കെ.സി.എൽ സീസൺ 3 ടീം ലോഞ്ചിൽ അന്താരാഷ്ട്ര താരം സഞ്ജു സാംസണിനൊപ്പം ക്യാപ്റ്റന്മാർ
തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാർണിവലായ കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) സീസൺ മൂന്നിന് മുന്നോടിയായി ടീം ലോഞ്ച് നടന്നു. കോവളം ലീല റാവിസിൽ നടന്ന വർണാഭമായ ചടങ്ങിൽ ടൂർണമെന്റിൽ മാറ്റുരക്കുന്ന ആറ് ഫ്രാഞ്ചൈസികളെയും ഔദ്യോഗികമായി അവതരിപ്പിച്ചു.
സ്പോർട്സും എൻർടൈൻമെന്റും കൂടിച്ചേർന്ന പ്രൗഢഗംഭീര ചടങ്ങിൽ മന്ത്രി പി. സി. വിഷ്ണുനാഥ്, കെ.സി.എൽ ടൂർണമെന്റ് ഐക്കണും ഇന്ത്യൻ താരവുമായ സഞ്ജു സാംസൺ എന്നിവർ പ്രത്യേക അതിഥികളായിരുന്നു. കേരളത്തിലെ യുവതാരങ്ങൾക്ക് ദേശീയതലത്തിൽ ശ്രദ്ധനേടാൻ കെ.സി.എൽ വലിയതോതിൽ സഹായിച്ചെന്ന് സഞ്ജു പറഞ്ഞു.
‘ഐ.പി.എൽ ടൂർണമെന്റിന്റെ പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുമ്പോൾ അവിടുത്തെ പരിശീലകരും മറ്റ് താരങ്ങളും കേരള താരങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷവും അഭിമാനവും തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പുഴ റിപ്പിൾസ് എന്നീ ആറ് ടീമുകളുടെയും ക്യാപ്റ്റൻമാർ, പരിശീലകർ, ടീം ഉടമകൾ എന്നിവർ വേദിയിലേക്ക് എത്തിയപ്പോൾ വലിയ ഹർഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. ചടങ്ങിനെത്തിയവർക്കായി പ്രത്യേക വെർച്വൽ റിയാലിറ്റി എക്സ്പീരിയൻസ് സോൺ ഒരുക്കിയിരുന്നു. ആഗസ്റ്റ് 20 ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കെ.സി.എൽ മൂന്നാം സീസണ് തുടക്കമാകുന്നത്. 17 ദിവസം നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ സെപ്റ്റംബർ അഞ്ചിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.