാം വിക്കറ്റിൽ നേടിയ സെഞ്ച്വറി കൂട്ടുകെട്ടാണ് പാകിസ്താൻ ഇന്നിങ്സിന്‍റെ നട്ടെല്ല്. കുഷ്ദിൽ ഷായും (39 പന്തിൽ 38) ഭേദപ്പെട്ട പ്രകടനം നടത്തി. ദുബൈയിലെ സ്പിന്‍ പിച്ചിൽ ഇന്ത്യൻ സ്പിന്നർമാരുടെ തകർപ്പൻ ബൗളിങ്ങാണ് റണ്ണൊഴുക്ക് തടഞ്ഞത്.

Tags:    
News Summary - Mohammed Shami Achieves Big Unwanted Record, Surpasses Jasprit Bumrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.