പന്ത് ബൗണ്ടറി ലൈൻ കടന്നിട്ടും ഔട്ട്; വിവാദമൊടുങ്ങാതെ ബിഗ് ബാഷിലെ ക്യാച്ച്- വിഡിയോ കാണാം

ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബെയിൻ ഹീറ്റും സിഡ്നി സിക്സേഴ്സും തമ്മിലെ മത്സരത്തിൽ പിറന്ന ക്യാച്ചിനെ ചൊല്ലിയാണ് ക്രിക്കറ്റ് ലോകത്ത് ഇനിയും വിവാദമൊടുങ്ങാത്ത ചർച്ച. രണ്ടുവട്ടം ബൗണ്ടറി ലൈനിനകത്തും ഒരുവട്ടം പുറത്തും കൈതൊട്ട് പൂർത്തിയാക്കിയ ക്യാച്ചിൽ താരം പുറത്തായതായി അംപയർ വിധിക്കുകയായിരുന്നു. നിയമപ്രകാരം താരം പുറത്താണെന്ന് ബന്ധപ്പെട്ട സമിതിയായ എം.സി.സി വിശദീകരണവുമായി വന്നെങ്കിലും സമാനമായ എണ്ണമറ്റ സംഭവങ്ങളിൽ ഔട്ടായതിന്റെയും സിക്സ് അനുവദിച്ചതിന്റെയും തെളിവുമായാണ് പലരും സമൂഹ മാധ്യമങ്ങളിൽ എത്തിയത്.

ആദ്യം ബാറ്റു ചെയ്ത് 224 റൺസെടുത്ത സിഡ്നി ടീമിനെതിരെ അതേ ആവേശത്തിൽ തിരിച്ചടിച്ച ബ്രിസ്ബെയിനു വേണ്ടി ജോർഡൻ സിൽക്ക് ബാറ്റു ചെയ്യുമ്പോഴായിരുന്നു സംഭവം. മൂന്നു ​ഫോറും രണ്ടു സിക്സറമുൾപ്പെടെ തകർത്തടിച്ച താരം 19ാം ഓവറിൽ ഉയർത്തിയടിച്ച പന്ത് ബൗണ്ടറിലൈനിനരികെ ഓടിയെത്തിയ ​മൈക്കൽ നസർ കൈപ്പിടിയിലൊതുക്കി. എന്നാൽ, കാൽ അതിർത്തികടക്കുമെന്ന് തോന്നിയപ്പോൾ പന്ത് മുകളിലേക്കിട്ടു. അതുപക്ഷേ, ബൗണ്ടറിക്കുപുറത്തേക്കായിരുന്നു. ഓടിച്ചെന്ന് ഉയർന്നുചാടി വീണ്ടും കൈയിലാക്കിയ നസ്ർ നിലത്ത് കാൽകുത്തുംമുമ്പ് പന്ത് ബൗണ്ടറി ലൈനിനകത്തേക്കെറിഞ്ഞു. അടുത്ത നിമിഷം അത് കൈകളിലൊതുക്കുകയും ചെയ്തു.

ക്യാച്ചെടുത്ത ആവേശത്തിൽ താരം ആഘോഷം തുടങ്ങിയെങ്കിലും കാണികളിലും പിന്നീട് സമൂഹമാധ്യമങ്ങളിലും അങ്കലാപ്പ് വിട്ടില്ല. നിയമപുസ്തകം കൃത്യമായി പറയുന്നതിനാൽ അംപയർ ഔട്ട് വിധിക്കുകയും ചെയ്തു. രൂക്ഷ വിമർശനവുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ എത്തിയത്. ‘ഇത് എങ്ങനെ ഔട്ട് അനുവദിച്ചെന്ന് മനസ്സിലാകുന്നില്ലെ’’ന്നായിരുന്നു ഒരാളുടെ പ്രതികരണം. ഇതുപോലെ പലവട്ടം എറിഞ്ഞുകളിച്ച് അവസാനം കോർട്ടിനകത്തേക്ക് ഒരേറ് വെച്ചുകൊടുത്താൽ എല്ലാം അവസാനിക്കുമെന്ന് പരിഹസിച്ചവരുമുണ്ട്.

കളിയുടെ സംപ്രേഷണാവകാശമുള്ള ഫോക്സ് ക്രിക്കറ്റ കമന്റേറ്ററായിരുന്ന ആദം ഗിൽക്രിസ്റ്റ് പോലും തന്റെ സന്ദേഹം പങ്കുവെച്ചു. നിയമപരമായി ഔട്ടാണെന്ന് പിന്നീട് താരം സമ്മതിക്കുകയും ചെയ്തു.

മെരിൽബോൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി) നിയമം 19.5.2 വകുപ്പ് പ്രകാരം പന്ത് പുറത്തുകടന്നാലും ക്യാച്ചെടുക്കുംസമയം ഫീൽഡറുടെ കാലുകൾ നിലത്ത് സ്പർശിച്ചില്ലെങ്കിൽ ഔട്ടാണ്. 

Tags:    
News Summary - Michael Neser's brilliant catch in BBL leaves fans and experts perplexed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.