ക്രിക്കറ്റിന്‍റെ യൂണിവേഴ്സൽ ബോസ് എന്നറിയപ്പെടുന്ന ക്രിസ് ഗെയ്ലിനെ ബാറ്റിങ് എൻഡിൽ കാണുന്നത് ഏതൊരും ബൗളറെയും സംബന്ധിച്ച് പേടിപ്പെടുത്തുന്ന കാഴ്ചയാണ്. ഏതൊരു പന്തും അനായാസം ബൗണ്ടറി കടത്താൻ കെൽപ്പുള്ള അദ്ദേഹത്തിന്‍റെ ബാറ്റേന്തിയുള്ള നിൽപ്പ് ബൗളർമാരുടെ ആത്മവിശ്വാസം കെടുത്താൻ പോന്നവയാണ്. ഐ.പി.എല്ലിൽ സകല ടീമുകളും ഗെയ്ലാട്ടത്തിന് സാക്ഷിയാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ഇതിഹാസ സ്പിന്നർ ആർ. അശ്വിന് ഗെയ്‍ൽ ഒരു വിഷയമേ അല്ലായിരുന്നു. ഗെയ്ലിനെ അദ്ദേഹത്തിന്‍റെ പീക്ക് ടൈമിൽ പോലും പിടിച്ചുക്കെട്ടിയ ഒരു ബൗളർ സ്പിന്നർ ആർ. അശ്വിനായിരിക്കും. ഗെയ്‍ലിന് മേൽ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ അശ്വിന് സാധിച്ചിട്ടുണ്ട്.
അശ്വിൻ പന്തെടുത്ത് ഒരു എൻഡിൽ നിന്നാൽ ഗെയ്ലിന് മുട്ടടിക്കുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. ഗെയ്‍ലിന് മറ്റ് ബൗളർമാരെ അനായാസം സിക്സിനും ഫോറിനും പറത്താൻ സാധിക്കുമെന്നും എന്നാൽ അശിൻ പന്തെടുക്കുമ്പോൾ അദ്ദേഹം പതറുമെന്നും ശ്രീകാന്ത് പറഞ്ഞു.
'ക്രിസ് ഗെയ്‌ലിന് ആരെ വേണമെങ്കിലും സിക്‌സും ഫോറും അടിക്കാൻ കഴിയും, പക്ഷേ അശ്വിന് അദ്ദേഹത്തെ പുറത്താക്കാൻ നാല് പന്തുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. അശ്വിന്റെ കൈയിൽ പന്ത് എത്തുമ്പോൾ ഗെയ്‌ലിന്റെ കാലുകൾ വിറക്കും,' ശ്രീകാന്ത് പറഞ്ഞു.
മുൻ വെസ്റ്റ് ഇൻഡീസ് ഓപ്പണറിനതിരെ മികച്ച റെക്കോഡാണ് അശ്വിനുള്ളത്. അശ്വിനെതിരെ ഐ.പി.എല്ലിൽ 64 പന്തുകൾ നേരിട്ട ഗെയ്‍ലിന് 53 റൺസ് മാത്രമെ നേടാൻ സാധിച്ചുള്ളു. തന്‍റെ പ്രൈം ടൈമിൽ അശ്വിനെതിരെയുള്ള ഗെയ്‍ലിന്‍റെ സ്ട്രൈക്ക് റേറ്റ് വെറും 82.8 ആണ്. സിക്സറിടിക്ക് പേരുകേട്ട ഗെയ്‍ൽ എട്ട് വർഷത്തിനിടെ വെറും മൂന്ന് സിക്സറാണ് അശ്വിനെതിരെ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.