മധുര: വിവാഹ വേദിയിലെത്തിയ വരന്റെ സുഹൃത്തുക്കൾ തനിക്ക് നേരെ നീട്ടിയ പേപ്പർ കണ്ട് വധു ആദ്യമൊന്ന് അമ്പരന്നു. 20 രൂപയുടെ മുദ്രപത്രം. വായിച്ചു നോക്കിയപ്പോൾ അവർക്ക് ചിരിയടക്കാനായില്ല. അതൊരു കരാർ പത്രമായിരുന്നു. അതിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
തമിഴ്നാട്ടിലെ തേനിയിലാണ് സംഭവം. ഞായറാഴ്ച ഉസിലംപട്ടിയിലെ കീലപുദൂരിലെ സ്വകാര്യ എൻജിനീയറിങ് കോളജ് അധ്യാപകൻ ടി. ഹരിപ്രസാദും തേനി സ്വദേശിനി വി. സുന്ദരവള്ളി പൂജയും തമ്മിലുള്ള വിവാഹമായിരുന്നു. വിവാഹത്തിന് തൊട്ടുമുമ്പാണ് ഹരിപ്രസാദിന്റെ സുഹൃത്തുക്കൾ പൂജയോട് ഒരു കരാറിൽ ഒപ്പുവെക്കാൻ ആവശ്യപ്പെട്ടത്. വരനെ ഇനിയും ക്രിക്കറ്റ് കളിക്കാൻ വിടണമെന്നായിരുന്നു ഇതിലെ ആവശ്യം.
മുദ്രപത്രത്തിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു: 'പൂജ എന്ന ഞാൻ ശനി, ഞായർ ദിവസങ്ങളിൽ ക്യാപ്റ്റന്‍ ഹരിപ്രസാദിനെ ക്രിക്കറ്റ് പരിശീലനത്തിനായി സൂപ്പർസ്റ്റാർ ക്രിക്കറ്റ് ടീമിനൊപ്പം അയക്കും'. വധു ചിരിയോടെ തന്നെ മുദ്രപ്പത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു.
പ്രദേശത്തെ സൂപ്പർസ്റ്റാർ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് ഹരിപ്രസാദ്. ടീം അംഗങ്ങളായ അഴകുരാജ, രാംകുമാർ, അഖിലൻ എന്നിവരായിരുന്നു കരാർ പത്രത്തിന് പിന്നിൽ. വിവാഹത്തിന് ശേഷവും കളി മുടങ്ങരുതെന്ന് ഇവർ ആഗ്രഹിച്ചിരുന്നു. അതിനാലാണ് ഇത്തരത്തിലൊരു പദ്ധതി തയാറാക്കിയത്. പൂജ ഒപ്പുവെച്ചതോടെ കരാറും കൈയിൽ പിടിച്ച് നവദമ്പതികൾക്കൊപ്പമുള്ള ചിത്രവും സുഹൃത്തുക്കൾ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.