ചിറ്റഗോങ്: ഗാബ്ബയിലെ ഇന്ത്യൻ ജയത്തിന്‍റെ അലയൊലികൾ അടങ്ങും മുേമ്പ മറ്റൊരു അവിസ്മരണീയ ടെസ്റ്റ് ജയം കൂടി. ബംഗ്ലദേശ് ഉയർത്തിയ 395 റൺസിന്‍റെ വിജയലക്ഷ്യം അവസാനദിനം ഏഴുവിക്കറ്റ് നഷ്ടത്തിൽ മറികടന്ന് വിൻഡീസ് തങ്ങളുടെ പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന ജയം സ്വന്തമാക്കി. 210 റൺസുമായി പുറത്താകാതെ നിന്ന കെയ്ൽ മേയേഴ്സ് തന്‍റെ അരങ്ങേറ്റ മത്സരം ചരിത്രത്തിലെഴുതിച്ചേർത്തു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ റൺചേസും ഏഷ്യയിലെ ഏറ്റവും വലുതുമാണിത്.
ഏഴുവിക്കറ്റ് ശേഷിക്കേ വിജയത്തിലേക്ക് 285 റൺസ് തേടി അഞ്ചാംദിനം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനായി മേയേഴ്സ് അമരത്വം ഏറ്റെടുക്കുകയായിരുന്നു. 310 പന്തുകൾ നേരിട്ട മേയേഴ്സിനെ പുറത്താക്കാൻ ബംഗ്ല ബൗളർമാർ കിണഞ്ഞുശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 20 ബൗണ്ടറികളും ഏഴുസിക്സറുകളും മേയേഴ്സിന്റെ ബാറ്റിൽ നിന്നും അതിർത്തിയെ ചുംബിക്കാനായി പറന്നു. 245 പന്തുകളിൽ 86 റൺസെടുത്ത എൻക്രുമാ ബോന്നർ ഒത്തകൂട്ടാളിയായി ഒരറ്റത്ത് പൊരുതിനിന്നു.
ഒന്നാമിന്നിങ്സിൽ ബംഗ്ലദേശ് കുറിച്ച 430 റൺസിനുമുമ്പിൽ വിൻഡീസ് 259 റൺസിന് പുറത്തായിരുന്നു. രണ്ടാമിന്നിങ്സിൽ എട്ടുവിക്കറ്റിന് 223 റൺസെടുത്ത ബംഗ്ലദേശ് വലിയ സ്കോർ ലീഡായതോടെ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് വിജയത്തിനായി പന്തെടുക്കുകയായിരുന്നു. 59 റൺസിന് മൂന്നുവിക്കറ്റ് വീണ് പരാജയം മണത്ത വിൻഡീസിനെ മേയേഴ്സും ബോന്നറുംകൂടി ഉയർത്തിയെടുക്കുകയായിരുന്നു.
ജേസൺ ഹോൾഡർ, ഷായ് ഹോപ്, റോഷ്ട്ടൺ ചേസ് അടക്കമുള്ള ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളില്ലാതെ ബംഗ്ലദേശിലെത്തിയ വിൻഡീസിന് ടെസ്റ്റ് ജയം സ്വപ്നസമാനമാണ്. പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ മത്സരം ഫെബ്രുവരി 11മുതൽ ധാക്കയിൽ അരങ്ങേറും. ട്വന്‍റി 20 പരമ്പര ബംഗ്ലദേശ് 3-0ത്തിന് സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.