കെ.സി.എല്ലിൽ ചാമ്പ്യന്മാർക്ക് വിജയത്തുടക്കം; കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം: കെ.സി.എല്ലിലെ രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 31 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് മാത്രമാണ് നേടാനായത്. കൊച്ചിക്ക് വേണ്ടി അ‍ർദ്ധ സെഞ്ച്വറി നേടിയ സച്ചിൻ സുരേഷാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്.

ടോസ് നേടിയ കൊല്ലം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊച്ചിക്ക് വേണ്ടി ഇന്നിങ്സ് തുറന്ന വിനൂപ് മനോഹരനും വിപുൽ ശക്തിയും ചേർന്ന് 56 റൺസ് കൂട്ടിച്ചേർത്തു. വിനൂപ് മനോഹരൻ 37 റൺസും വിപുൽ ശക്തി 12 റൺസുമെടുത്ത് പുറത്തായി. തുടർന്നെത്തിയ ജോബിൻ ജോബിയും (7), മനുകൃഷ്ണനും (13), സാലി സാംസണും (8) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ടീം വലിയൊരു തകർച്ചയെ നേരിടുന്ന സമയത്ത് ക്രീസിൽ ഒത്തുചേർന്ന സച്ചിൻ സുരേഷും കാർത്തിക് ബി. നായരും ചേർന്നാണ് കളിയുടെ ഗതി കൊച്ചിക്ക് അനുകൂലമാക്കിയത്.

അവസാന അഞ്ച് ഓവറിൽ ഇരുവരും ചേർന്ന് 78 റൺസാണ് അടിച്ചുകൂട്ടിയത്. സച്ചിൻ സുരേഷ് 32 പന്തുകളിൽനിന്ന് 58 റൺസും കാർത്തിക് ബി. നായർ 17 പന്തുകളിൽ 38 റൺസും നേടി പുറത്താകാതെ നിന്നു. മൂന്ന് ഫോറും അഞ്ച് സിക്സും നേടിയ സച്ചിൻ 28 പന്തുകളിൽനിന്നാണ് അർദ്ധസെഞ്ചുറി തികച്ചത്. ഒരു ബൗണ്ടറിയും നാല് സിക്സുമടങ്ങുന്നതായിരുന്നു കാർത്തിക്കിന്റെ ഇന്നിങ്സ്. കൊല്ലം സെയിലേഴ്സിനു വേണ്ടി വിജയ് വിശ്വനാഥ് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് അഭിഷേക് നായരും ആനന്ദ് കൃഷ്ണനും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. 15 റൺസെടുത്ത ആനന്ദ് കൃഷ്ണൻ കെ. എം. ആസിഫിന്റെ പന്തിൽ സാലി സാംസൺ പിടിച്ചു പുറത്തായി. തുടർന്നെത്തിയ ക്യാപ്റ്റൻ വത്സൽ ഗോവിന്ദും അഭിഷേക് നായരും ചേർന്ന കൂട്ടുകെട്ട് കൊല്ലത്തിന് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് 60 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇരുവരും അടുത്തടുത്ത ഇടവേളകളിൽ പുറത്തായത് കൊല്ലത്തിന് തിരിച്ചടിയായി. അഭിഷേക് നായർ 55-ഉം വത്സൽ ഗോവിന്ദ് 32-ഉം റൺസ് നേടി. തുടർന്നെത്തിയ അജിനാസ് (7), സച്ചിൻ പി. എസ്. (7), അമൽ എ. ജി. (3) എന്നിവർക്കും നിലയുറപ്പിക്കാനായില്ല. അവസാന ഓവറുകളിൽ കൂറ്റൻ ഷോട്ടുകളുമായി ഷറഫുദ്ദീൻ (28*) പൊരുതിയെങ്കിലും കൊല്ലത്തിന്റെ സ്കോർ 158-ൽ ഒതുങ്ങി. കൊച്ചിക്ക് വേണ്ടി കെ. എം. ആസിഫും മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - KCL 2026: Kochi Blue Tigers Defeat Aries Kollam Sailors by 31 Runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.