തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസന്റെ താരലേലം ശനിയാഴ്ച രാവിലെ 10 ന് ഹയാത്ത് റീജന്‍സിയില്‍ നടക്കും. മുതിർന്ന ഐ.പി.എൽ - രഞ്ജി താരങ്ങൾ മുതൽ, കൗമാര പ്രതിഭകൾ വരെ ഉൾപ്പെടുന്നവരാണ് ലേല പട്ടികയിലുള്ളത്. കളിക്കളത്തിലെ വീറുംവാശിയും തന്ത്രങ്ങളും മറുതന്ത്രങ്ങളും നാടകീയതയുമെല്ലാം ലേലത്തിലും പ്രതീക്ഷിക്കാം. ആദ്യ സീസണിൽ കളിക്കാതിരുന്ന സഞ്ജു സാംസൺ പങ്കെടുക്കുന്നെന്നതാണ് രണ്ടാം സീസന്റെ പ്രധാന പ്രത്യേകത. ഐ.പി.എൽ താരലേലം നിയന്ത്രിച്ചിട്ടുള്ള ചാരു ശർമയാണ് ലേല നടപടികൾക്ക് നേതൃത്വം നൽകുന്നത്. സംവിധായകനും ട്രിവാൻഡ്രം റോയൽസ് ടീമിന്റെ സഹ ഉടമയുമായ പ്രിയദര്ശന്, ജോസ് പട്ടാര, ഏരീസ് കൊല്ലം സെയിലേഴ്സ് ടീമുടമ സോഹന്‍ റോയ് എന്നിവര്‍ താരലേലത്തില്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖരാണ്. വൈകീട്ട് ആറിന് ലേലനടപടികള്‍ അവസാനിക്കും.
എ, ബി, സി കാറ്റഗറികളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ 15 താരങ്ങളെ വിവിധ ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുണ്ട്. ശേഷിക്കുന്ന 155 താരങ്ങൾക്കായാണ് ശനിയാഴ്ചത്തെ ലേലം. ബി.സി.സി.ഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐ.പി.എൽ എന്നിവയിൽ കളിച്ചിട്ടുള്ള താരങ്ങളെയാണ് എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന തുക. അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽ കളിച്ച ബി കാറ്റഗറിയിലെ താരങ്ങൾക്ക് ഒരു ലക്ഷവും ജില്ല, സോണൽ, കെ.സി.എ ടൂർണമെന്റുകളിൽ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങൾക്ക് 75000 വുമാണ് അടിസ്ഥാന തുക. 42കാരനായ സീനിയർ താരം കെ.ജെ. രാകേഷ് മുതൽ 16 വയസ്സുകാരനായ ജൈവിൻ ജാക്സൻ വരെയുള്ളവരാണ് ലേല പട്ടികയിലുള്ളത്.
ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവാക്കാനാവുക. കുറഞ്ഞത് 16ഉം പരമാവധി 20 താരങ്ങളെ വരെയും ഉൾപ്പെടുത്താം. റിട്ടെൻഷനിലൂടെ താരങ്ങളെ നിലനിർത്തിയ ടീമുകൾക്ക് ശേഷിക്കുന്ന തുകക്കുള്ള താരങ്ങളെ മാത്രമാണ് സ്വന്തമാക്കാനാവുക. സച്ചിൻ ബേബിയടക്കം നാല് താരങ്ങളെ നിലനിർത്തിയ ഏരീസ് കൊല്ലം സെയിലേഴ്സ് ഇവർക്കായി പതിനഞ്ചര ലക്ഷം രൂപ ഇതിനകം ചെലവാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന 34.50 ലക്ഷം രൂപ മാത്രമാണ് അവർക്ക് ഇനി ചെലവഴിക്കാനാകുക. ആലപ്പി റിപ്പിൾസും കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും 17.75 ലക്ഷം മുടക്കി നാല് താരങ്ങളെയും ട്രിവാൻഡ്രം റോയൽസ് നാലര ലക്ഷത്തിന് മൂന്ന് താരങ്ങളെയും നിലനിർത്തിയിട്ടുണ്ട്. എന്നാൽ, കൊച്ചിയും തൃശൂരും ആരെയും നിലനിർത്താത്തതിനാൽ മുഴുവൻ തുകയും അവർക്കൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.