തകർത്തടിച്ച് അസ്ഹർ, എറിഞ്ഞു വീഴ്ത്തി വൈശാഖ്; കർണാടകയെയും തകർത്ത് കേരളം കുതിക്കുന്നു

മൊഹാലി: അരങ്ങേറ്റത്തിൽ ഇന്ത്യൻ താരങ്ങളെ പുറത്താക്കി വൈശാഖ് ചന്ദ്രൻ കേരളത്തിന് സമ്മാനിച്ചത് ഗംഭീര ജയം. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ എലൈറ്റ് ഗ്രൂപ് സിയിലെ രണ്ടാമങ്കത്തിൽ കരുത്തരായ കർണാടകയെ 53 റൺസിനാണ് കേരളം തകർത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം 20 ഓവറിൽ നാലു വിക്കറ്റിന് 179 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടകയുടെ പേരുകേട്ട ഓപണർമാർക്ക് അരങ്ങേറ്റക്കാരൻ വൈശാഖ് ചന്ദ്രനു മുന്നിൽ അടിപതറി. 20 ഓവറിൽ ഒമ്പതു വിക്കറ്റിന് 126 റൺസാണ് കർണാടക നേടിയത്. വൈശാഖിന്റെ ആദ്യ ഓവറിൽ ക്യാപ്റ്റൻ മായങ്ക് അഗർവാൾ നേരിട്ട ആദ്യപന്തിൽ പൂജ്യത്തിന് പുറത്തായി. വൺഡൗണായി എത്തിയ എൽ.ആർ. ചേതനയെയും അടുത്ത ഓവറിൽ വൈശാഖ് 'പൂജ്യനാക്കി' മടക്കി. 18 പന്തിൽ ഒമ്പതു റൺസ് നേടിയ ദേവ്ദത്ത് പടിക്കലായിരുന്നു അടുത്ത ഇര. പത്താം ഓവറിൽ മനീഷ് പാണ്ഡെയെ (ഒമ്പത്) വിക്കറ്റിനു മുന്നിൽ കുരുക്കി വൈശാഖ് അരങ്ങേറ്റം ഗംഭീരമാക്കി. നാലോവറിൽ 11 റൺസ് മാത്രം വഴങ്ങിയാണ് തിരുവനന്തപുരം സ്വദേശിയായ ഈ പേസർ തിളങ്ങിയത്. അഭിനവ് മനോഹറും (46 നോട്ടൗട്ട്) ലവ്നിത് സിസോദിയയും (36) ആണ് കർണാടക നിരയിലെ പ്രധാന സ്കോറർമാർ.

47 പന്തിൽ 95 റൺസുമായി പുറത്താകാതെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. ഈ കാസർകോട്ടുകാരന്റെ ബാറ്റിൽനിന്ന് എട്ടു ഫോറും ആറു സിക്സും പിറന്നു. ഓപണർമാരായ വിഷ്ണു വിനോദ് 34ഉം രോഹൻ കുന്നുമ്മൽ 16ഉം റൺസെടുത്തു. ക്യാപ്റ്റൻ സചിൻ ബേബിയും കൃഷ്ണപ്രസാദും എട്ടു റൺസ് വീതം നേടി. അബ്ദുൽ ബാസിത് (ഒമ്പത്) പുറത്താകാതെ നിന്നു. രണ്ടു കളികളിൽ എട്ടു പോയന്റുമായി കേരളം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.

Tags:    
News Summary - Kerala Win over karnataka on cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.