'കോഹ്ലി, രോഹിത് എന്നിവരൊന്നും റൺസ് അടിച്ചില്ല, എന്നിട്ടും സെഞ്ച്വറി നേടിയ ഞാൻ പുറത്ത്'; ധോണിക്കെതിരെ മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അവസരം ലഭിച്ചാലും നിലനിന്ന് പോകാൻ പാടുപെടുമെന്ന് മുൻ ഇന്ത്യൻ ബാറ്റർ മനോജ് തിവാരി. വിരമിച്ചതിന് ശേഷം ഒരുപാട് വിവാദ പരാമർശങ്ങൾ നടത്തിയ മനോജ് തിവാരി മുൻ നായകൻ എം.എസ്. ധോണിക്കെതിരെയാണ് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്.

ഏറെ കാലം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിൽ കാര്യമായ അവസരങ്ങളോ നേട്ടങ്ങളോ സൃഷ്ടിക്കാൻ തിവാരിക്ക് സാധിച്ചില്ല. എന്നാൽ 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടും പിന്നീട് ടീമില്‍ ഇടം നേടാതെ മാസങ്ങളോളം പുറത്തിരിക്കേണ്ടി വന്നു. അന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് ധോണിയായിരുന്നുവെന്ന് തിവാരി പറഞ്ഞു. ഇന്ത്യൻ ടീമിൽ ക്യാപ്റ്റൻമാരാണ് എല്ലാ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറയുന്നു.

'ധോണിയായിരുന്നു അന്ന് ക്യാപ്റ്റന്‍. ക്യാപ്റ്റന്റെ തീരുമാനത്തിന് അനുസരിച്ചായിരുന്നു അന്ന് ഇന്ത്യന്‍ ടീം പ്രവർത്തിച്ചിരുന്നത്. സംസ്ഥാന ടീമുകളില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ എല്ലാം ക്യാപ്റ്റനാണ്. അത് കപില്‍ദേവ്, സുനില്‍ ഗവാസ്‌കര്‍, അസ്ഹറുദ്ദീന്‍, ദാദാ ആരായാലും അങ്ങനെ തന്നെയായിരുന്നു അവസ്ഥ. കര്‍ശനമായ നിലപാടുള്ള ഭരണസമിതി ഉണ്ടാവുകയും നിയമങ്ങള്‍ ശക്തമാകുകയുമാണ് വേണ്ടത്.

നിലവിലെ ബി.സി.സി.ഐ ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കര്‍ക്ക് ശക്തമായ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കും. കോച്ചുമായി അഭിപ്രായ വ്യത്യാസം തുറന്നുപറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കും. ഞാന്‍ ഒരു സെഞ്ച്വറി നേടിയിട്ട് 14 മത്സരങ്ങളില്‍ നിന്നാണ് ഒഴിവാക്കപ്പെട്ടത്. അങ്ങനെ സംഭവിച്ചതിന്റെ കാരണം എനിക്കറിയണം. സെഞ്ച്വറി നേട്ടത്തിന് ശേഷം എന്ന് എല്ലാവരും അഭിനന്ദിച്ചു. പക്ഷേ പിന്നീട് പരിഗണിക്കപ്പെട്ടില്ല. അന്ന് യുവതാരങ്ങള്‍ക്ക് പ്രതികരിക്കാന്‍ ഭയമാണ്. കരിയറാണല്ലോ മുന്നിലുള്ളത്.

വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, രോഹിത്ത് ശര്‍മ എന്നിവരാണ് അന്ന എന്‍റെയൊപ്പം ടീമിലുണ്ടായിരുന്ന യുവതാരങ്ങൾ. അവര്‍ വലിയ റണ്‍സൊന്നും നേടിയിരുന്നില്ല. പക്ഷേ ടീമിലെ വിജയത്തിലെത്തിച്ച എനിക്ക് പ്ലേയിംഗ് ഇലവനില്‍ പോലും പിന്നീട് സ്ഥാനം ലഭിച്ചില്ല. ആറു മാസത്തോളം വെറുതെയിരുന്നു. മാറ്റി നിര്‍ത്തപ്പെട്ട കളിക്കാര്‍ക്ക് പരിശീലനവും ലഭിച്ചിരുന്നില്ല. കരിയറിൽ പിന്നെ എനിക്ക് ഒന്നും ആകാൻ സാധിച്ചില്ല, ഒടുവിൽ കുടുംബപരമായ ഉത്തരവാദിത്തങ്ങളും കൂടിയപ്പോൾ വിരമിക്കേണ്ടി വന്നു,' മനോജ് തിവാരി പറഞ്ഞു.

Tags:    
News Summary - Manoj Tiwari Says Ms Dhoni Didnt give him a chance even after scoring a century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.