ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ജോഷ് ഹെയ്സൽവുഡ് തിരിച്ചെത്തും. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ മോശമല്ലാത്ത പ്രകടനം പുറത്തെടുത്ത താരം പരിക്ക് മൂലം അഡ്ലെയ്ഡിൽ വെച്ച് നടന്ന രണ്ടാം മത്സരത്തിൽ കളിച്ചിരുന്നില്ല. സ്കോട്ട് ബോളണ്ടാണ് താരത്തിന് പകരം ടീമിലെത്തിയത്.
ഗാബ്ബയിൽ വെച്ച് നടക്കുന്ന മൂന്നാം മത്സരത്തിൽ ഹെയ്സൽവുഡ് ടീമിലേക്ക് തിരിച്ചെത്തുന്നത് ആസ്ട്രേലിയക്ക് കരുത്തേകും. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം രണ്ടാം മത്സരത്തിൽ വിജയവഴിയിലെത്തിയ കങ്കാരുപ്പടക്ക് ഇതോടെ ആത്മവിശ്വാസം ഇരട്ടിയാകും. സ്കോട്ട് ബോളണ്ട് തന്നെയായിരിക്കും ടീമിൽ നിന്നും പുറത്തുപോകുന്ന താരം. മൂന്നാം മത്സരത്തിൽ ഹെയ്സൽവുഡ് കളിക്കുമെന്ന് നായകൻ പാറ്റ് കമ്മിൻസ് പറഞ്ഞു.
'ജോഷ് തിരിച്ചുവരും.. പരിക്കിന്‍റെ ആശങ്കകൾ മാറി, ഇന്നലെ അവൻ നന്നായി ബോൾ ചെയ്തു. അതിന് മുമ്പുള്ള ദിവസം അഡ്ലെയ്ഡിൽ വെച്ചും നന്നായി പന്ത് എറിഞ്ഞു. അവനും മെഡിക്കൽ ടീമും നല്ല ആത്മവിശ്വാസത്തിലാണ്,' കമ്മിൻസ് മാധ്യമങ്ങളോട് പറഞ്ഞു. ബോളണ്ടിനെ പുറത്തിരുത്തുന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാബ്ബയിലെ മൂന്നാം മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. അഞ്ച് മത്സര പരമ്പരയിൽ രണ്ട് കളി കഴിഞ്ഞപ്പോൾ ഒരു മത്സരം വീതം ഇരു ടീമുകളും വിജയിച്ചുട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യം വെച്ചിറങ്ങുന്ന ഇരു ടീമുകൾക്കും മൂന്ന് മത്സരത്തിൽ നിന്നും പോസീറ്റീവ് റിസൾട്ട് ആവശ്യമാണ്.
മൂന്നാം മത്സരത്തിനുള്ള സാധ്യത ആസ്ട്രേലിയൻ ഇലവൻ: ഉസ്മാൻ ഖവാജ, നഥാൻ മക്സ്വീനി, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ് ( ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, നഥാൻ ലിയോൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.