'എനിക്കാണിത്'; ഇന്ത്യ-ന്യൂസിലൻഡ് പരമ്പരക്കു മുമ്പേ ട്രോഫി 'കൈക്കലാക്കി' കെയിൻ വില്യംസൺ! -വിഡിയോ

വെല്ലിങ്ടൺ: കാറ്റിൽ വീണുപോകുമായിരുന്ന ട്രോഫി ഒരു ഹീറോയെപോലെ കൈപ്പിടിയിലൊതുക്കുന്ന ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസണിന്‍റെ വിഡിയോ വൈറൽ. ട്വന്‍റി20 പരമ്പര വിജയിക്കുള്ള ട്രോഫിയുമായി ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യയും ന്യൂസിലൻഡിന്റെ കെയിൻ വില്യംസണും ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെയാണ് സംഭവം. ഈമാസം 18 മുതൽ 30 വരെ മൂന്ന് വീതം ട്വന്‍റി20യും ഏകദിനവുമാണ് ഇന്ത്യ കീവീസിനെതിരെ കളിക്കുന്നത്. വെള്ളിയാഴ്ച വെല്ലിങ്ടണിലാണ് ആദ്യ ട്വന്‍റി20 മത്സരം.

ഇരു ടീമിന്‍റെ നായകന്മാരും ട്രോഫിയുമായി പോസ് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കാറ്റു വീശി. പിന്നാലെ ട്രോഫി വെച്ച ബോർഡ് ഇളകി, ട്രോഫി നിലത്തേക്ക് വീഴുന്നതിനിടെയാണ് വില്യംസൺ അത് വേഗത്തിൽ കൈപ്പിടിയിലൊതുക്കിയത്. പിന്നാലെ 'എനിക്കാണീ ട്രോഫി' എന്ന് ചിരിച്ചുകൊണ്ട് വില്യംസൺ പറയുന്നത് വിഡിയോയിൽ കാണാം. ഈസമയം ഹർദിക് പാണ്ഡ്യയും ചിരിക്കുന്നുണ്ട്. മത്സരത്തില്‍ മഴ വില്ലനായേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

2020നുശേഷം ആദ്യമായാണ് ഇന്ത്യ ന്യൂസിലൻഡിൽ പരമ്പര കളിക്കുന്നത്. അന്ന് ഇന്ത്യ കളിച്ച അഞ്ച് ട്വന്‍റി20 മത്സരങ്ങളിലും ജയിച്ചു. എന്നാൽ, ഏകദിനത്തിലും ടെസ്റ്റിലും ടീമിന് കനത്ത തിരിച്ചടി നേരിട്ടു. കളിച്ച മൂന്നു ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ആതിഥേയർക്കു മുമ്പിൽ അടിയറവെച്ചു. ഈമാസം 20, 22 തീയതികളിലാണ് ബാക്കിയുള്ള ട്വന്‍റി20 മത്സരങ്ങൾ. 25, 27, 30 തീയതികളിലാണ് ഏകദിനം.

പരമ്പരക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ പരിശീലന സെഷന്‍ പൂര്‍ത്തിയാക്കി. സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങി. ഇന്ത്യന്‍ ടീം മൂന്ന് മണിക്കൂറോളമാണ് പരിശീലനം നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ബി.സി.സി.ഐ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ അസാന്നിധ്യത്തില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ്. ലക്ഷ്‍മണാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്.

Tags:    
News Summary - Kane Williamson heroically saves trophy from falling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.