ഫൈനലിൽ ആസ്ട്രേലിയ 385 റൺസിന് ഇന്ത്യയെ തോൽപിക്കും! മിച്ചൽ മാർഷിന്‍റെ പഴയ പോസ്റ്റ് വൈറൽ; പ്രതികരിച്ച് ആരാധകർ

ലോക കിരീടത്തിലേക്ക് ഇന്ത്യക്കും ആസ്ട്രേലിയക്കും ഒരു ജയത്തിന്‍റെ അകലം മാത്രമാണുള്ളത്. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ മണ്ണും മനസ്സും ആർക്കൊപ്പം നിൽക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ലീഗ് റൗണ്ടിലെ ഒമ്പതു മത്സരങ്ങളും ജയിച്ച്, സെമിയിൽ ന്യൂസിലൻഡിനെയും പരാജയപ്പെടുത്തി ആധികാരികമായാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. മിന്നും ഫോമിലുള്ള ബാറ്റർമാരും ബൗളർമാരും ഇത്തവണ ഇന്ത്യക്ക് മൂന്നാം ലോക കിരീടം നേടികൊടുക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകരും. എട്ടാം ലോകകപ്പ് ഫൈനൽ കളിക്കുന്ന ഓസീസ് ലക്ഷ്യമിടുന്നത് ആറാം ലോക കിരീടവും. ലീഗ് റൗണ്ടിൽ ആസ്ട്രേലിയയെ തകർത്ത ആത്മവിശ്വാസം രോഹിത് ശർമക്കും സംഘത്തിനുമുണ്ട്.

അതേസമയം, ലോകകപ്പ് ആരംഭിക്കുന്നതിനു മുമ്പേ ഓസീസ് ഓൾ റൗണ്ടർ മിച്ചൽ മാർഷ് നടത്തിയ പ്രവചനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. തന്‍റെ ടീം ലോകകപ്പ് ഫൈനലിലെത്തുമെന്നും ഇന്ത്യയെ അവരുടെ മണ്ണിൽ തോൽപിച്ച് കിരീടം നേടുമെന്നുമായിരുന്നു പ്രവചനം. ഫൈനലിൽ ആസ്ട്രേലിയ 50 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 450 റൺസെടുക്കും. ഇന്ത്യ 65 റൺസിന് ഓൾ ഔട്ടാകും. അതായത് 385 റൺസിന്‍റെ തോൽവി എന്ന് ഏറെ കടന്ന് പ്രവചിക്കാനും താരം അന്ന് തയാറായിരുന്നു.

നാടകീയത നിറഞ്ഞ, സാധ്യതകൾ മാറിമറിഞ്ഞ സസ്പെൻസ് ത്രില്ലർ സെമി പോരാട്ടത്തിനൊടുവിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകർത്ത് ഓസീസ് ഫൈനലിലെത്തിയതോടെയാണ് മാർഷിന്‍റെ പ്രവചനം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. ‘അപരാജിത ആസ്ട്രേലിയ, ഇന്ത്യയെ പരാജയപ്പെടുത്തും. ആസ്ട്രേലിയ ഫൈനലിൽ രണ്ടു വിക്കറ്റിന് 450, ഇന്ത്യ 65ന് ഓൾ ഔട്ട്’ -2023 മേയിൽ ഡൽഹി കാപിറ്റൽസിന്‍റെ പോഡ്കാസ്റ്റിൽ മാർഷ് പറഞ്ഞു.

മാർഷിന്‍റെ പ്രവചനത്തോട് രസകരമായാണ് ഇന്ത്യൻ ആരാധകർ പ്രതികരിക്കുന്നത്. ‘പ്രവചനം ചിലപ്പോൾ നേരെ തിരിച്ചുമാകാം. ഇന്ത്യ രണ്ടു വിക്കറ്റിന് 450 എന്നതിന് ഏറെ സാധ്യതയുണ്ട്, സ്പിന്നർമാരുടെ ആക്രമണത്തിൽ ആസ്ട്രേലിയ 65ന് ഓൾ ഔട്ടാകുന്നതും സംഭവിക്കാം’ -ഒരു ആരാധകർ എക്സിൽ കുറിച്ചു. പകൽ കിനാവ് എന്നാണ് മറ്റൊരു ആരാധകൻ പ്രതികരിച്ചത്.

ഇതിനു മുമ്പ് ഒരു തവണ മാത്രമാണ് ഇന്ത്യയും ആസ്ട്രേലിയയും ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയത്. 2003ലെ ലോകകപ്പിൽ, അന്ന് ഇന്ത്യയെ പരാജയപ്പെടുത്തി ഓസീസ് കിരീടം നേടി. നായകൻ റിക്കി പോണ്ടിങ്ങിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ആസ്ട്രേലിയ 359 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 234 റൺസിന് ഓൾ ഔട്ടായി. 125 റൺസിന്‍റെ തോൽവി.

Tags:    
News Summary - Mitchell Marsh's Prediction Goes Viral, Indian Fans React

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.