ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കില്ലെന്ന് റിപ്പോർട്ട്. പരമ്പരയിലെ ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യക്ക് കനത്ത തിരിച്ചടിയാണിത്.
ജൂലൈ രണ്ടു മുതൽ എഡ്ജ്ബാസ്റ്റണിലെ ബർമിങ്ഹാം സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്. ലീഡ്സ് ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ബുംറയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് ആറു റൺസിന്‍റെ ലീഡ് നേടികൊടുത്തത്. ടീമിലെ മറ്റു പേസർമാർക്കൊന്നും ഒന്നാം ടെസ്റ്റിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. മുഹമ്മദ് സിറാജ് വിക്കറ്റെടുക്കാൻ മടിക്കുമ്പോൾ, പ്രസിദ്ധ് കൃഷ്ണയും ഷാർദുൽ ഠാക്കൂറും വലിയ രീതിയിൽ റൺസ് വിട്ടുകൊടുക്കുകയാണ്.
സ്പിന്നർ രവീന്ദ്ര ജദേജക്ക് കാര്യമായ ചലനം ഉണ്ടാക്കാനായില്ല. വർക്ക് ലോഡ് മാനേജ്മെന്‍റിന്‍റെ ഭാഗമായാണ് ബുംറക്ക് രണ്ടാം ടെസ്റ്റിൽ വിശ്രമം നൽകുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ബുംറയെ പരമ്പരയിലെ എല്ലാ ടെസ്റ്റുകളിലും കളിപ്പിക്കേണ്ടെന്ന് മാനേജ്മെന്‍റ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഒന്നാം ടെസ്റ്റിലെ രണ്ടു ഇന്നിങ്സുകളിലുമായി 43.4 ഓവർ എറിഞ്ഞ ബുംറ 140 റൺസ് വഴങ്ങിയാണ് അഞ്ചു വിക്കറ്റെടുത്തത്. 3.20 ആണ് എക്കണോമി. എന്നാൽ, സിറാജും പ്രസിദ്ധ് കൃഷ്ണയും ഠാക്കൂറും കൂടി 92 ഓവറിൽ 482 റൺസാണ് വിട്ടുകൊടുത്തത്. മൂവരും നേടിയത് ഒമ്പത് വിക്കറ്റും. ജൂലൈ പത്തിന് ലോഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ബുംറ ടീമിനൊപ്പം ചേരും. ആകാശ് ദീപ്, അർഷ് ദീപ് എന്നിവരാണ് സ്ക്വാഡിലെ മറ്റു സ്പെഷലിസ്റ്റ് പേസർമാർ. മീഡിയം പേസ് ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും സ്ക്വാഡിലുണ്ട്. ബുംറക്കു പകരം അർഷ്ദീപ് കളിക്കാനാണ് സാധ്യത.
എന്നാൽ, താരം ഇതുവരെ ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരം പോലും കളിച്ചിട്ടില്ല. ബുംറക്ക് രണ്ടാം ടെസ്റ്റിൽ വിശ്രമം നൽകുന്നത് വലിയ തിരിച്ചടിയാകുമെന്ന് മുൻതാരങ്ങളായ രവി ശാസ്ത്രി, സുനിൽ ഗവാസ്കർ എന്നിവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒന്നാം ടെസ്റ്റിൽ ഇരു ഇന്നിങ്സിലുമായി അഞ്ച് സെഞ്ച്വറികളടക്കം 835 റൺസ് നേടിയിട്ടും ഇംഗ്ലണ്ടിനോട് അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. അവസാന ദിനം ജയിക്കാൻ 350 റൺസ് കൂടി വേണ്ടിയിരുന്ന ആതിഥേയർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കളിയുടെ അവസാന മണിക്കൂറിൽ ലക്ഷ്യത്തിലെത്തി.
ഇന്ത്യ ഉയർത്തിയ 371 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിനായി സെഞ്ച്വറിയുമായി ബെൻ ഡക്കറ്റ് (149) തിളങ്ങി. ഇന്ത്യക്കായി രണ്ട് തുടർ വിക്കറ്റുമായി ഷാർദുൽ താക്കൂർ പ്രതീക്ഷ നൽകിയെങ്കിലും ഇംഗ്ലണ്ട് ബാറ്റർമാർ പതറിയില്ല. ഇടക്ക് പെയ്ത മഴയും ഇന്ത്യയുടെ രക്ഷക്കെത്തിയില്ല. സ്കോർ: ഇന്ത്യ 471, 364. ഇംഗ്ലണ്ട് 465, അഞ്ചിന് 373.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.