ഹൈദരാബാദിന്റെ ‘പവർ ​േപ്ല’യിൽ പിറന്നുവീണത് സമാനതകളില്ലാത്ത റെക്കോഡുകൾ

ന്യൂഡൽഹി: ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ 67 റൺസി​ന് ജയിച്ച് പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയ സൺറൈസേഴ്സ് ഹൈദരാബാദിന് മുന്നിൽ വഴിമാറിയത് നിരവധി റെക്കോഡുകൾ. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് അടിച്ചെടുത്തപ്പോൾ ഡൽഹിയുടെ മറുപടി 199ൽ ഒതുങ്ങുകയായിരുന്നു. ഈ സീസണിൽ തന്നെ രണ്ടുതവണ ഐ.പി.എല്ലിലെ റൺ റെക്കോഡ് മറികടന്ന ഹൈദരാബാദ് ഇത്തവണ 300 കടക്കുമെന്നാണ് തുടക്കം കണ്ടപ്പോൾ ഏവരും പ്രതീക്ഷിച്ചത്. എന്നാൽ, മധ്യ ഓവറുകളിൽ പ്രതീക്ഷിച്ച റണ്ണൊഴുക്കില്ലാതിരുന്നത് തിരിച്ചടിയാവുകയായിരുന്നു.

ഐ.പി.എല്ലിന്റെയും ട്വന്റി 20 ക്രിക്കറ്റിന്റെ തന്നെയും ചരിത്രത്തി​ൽ പവർ​േപ്ലയിൽ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്നലെ ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ പിറന്നത്. ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന ഓപണിങ് സഖ്യം ആറോവറിൽ അടിച്ചെടുത്തത് 125 റൺസാണ്. 2017ൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അടിച്ചെടുത്ത 105 റൺസാണ് ഓറഞ്ച് പടക്ക് മുന്നിൽ വഴിമാറിയത്.

ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ 100 കടക്കുന്ന ടീമെന്ന നേട്ടവും ഹൈദരാബാദിന്റെ പേരിലായി. അഞ്ചാം ഓവറിലാണ് അവർ മൂന്നക്കം കണ്ടത്. 2014ലെ സീസണിൽ പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സ് ആറോവറിൽ 100 കടന്നതായിരുന്നു ഇതുവരെയുള്ള റെക്കോഡ്.

10 ഓവറിൽ ഏറ്റവും കൂടുതൽ റൺസെടുത്ത ടീമെന്ന സ്വന്തം റെക്കോഡ് പുതുക്കാനും സൺറൈസേഴ്സിനായി. പത്തോവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസായിരുന്നു അവരുടെ സമ്പാദ്യം. മുംബൈ ഇന്ത്യൻസിനെതിരെ പത്തോവറിൽ നേടിയ രണ്ടിന് 148 എന്ന സ്കോറാണ് മറികടന്നത്.

ഒറ്റ സീസണിൽ മൂന്നുതവണ 250 കടക്കുന്ന ഏക ടീമെന്ന നേട്ടവും ഹൈദരാബാദ് സ്വന്തമാക്കി. ഇന്നിങ്സിൽ 22 സിക്സറടിച്ച അവർ ദിവസങ്ങൾക്ക് മുമ്പ് ബാംഗ്ലൂരുവിനെതിരെ നേടിയ റെക്കോഡിനൊപ്പമെത്തി.

പവർ​േപ്ല ഓവറുകളിൽ 26 പന്ത് നേരിട്ട് 84 റൺസ് നേടിയ ട്രാവിസ് ഹെഡ് പവർ​േപ്ലയിൽ ഏറ്റവും റൺസടിക്കുന്ന രണ്ടാമത്തെ താരവുമായി. 2014 സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ചെന്നൈ സുപ്പർ കിങ്സിനായി 25 പന്തിൽ 87 റൺസെടുത്ത സുരേഷ് റെയ്നയുടെ പേരിലാണ് ഇതിന്റെ റെക്കോഡ്. സൺറൈസേഴ്സിനായി ഏറ്റവും വേഗത്തിൽ അർധസെഞ്ച്വറി നേടിയതിന്റെ റെക്കോഡിൽ അഭിഷേക് ശർമക്കൊപ്പവും ഹെഡ് ഇടമുറപ്പിച്ചു. 16 പന്തിലാണ് ഇരുവരും അർധസെഞ്ച്വറി കടന്നത്. ഇതേ മത്സരത്തിൽ ഡൽഹി താരം ജേക് ഫ്രേസർ 15 പന്തിൽ അർധസെഞ്ച്വറിയിലെത്തിയിരുന്നു. രാജസ്ഥാൻ റോയൽസിനായി 13 പന്തിൽ അർധശതകം കുറിച്ച അഭിഷേക് ജെയ്സ്വാളിന്റെ പേരിലാണ് നിലവിലെ റെക്കോഡ്.

പവർ​േപ്ല ഓവറിൽ മൂന്നാം തവണയാണ് ഹെഡ് അർധസെഞ്ച്വറി പിന്നിടുന്നത്. ഇക്കാര്യത്തിൽ ക്രിസ് ഗെയിലിനും സുനിൽ നരെയ്നുമൊപ്പമാണ് ഹെഡിന്റെ സ്ഥാനം. എന്നാൽ, ആറുതവണ അർധസെഞ്ച്വറി കടന്ന ഡേവിഡ് വാർണറുടെ പേരിലാണ് ഇതിന്റെ റെക്കോഡ്. 

Tags:    
News Summary - Match against Delhi; Many records were broken in front of Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.