കറാച്ചി: ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി സ്വന്തം മണ്ണിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ പാകിസ്താന് തോൽവി. ഫൈനലിൽ അഞ്ച് വിക്കറ്റിന് ന്യൂസിലൻഡ് ജയിച്ചു. നാല് വിക്കറ്റ് പിഴുത വിൽ ഒറൂക്കിന്‍റെയും അർധ സെഞ്ച്വറികൾ നേടിയ ഡാരിൽ മിച്ചലിന്റെയും (57*) ടോം ലാഥത്തിന്റെയും (56*) പ്രകടനമാണ് കിവീസിന്‍റെ വിജയത്തിൽ നിർണായകമായത്. പാകിസ്താൻ ഉയർത്തിയ 243 റൺസ് വിജയലക്ഷ്യം 45.2 ഓവറിൽ ന്യൂസിലൻഡ് മറികടന്നു. ദക്ഷിണാഫ്രിക്കയാണ് പരമ്പരയിലെ മൂന്നാമത്തെ ടീം.
നേരത്തെ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണത് വമ്പൻ സ്കോർ അടിച്ചെടുക്കുകയെന്ന പാകിസ്താന്‍റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി. 46 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനാണ് അവരുടെ ടോപ് സ്കോറർ. സൽമാൻ ആഘ (45), തയ്യബ് താഹിർ (38), ബാബർ അസം (29), ഫഹീം അഷ്റഫ് (22), നസീം ഷാ (19), ഫഖർ സമാൻ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. കിവീസിനായി ഒറൂക് നാല് വിക്കറ്റ് പിഴുതു. മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്‍റ്നർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി. 49.3 ഓവറിൽ 242ന് പാകിസ്താൻ ഓൾ ഔട്ടായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് തുടക്കത്തിൽ തന്നെ ഓപണർ വിൽ യങ്ങിനെ (അഞ്ച്) നഷ്ടമായി. എന്നാൽ പിന്നീടെത്തിയവർ ക്ഷമയോടെ കളിച്ചതോടെ ജയം പിടിക്കുകയായിരുന്നു. ഡെവൺ കോൺവെ 48ഉം കെയ്ൻ വില്യംസൻ 34ഉം റൺസെടുത്തു. മിച്ചലിന്റെയും ലാഥത്തിന്‍റെയും അപരാജിത അർധ സെഞ്ച്വറികൾ ടീമിനെ ജയത്തിലെത്തിച്ചു. പാകിസ്താനു വേണ്ടി നസീം ഷാ രണ്ട് വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.